മൈനാകവും കൂട്ടുകാരും

Saturday 17 December 2011 6:50 pm IST

പണ്ട്‌ പണ്ട്‌ പര്‍വതങ്ങള്‍ക്കെല്ലാം ചിറകുണ്ടായിരുന്നു. അവ ആകാശത്ത്‌ തലങ്ങും വിലങ്ങും പറന്നു കളിച്ചു. ക്ഷീണിച്ചപ്പോള്‍ മനുഷ്യന്റെ തലയിലേക്ക്‌ താണിറങ്ങി. ജനത്തിന്‌ നിവൃത്തി കെട്ടു. മഹര്‍ഷിമാര്‍ ദേവേന്ദ്രനെ അഭയം പ്രാപിച്ചു. ദേവേന്ദ്രന്‍ വജ്രായുധം ചുഴറ്റി പര്‍വതങ്ങളെ ആഞ്ഞുവെട്ടി. അവയുടെ ചിറകുകള്‍ തെറിച്ചുവീണു. പക്ഷേ ഒരാള്‍മാത്രം രക്ഷപ്പെട്ടു. ഹിമവാന്റെ മകന്‍ മൈനാകം. ചങ്ങാതിയായ വായുഭഗവാനാണ്‌ പണി പറ്റിച്ചത്‌. അദ്ദേഹം മൈനാകത്തെ മഹാസമുദ്രത്തിനടിയില്‍ ഒളിപ്പിച്ചു. പിന്നെ ഒരിക്കലും മൈനാകം പുറത്തേക്ക്‌ വന്നിട്ടില്ല-ചിറക്‌ വെട്ടുമെന്ന ഭയം മൂലം.
ചിറക്‌ മുറിഞ്ഞ പര്‍വതങ്ങള്‍ അനങ്ങാനാവാതെ മണ്ണില്‍ കിടന്നു. സ്വയം രക്ഷനേടാനുള്ള അവയുടെ കഴിവ്‌ നഷ്ടപ്പെട്ടു. തങ്ങളെ അഭയം പ്രാപിച്ച സസ്യ-മൃഗാദികളെ രക്ഷിക്കുവാനുള്ള ശക്തിയും കൈമോശം വന്നു. വേട്ടക്കാരും മരംവെട്ടുകാരും പര്‍വതപ്രാന്തങ്ങളില്‍ കയറിയിറങ്ങി. മണ്ണ്‌ മാഫിയ കുന്നിടിച്ച്‌ ലോറികളില്‍ മണ്ണ്‌ കടത്തി. ഖാനി മാഫിയ പര്‍വതങ്ങളുടെ മാറ്‌ പിളര്‍ന്നു. വെടിമരുന്നിന്റെ ഗന്ധം മലമുകളില്‍ പരന്നു. തപോവനങ്ങളുടെ നന്മ കുടിയേറ്റക്കാരുടെ പട്ടയങ്ങള്‍ തിന്നൊടുക്കി. പാവം പര്‍വതങ്ങള്‍!
ജീവജാലങ്ങളെ രക്ഷിക്കുകയായിരുന്നു പര്‍വതങ്ങളുടെ ധര്‍മം. പക്ഷേ പര്‍വതങ്ങളെ ആര്‌ രക്ഷിക്കും? അതിലേക്ക്‌ ലോകശ്രദ്ധ ക്ഷണിക്കാനാണ്‌ ഐക്യരാഷ്ട്രസഭ ഒരു ദിവസം തന്നെ മാറ്റിവെച്ചത്‌. അന്തര്‍ദ്ദേശീയ പര്‍വതദിനം. എല്ലാവര്‍ഷവും ഡിസംബര്‍ 11 ന്‌ ഈ ദിനം ആചരിക്കുന്നതിലൂടെ പര്‍വതങ്ങളിലേക്ക്‌ യുഎന്‍ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. 2003 ലാണ്‌ ദിനാചരണത്തിന്റെ തുടക്കം.
പര്‍വതങ്ങളുടേയും പര്‍വത വാസികളുടേയും സംരക്ഷണവും സ്ഥായി വികസനവും ലക്ഷ്യം. മലിനീകരണം തടയുന്നതും ജൈവ വൈവിധ്യവും സംരക്ഷിക്കുന്നതും മറ്റൊരു ലക്ഷ്യം.
