90-ാം വര്‍ഷം വീണ്ടുമൊരു മുന്നേറ്റം

Monday 23 November 2015 9:27 pm IST

വൈക്കം ക്ഷേത്രത്തില്‍ അഷ്ടമി ഉത്സവത്തിനു കൊടികയറിയിരിക്കെയാണ് വടക്ക് കാസര്‍കോട്ട് മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍നിന്ന് സമത്വ മുന്നേറ്റ യാത്ര തുടങ്ങിയിരിക്കുന്നത്. ഡോ. അംബേദ്കര്‍ ജയന്തിയുടെ തലേന്ന്, ഡിസംബര്‍ ആറിന് തലസ്ഥാനത്ത് സമത്വ മുന്നേറ്റ യാത്ര സമാപിക്കും. ഭാരതത്തിലെമ്പാടും 2014-ല്‍ വീശിയ മാറ്റത്തിന്റെ കാറ്റ് കേരളത്തിലുമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ക്വലാലംപൂരില്‍ ചൂണ്ടിക്കാട്ടിയതുപോലെ മാറ്റത്തിന്റെ ചക്രം തിരിയാന്‍ തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും കാണാന്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റിനുള്ള പല തുടക്കളിലൊന്നാണ് ഇന്നലെ കാസര്‍കോട്ടുനിന്ന് ആരംഭിച്ചത്. വൈക്കത്ത് അഷ്ടമിയുല്‍സവത്തിന് മറ്റു ക്ഷേത്രങ്ങളിലെ ഉത്സവ സമ്പ്രദായങ്ങളില്‍നിന്ന് പ്രത്യേകതകളുണ്ട്. സമത്വ മുന്നേറ്റ യാത്രയ്ക്കുമുണ്ട് ചില പ്രത്യേകതകള്‍, പതിവു യാത്രകളില്‍നിന്നു വ്യത്യസ്തമാണിത്. താരകാസുരനെന്ന, സാമാന്യ ജനങ്ങള്‍ക്കും, ധര്‍മ്മ സംരക്ഷകര്‍ക്കും, ധാര്‍മ്മികോപാസകര്‍ക്കും ദേവന്മാര്‍ക്കും പോലും ശല്യക്കാരനായി, ലോക നിഗ്രഹശക്തിയായി വളര്‍ന്ന ദുഷ്ട ശക്തിയെ നിഗ്രഹിക്കാന്‍ ദേവസേനാപതിയായ സുബ്രഹ്മണ്യന്‍ യുദ്ധത്തിനിറങ്ങിയപ്പോള്‍ മകന്റെ വിജയത്തിന് ഉപവാസമനുഷ്ഠിച്ചു കാത്തിരുന്ന അച്ഛന്‍ ശ്രീ പരമേശ്വരനെ കാണാന്‍ വിജയശ്രീ ലാളിതനായ മകന്‍ എത്തുന്നതാണ് അഷ്ടമി ഉത്സവത്തിലെ മുഖ്യ ആഘോഷം. സമത്വ മുന്നേറ്റ യാത്രയ്ക്കുമുണ്ട് അങ്ങനെയൊരു ദൗത്യം. ധര്‍മ്മത്തിനും സംസ്‌കാരത്തിനും പിന്തുണയില്ലാതെ അധാര്‍മ്മികള്‍ വാഴുന്ന കാലത്ത് ഒരു പുതുശക്തിയുടെ മുന്നേറ്റം ഉണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ആ ശക്തിപ്പിറവിയുടെ തുടക്കമാണ് മധൂരില്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശതീര്‍ത്ഥ വിളക്കുകൊളുത്തി സമാരംഭിച്ചത്. എസ്എന്‍ഡിപി പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ നടത്തുന്ന കേരള യാത്രയെന്ന നിലയിലല്ല ഇതിനെ കാണേണ്ടത്. എന്തിലും ഏതിലും രാഷ്ട്രീയം മാത്രം കാണുകയും രാഷ്ട്രീയ നേട്ടം മാത്രം ലാക്കാക്കുകയും ചെയ്യുന്ന, ഏറെ രാഷ്ട്രീയ പ്രബുദ്ധത അവകാശപ്പെടുന്ന സംസ്ഥാനമായ കേരളത്തില്‍, സമത്വ മുന്നേറ്റ യാത്രയുടെ ആത്യന്തിക ഫലം പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നാണ് പൊതുവെ ചര്‍ച്ച. ആ പാര്‍ട്ടിയുടെ സാധ്യത എന്താകും, അത് ഏതു മുനണിയില്‍ പോകും, മൂന്നാം മുന്നണിയാകുമോ തുടങ്ങിയ പ്രശ്‌നങ്ങളാണ് അവര്‍ക്കു വിഷയം. എന്നാല്‍, അതിനപ്പുറം നിലവിലുള്ള സാമൂഹ്യക്രമത്തില്‍ സമത്വ മുന്നേറ്റ യാത്ര വരുത്താന്‍ പോകുന്ന പരിണാമമാണ് പ്രധാനം. അതറിയാത്തവരല്ല അതെക്കുറിച്ച് ചര്‍ച്ച ചെയ്യാത്തത്, അവര്‍ക്ക് അതു ചര്‍ച്ച ചെയ്യുന്നതിന്റെ അപകടം മനസിലാകുന്നതുകൊണ്ടാണ്. വൈക്കത്തഷ്ടമിയേയും സമത്വ മുന്നേറ്റ യാത്രയേയും തമ്മില്‍ ബന്ധിപ്പിച്ചു പറഞ്ഞത് എഴുതിത്തുടങ്ങാനുള്ള സൗകര്യത്തിനല്ല. മറിച്ച്, വൈക്കം സത്യഗ്രഹത്തിന് 90 വര്‍ഷം തികഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അന്നത്തെ ചില ചരിത്ര യാഥാര്‍ത്ഥ്യങ്ങളുടെ ആവര്‍ത്തനം ഇവിടെ ഇപ്പോള്‍ സംഭവിക്കുന്നതുകൊണ്ടുകൂടിയാണ്. സമത്വ മുന്നേറ്റ യാത്രയിലൂടെ, ഇടക്കാലത്ത് മുരടിച്ചുപോയി കൂമ്പടഞ്ഞുവെന്നു കരുതിയ ഒരു വന്മരം വീണ്ടും തളിര്‍ക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അതാണ് ഈ യാത്രയുടെ ആനുകാലിക സാമൂഹ്യ പ്രസക്തി. ബ്രിട്ടീഷ് ഭരണകാലത്ത് ഭാരതത്തിലെമ്പാടും അവര്‍ തുടര്‍ന്നിരുന്ന നയം മതപരമായി ഭിന്നിപ്പിക്കലായിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. അതേസമയം തന്നെ അവര്‍ ഏറ്റവും വലിയ ഹിന്ദുമതത്തെ അതിലെ അവാന്തര വിഭാഗങ്ങളെ വിഘടിപ്പിച്ചു നിര്‍ത്താന്‍ പരമാവധി പരിശ്രമങ്ങള്‍ നടത്തുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഇന്നിപ്പോള്‍ കേരളം ഭരിക്കുന്ന, മുമ്പു ഭരിച്ചിരുന്ന ജനാധിപത്യ രാജാക്കന്മാരും ചെയ്യുന്നത് അതുതന്നെയാണ്. അവര്‍ മതാടിസ്ഥാനത്തില്‍ ജനങ്ങളെ കാണുന്നു. ഹിന്ദുക്കളെ വിഘടിപ്പിച്ചു