ആലപ്പുഴ നഗരസഭ ആദ്യ കൗണ്‍സില്‍ യോഗത്തില്‍ തന്നെ ചക്കളത്തിപോരാട്ടം

Monday 23 November 2015 8:19 pm IST

ആലപ്പുഴ: നഗരസഭയുടെ പുതിയ കൗണ്‍സിലിന്റെ പ്രഥമയോഗത്തില്‍ എല്‍ഡിഎഫിന്റെ പ്രതിഷേധവും ഇറങ്ങിപ്പോക്കും. നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടര്‍ന്നാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ സഭ ബഹിഷ്‌കരിച്ചത്. എല്‍ഡിഎഫ് നടപടി ചര്‍ച്ചകള്‍ കൂടാതെ അജണ്ടകള്‍ പാസാക്കാന്‍ ഭരണപക്ഷത്തിന് സഹായകമായി. ചെയര്‍മാനെതിരെ ഒരു സ്ത്രീ നല്‍കിയ പീഢനക്കേസ് ചര്‍ച്ചയാവാതിരിക്കാന്‍ ഒരു വിഭാഗം ആസൂത്രിതമായി നടത്തിയ നാടകമായിരുന്നു ഇതെന്നും ആക്ഷേപമുണ്ട്. ഒന്നാമത്തെ അജണ്ട പരിഗണിക്കാതെ നഗരസഭയില്‍ നടപ്പാക്കാനൊരുങ്ങുന്ന പ്രധാനമന്ത്രി ആവാസ് യോജന അനുസരിച്ചുള്ള ഭവന പദ്ധതിയെക്കുറിച്ച് നോഡല്‍ ഏജന്‍സി ഉദ്യോഗസ്ഥരെ സംസാരിപ്പിക്കുന്നതു സംബന്ധിച്ച വിഷയത്തിലാണ് ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയത്. കൗണ്‍സില്‍ അജണ്ട പ്രകാരമാണ് നടക്കേണ്ടതെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുന്‍കാലങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ നഗരസഭയില്‍ അജണ്ടയില്‍ നിന്നുമാറി നടത്തിയ കീഴ് വഴക്കമുണ്ടെന്നായിരുന്നു ഭരണപക്ഷത്തിന്റെ വാദം. തുടര്‍ന്നു ഇരുപക്ഷവും സമവായത്തിലെത്തി ഉദ്യോഗസ്ഥരെ പദ്ധതി സംബന്ധിച്ചു വിശദീകരണം നടത്താന്‍ അനുവദിച്ചു. ഇതിനുശേഷം നഗരസഭയിലെ വാര്‍ഡുകളില്‍ നടപ്പാക്കുന്ന പുതിയ തെരുവ് വിളക്ക് പദ്ധതി സംബന്ധിച്ച ഒന്നാമത്തെ അജണ്ട ചര്‍ച്ചയ്‌ക്കെടുത്തു. അജണ്ട വായിച്ചപ്പോഴേക്കും പ്രതിപക്ഷം തടസവുമായി എഴുന്നേറ്റു. കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് നഗരത്തിലെ വാര്‍ഡുകളില്‍ എല്‍ഇഡി തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയും ഇതിനായി 3.75കോടി രൂപ കെഎസ്ഇബിയില്‍ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പദ്ധതി അട്ടിമറിക്കാനാണ് അന്നത്തെ പ്രതിപക്ഷമായ യുഡിഎഫ് ശ്രമിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി. ഒന്നാമത്തെ അജണ്ട പാസാക്കുന്നതായും വിയോജിപ്പുള്ളവര്‍ക്കു രേഖപ്പെടുത്താമെന്നും ചെയര്‍മാന്‍ പറഞ്ഞതോടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സിലിന്റെ നടുത്തളത്തിലിറങ്ങി. രണ്ടാമത്തെ അജണ്ട വായിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്റെ കൈയില്‍ നിന്നും പ്രതിപക്ഷ കൗണ്‍സിലര്‍ പേപ്പര്‍ തട്ടിയെടുത്ത് കീറിയെറിഞ്ഞു. ബഹളത്തിനിടയില്‍ ബാക്കിയുള്ള 24 അജണ്ടകളും പാസാക്കിയതായി ചെയര്‍മാന്‍ പ്രഖ്യാപിക്കുകയും സഭ പിരിച്ചുവിടുകയുമായിരുന്നു. ചെയര്‍മാന്റെ നടപടിയില്‍ പ്രതിഷേധിച്ചു കൗണ്‍സില്‍ ഹാളില്‍ മുദ്രാവാക്യം മുഴക്കിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിന്നീട് ചെയര്‍മാന്റെ മുറിക്കുമുന്നില്‍ ഉപരോധം നടത്തി. പിഡിപി അംഗങ്ങളും എല്‍ഡിഎഫിനൊപ്പം പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നിരുന്നു. അതേ സമയം ബിജെപി അംഗങ്ങള്‍ ചെയര്‍മാന്റെ നടപടിയില്‍ പ്രതിഷേധിച്ചെങ്കിലും ഉപരോധം അടക്കമുള്ള കാര്യങ്ങളില്‍ പങ്കെടുത്തില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.