ചരിത്രാതീതകാലം മുതല്‍ നാം ഭാരതീയര്‍ മലകളെയും വനങ്ങളെയും ആദരിച്ചിരുന്നു. ഹിമവാന്‍ നമുക്ക്‌ ദേവനാണ്‌. മേഘങ്ങളെ തടഞ്ഞ്‌ മഴ പെയ്യിക്കുന്ന ഗോവര്‍ധന പര്‍വതത്തെ പൂജിക്കണമെന്നാവശ്യപ്പെട്ടത്‌ ഭഗവാന്‍ ശ്രീകൃഷ്ണനാണ്‌. ലോകനന്മക്കായി ഭാരതത്തിന്റെ തെക്കോട്ട്‌ ഗമിച്ച അഗസ്ത്യ മഹര്‍ഷിക്ക്‌ തലകുനിച്ച്‌ വഴിയൊരുക്കിയത്‌ വിന്ധ്യപര്‍വതം. ദേവലോകത്തുനിന്ന്‌ ഗംഗാനദി പതിച്ചപ്പോള്‍ ശിവന്റെ അളകങ്ങളായി അതിന്റെ ശക്തിയെ കുറച്ചത്‌ ഹിമവല്‍ സാനുക്കളിലെ ദേവദാരു മരക്കാടുകള്‍. അശോക ചക്രവര്‍ത്തിയുടെ അഞ്ചാം സ്തൂപത്തില്‍ കൊത്തിയ വിളംബരം മറ്റൊരു സാക്ഷ്യം-കൊല്ലാന്‍ പാടില്ലാത്ത മൃഗങ്ങളുടേയും പക്ഷികളുടേയും പട്ടികയാണത്‌. വനത്തില്‍ തീയിടരുതെന്ന നിര്‍ദ്ദേശവുമുണ്ടതില്‍!
ആരോഗ്യമുള്ള വന്‍ മലകളും ചേതനയുറ്റ വനങ്ങളും നമ്മുടെ അമൂല്യ സമ്പത്താണ്‌. ശാന്ത സുന്ദരമായ മാമലകളുടെ മടിത്തട്ടിലാണ്‌ നമ്മുടെ ഇതിഹാസങ്ങള്‍ ജനിച്ചത്‌; ശാസ്ത്ര തത്വങ്ങള്‍ പിറന്നത്‌; സംസ്ക്കാരം രൂപപ്പെട്ടത്‌. ലോക ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക്‌ കുടിനീര്‍ നല്‍കുന്നത്‌ വന്‍മലകളില്‍ നിന്നുറവയെടുക്കുന്ന നീര്‍മറികളും നദികളുമാണ്‌. മലകള്‍ ഔഷധങ്ങളുടെ കലവറയാണ്‌. പ്രാണവായുവിന്റെ ഈറ്റില്ലമാണ്‌. ജൈവവൈവിധ്യത്തിന്റെ അക്ഷയ പാത്രമാണ്‌. സര്‍വോപരി വികസ്വര-അവികസിത രാജ്യങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന 'ഹരിത-സമ്പദ്‌ വ്യവസ്ഥ'യുടെ അടിവേരുമാണ്‌. പര്‍വതവാസികളായ ഗിരിജനങ്ങളെയും ആദിവാസികളെയും ഊട്ടിയുറക്കുന്നതും മാമലകളുടെ ധര്‍മമത്രെ-ഒപ്പം സമസ്ത മനുഷ്യര്‍ക്കും മികച്ച കാലാവസ്ഥയും ജീവിതവും ഒരുക്കിക്കൊടുക്കുന്നതും...