നിര്‍ത്തുന്നു. അപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്കു കൊടുക്കുന്ന നഷ്ടപരിഹാരത്തില്‍ പോലും മതവിവേചനം കാണിക്കുന്നു. സര്‍ക്കാര്‍’സ്ഥാപനങ്ങളിലെ ജോലിയ്ക്കുള്ള ഇന്റര്‍വ്യൂബോര്‍ഡില്‍ മുസ്ലിം അംഗം വേണമെന്ന് ഉത്തരവിറക്കുന്നു. പരിവര്‍ത്തിത ക്രിസ്താനികള്‍ക്ക് പ്രത്യേക കോര്‍പ്പറേഷന്‍ നടത്തുന്നു. ഹിന്ദു ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും കൂച്ചുവിങ്ങുകള്‍ സൃഷ്ടിക്കുന്നു. അഴിമതിയെന്ന ആഘോഷങ്ങ വേദികളില്‍ പക്ഷവും പ്രതിപക്ഷവും കൂട്ടുകച്ചവടം നടത്തുന്നു. അവിടെ അമ്പലപ്പറമ്പിലെ കുലുക്കിക്കുത്തുകാരുടെ തന്ത്രമാണവര്‍ക്ക്. എന്നാല്‍, ഹിന്ദുക്കളിലെ വിഘടിത ഘടനയുടെ വീഴ്ചകള്‍ തിരുത്തപ്പെടാന്‍ തുടങ്ങുന്നുവെന്നതാണ് ഈ സമത്വ മുന്നേറ്റ യാത്രയുടെ മികച്ച വശം. ഇത് നായര്‍-ഈഴവ ഐക്യത്തിനുമപ്പുറമുള്ള പ്രയത്‌നമാണ്, അതുകൊണ്ടുതന്നെ വിരുദ്ധശക്തികള്‍ക്ക് വിമര്‍ശിക്കാനേ കഴിയൂ, തകര്‍ക്കാനാവില്ലതന്നെ. വൈക്കത്തേക്കുതന്നെ പോകാം. വൈക്കം സത്യഗ്ര സമരം ഹിന്ദുസമൂഹത്തിലെ പരിഷ്‌കരണത്തിനുവേണ്ടിയുള്ള ആന്തരിക വിപ്ലവമായിരുന്നു. അവര്‍ണ്ണര്‍ക്കു വേണ്ടി, ഹിന്ദു സമൂഹത്തിലെ സവര്‍ണ്ണ വിഭാഗമാണ് സത്യഗ്രഹ സമരം നടത്തിയത്. ക്ഷേത്രപരിസരത്തെ വഴിയിലൂടെ നമ്പൂതിരിക്ക് നടക്കാമെങ്കിലും ഇതര ഹിന്ദുവിഭാഗങ്ങളില്‍ ചിലര്‍ക്ക് വിലക്കുണ്ടായിരുന്നു. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ നായയ്ക്ക് നടക്കാം, നായാടിക്കാവില്ല എന്ന സ്ഥിതി. അവരെ വിലക്കിക്കൊണ്ട് തീണ്ടല്‍പലകകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. എന്നാല്‍ കൗതുകകരം, നായാടിയും മതംമാറി ക്രിസ്ത്യാനിയോ മുസ്ലിമോ ആയാല്‍ ഒരു തീണ്ടല്‍ പ്രശ്‌നവുമില്ലായിരുന്നുവെന്നതാണ്. വിചിത്രമായ ഈ വിലക്കിന് പിന്നില്‍ ഹിന്ദുസമൂഹത്തിന്റെ ശൈഥില്യം മാത്രമായിരുന്നു അജണ്ട. ഇന്നും ഏതാണ്ട് ഇതൊക്കെത്തന്നെ സ്ഥിതി. വിലക്കിക്കൊണ്ടുള്ള പരസ്യ ബോര്‍ഡുകള്‍ ഇല്ലെന്നു മാത്രം. അത് അവഗണനയുടെ രൂപത്തിലോ ഇതര വിഭാഗത്തിനുള്ള അമിത പരിഗണനയുടെ രൂപത്തിലോ പ്രകടമാകുന്നു. അന്ന് അത് തിരിച്ചറിഞ്ഞ, മതപരിവര്‍ത്തനത്തിലൂടെയും മറ്റും ബലവത്തായിക്കൊണ്ടിരുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയ അജണ്ട തിരിച്ചറിഞ്ഞവരാണ് അവര്‍ണര്‍ക്കുവേണ്ടി സമരം നയിച്ചത്. ഇന്ന് സമാനമായ സ്ഥിതിവിശേഷത്തില്‍ കാര്യങ്ങള്‍ മനസിലാക്കിയവര്‍ ഒരിക്കല്‍ക്കൂടി ഒന്നിച്ചിരിക്കുന്നു. 