പര്‍വതങ്ങളുടെ ശക്തി ഇടതൂര്‍ന്ന വനങ്ങളാണ്‌. വനങ്ങളില്‍ത്തന്നെയുണ്ട്‌ പല വിഭാഗങ്ങള്‍. കേരളത്തില്‍ത്തന്നെ പര്‍വത ചോല വനങ്ങള്‍, നിത്യഹരിതവനങ്ങള്‍, അര്‍ദ്ധനിത്യഹരിത വനങ്ങള്‍, നനവാര്‍ന്ന ഇലപൊഴിയും വനങ്ങള്‍, വരണ്ട ഇലപൊഴിയും വനങ്ങള്‍, പുല്‍മേട്‌ എന്നിങ്ങനെയുള്ള വനവര്‍ഗങ്ങളെ കാണാം. ഇതിനുംപുറമെയാണ്‌ ചതുപ്പുകള്‍, ചൂരല്‍ക്കാടുകള്‍, മുളങ്കാടുകള്‍, നദീതടവനങ്ങള്‍ തുടങ്ങിയവ. അവയോരോന്നും ജീവിക്കുന്നതാവട്ടെ മലയുടെ ഉയരവ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തിയും. ഇവയിലേതിനെങ്കിലുമുണ്ടാകുന്ന ഭീഷണി പര്‍വതത്തിലെ നേര്‍ത്ത ജൈവ വ്യവസ്ഥയെ തകിടം മറിക്കും. കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കും.
മണ്ണെടുപ്പും ഖാനനവും മലകള്‍ നേരിടുന്ന വന്‍ ഭീഷണികള്‍ തന്നെ. അതിനൊപ്പം അശാസ്ത്രീയമായ മലംകൃഷി കൂടി ചേരുമ്പോള്‍ അതിശക്തമായ മണ്ണൊലിപ്പ്‌ ഫലം. പര്‍വതങ്ങളിലെ മേല്‍മണ്ണ്‌ കുത്തിയൊലിച്ചകലുമ്പോള്‍ ജലത്തെ പിടിച്ചുനിറുത്താനുള്ള മലകളുടെ ശേഷി നഷ്ടപ്പെടുന്നു. താഴ്‌വാരത്തിലെത്തുന്ന മണ്ണ്‌ നീര്‍മറികളും മറ്റ്‌ ജലസ്രോതസുകളും മൂടിക്കളയുന്നു. ഈ പ്രക്രിയക്കിടയില്‍ പല സസ്യവര്‍ഗങ്ങളും അന്യംനിന്നുപോവുകയും ചെയ്യും. പര്‍വത പ്രദേശങ്ങളിലെ അനിയന്ത്രിതമായ വാഹനഗതാഗതവും പുകതുപ്പുന്ന ചൂളകളും തടാകങ്ങളിലെ മത്സ്യബന്ധനവുമൊക്കെ പ്രകൃതിയില്‍ ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ വളരെയാണ്‌. കള്ളക്കടത്തും തീവ്രവാദവും ഭീകരപ്രവര്‍ത്തനവുമെല്ലാം പര്‍വതപ്രകൃതിയെ അനുനിമിഷം നശിപ്പിക്കുകയാണ്‌. അപൂര്‍വ വനവിഭവങ്ങളുടെ അപഹരണവും അനധികൃത ഖാനനവും അതിക്രൂരമായ വേട്ടയുമൊക്കെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഭീകരപ്രവര്‍ത്തനത്തിലുള്ള പങ്കും വിസ്മരിക്കാനാവില്ല. വിനോദ സഞ്ചാരമാണ്‌ മറ്റൊരു വിന. ഉത്തരവാദിത്തമില്ലാത്ത ടൂറിസം പര്‍വതങ്ങളിലെ സൂക്ഷ്മ കാലാവസ്ഥ തകിടം മറിക്കും. മലകളെ മാലിന്യക്കുന്നാക്കി മാറ്റുന്നത്‌ ഇത്തരം ഉത്തരവാദിത്തമില്ലാത്ത ടൂറിസം ഏര്‍പ്പാടുകളത്രെ. നേപ്പാള്‍ എന്ന കൊച്ചു രാജ്യത്ത്‌ പ്രതിവര്‍ഷം 70000 പേരാണ്‌ പര്‍വതാരോഹണത്തിനെത്തുന്നതെന്ന്‌ കണക്കുകള്‍ പറയുന്നു.അവര്‍ ഉപേക്ഷിച്ചുപോകുന്നത്‌ 16 ടണ്‍ മാലിന്യവും. പര്‍വതാരോഹണ ഉപകരണങ്ങള്‍ മുതല്‍ പാറയില്‍ അടിച്ചുകയറ്റുന്ന ആണികള്‍വരെ അതില്‍ ഉള്‍പ്പെടുന്നു. ഏതാണ്ട്‌ 1600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പശ്ചിമഘട്ടത്തിലുടനീളം മനുഷ്യന്റെ അക്രമങ്ങള്‍ നടക്കുകയാണ്‌. ഹിമാചലത്തിലെ ഡൂണ്‍ താഴ്‌വരയില്‍ ചുണ്ണാമ്പു കല്ല്‌ ഖാനനം മലകളിലെ മേല്‍മണ്ണ്‌ മുഴുവന്‍ തൂത്തുമാറ്റിയിരിക്കുന്നു. വനങ്ങളിലുണ്ടാകുന്ന കാട്ടുതീയാണ്‌ പര്‍വതത്തിലെ ജൈവവ്യവസ്ഥ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഉണങ്ങിയ വിറകിന്‌ വേണ്ടിയോ തെളിഞ്ഞ കൃഷി ഭൂമിക്കുവേണ്ടിയോ മനുഷ്യനുണ്ടാക്കുന്നതാവാമത്‌. അതുമല്ലെങ്കില്‍ വിനോദയാത്രികരുടെ വിനോദമാവും. വരള്‍ച്ചയും കാട്ടുതീയുടെ കാരണമാവാം.പക്ഷെ കാട്ടുതീ തിന്നുമുടിക്കുന്നത്‌ പര്‍വതത്തിലെ ജീവസമ്പത്തു മാത്രമല്ല. 1998 ല്‍ ബ്രസീലിലുണ്ടായ കാട്ടു തീ മൂന്നുലക്ഷം പേരെയാണ്‌ ഭവനരഹിതരാക്കിയത്‌. പര്‍വതവാസികളുടെ പരമ്പരാഗത കൃഷി രീതികളും തനത്‌ വിത്തിനങ്ങളും നശിക്കുന്നതിനും കാട്ടു തീ വഴിയൊരുക്കുന്നു. പര്‍വതങ്ങള്‍ക്ക്‌ എവിടെയൊക്കെ ഹാനി സംഭവിച്ചുവോ അവിടെയെല്ലാം പ്രകൃതി ശക്തമായി തിരിച്ചടി നല്‍കിയിട്ടുണ്ടെന്നത്‌ നാം ഓര്‍ക്കണം. പര്‍വത വ്യവസ്ഥയുടെ തകര്‍ച്ച കടുത്ത വരള്‍ച്ച, ക്ഷാമം, ജലദൗര്‍ലഭ്യം, ഇന്ധനക്ഷാമം, വൈദ്യുതി ക്ഷാമം, ഉരുള്‍പൊട്ടല്‍, ഭൂചലനം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളാണ്‌ സമ്മാനിക്കുക. അതുകൊണ്ടുതന്നെ അവ ഭദ്രമായി നിലനില്‍ക്കേണ്ടത്‌ മനുഷ്യരാശിയുടെ ആവശ്യമാണ്‌. അത്‌ മനസ്സിലാക്കേണ്ടത്‌ നാം മനുഷ്യരാണ്‌. കാരണം പര്‍വതങ്ങള്‍ക്ക്‌ രക്ഷപ്പെടാന്‍ ചിറകുകളില്ല. ശബ്ദിക്കാന്‍ നാവുകളില്ല. സ്വന്തം സുരക്ഷ അവര്‍ക്കജ്ഞാതമാണ്‌. ജീവി വര്‍ഗത്തിന്റെ നന്മയ്ക്കുവേണ്ടി ജീവിക്കാന്‍ മാത്രമേ അവര്‍ക്കറിയൂ. അവയുടെ മൂകഭാഷ അറിയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ്‌ അന്തര്‍ദ്ദേശീയ പര്‍വത ദിനത്തിന്റെ ലക്ഷ്യം. ഡോ. അനില്‍കുമാര്‍ വടവാതൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.