1924-ല്‍ നടന്ന വൈക്കം സമരം ഒരു ദേശീയതയുടെ ഉയിര്‍പ്പായിരുന്നു. രാജ്യത്തിന്റെ സ്വത്വം തിരിച്ചറിഞ്ഞ്, അതു സംരക്ഷിയ്ക്കാന്‍ നടത്തിയ സമരം. 1936-ല്‍ ക്ഷേത്ര പ്രവേശന വിളംബരംകുടി ആയപ്പോള്‍ ആ സമരത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഉദ്ദേശ്യം ലക്ഷ്യം കണ്ടു. ജാതിയും മതവും പിന്നാക്കാവസ്ഥയും പറഞ്ഞ് തമ്മില്‍ കലഹിച്ചു നിന്നിരുന്ന ഹിന്ദു സമൂഹത്തിന്റെ സമന്വയം സാധിതമാകുമെന്നുവന്നു. അതൊരു വന്‍ ശക്തിയാകുമെന്നും വ്യക്തമായി. അതുകൊണ്ടുതന്നെ അതിനെ തകര്‍ക്കാന്‍ നടത്തിയ അവിശുദ്ധ കൂട്ടിന്റെ രാഷ്ട്രീയഫലമാണ് പില്‍ക്കാലത്ത് സംഭവിച്ച, ഇന്നും തുടരുന്ന ഹിന്ദു അനൈക്യത്തിന്റെ ദുരന്തം. അതിന് രാഷ്ട്രീയക്കാരും ചില മതവിഭാഗങ്ങളും കലവറിയില്ലാതെ പിന്തുണ നല്‍കിയിരുന്നു. ചുരുക്കത്തില്‍, വൈക്കം സത്യഗ്രഹ സമരത്തിനെ തുടര്‍ന്നുള്ള 90 വര്‍ഷത്തിനിടെ സംഭവിച്ചത് ഇതാണ്: വൈക്കത്തെ വഴിനടക്കല്‍ അവകാശ സത്യഗ്രഹവും ഗുരുവായൂരിലെ ക്ഷേത്രപ്രവേശനാധികാര സത്യഗ്രഹവും ഭിന്നിച്ചകന്നുനിന്ന ഹിന്ദുവിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം കൂട്ടി. ഭിന്നിപ്പിക്കാന്‍ രാജ്യത്തിനു'പുറത്തു'നിന്നും ചരടുവലിച്ചിരുന്ന മതശക്തികള്‍ക്ക് അപകടം വ്യക്തമായി. അവരെ, 'അകത്തു'നിന്നു സഹായിക്കാന്‍ കമ്മ്യൂണിസ്റ്റ് ആശയം ഭാരതത്തില്‍, കേരളത്തിലും പ്രചരിച്ചെത്തി. ഹിന്ദുസമൂഹത്തില്‍നിന്നുതന്നെ തലപ്പത്തേക്ക് അതിന് ആളെക്കിട്ടി. ഔദ്യോഗികമായി ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഘടകം രൂപം കൊണ്ടത് പിന്നെയും ഏറെക്കാലം കഴിഞ്ഞാണ്, 1937-ല്‍. (പിന്നാക്കാരെ അമ്പലത്തില്‍ കയറാന്‍ സഹായിച്ചത് ഞങ്ങളാണെന്നും മറ്റുമുള്ള സിപിഎം-ഡിവൈഎഫ്‌ഐക്കാരുടെ ഫഌക്‌സ് ബോര്‍ഡ് അവകാശവാദങ്ങള്‍ ചരിത്രം അറിയാത്തവരുടെ വിവരക്കേടായി കണ്ടാല്‍മതി). കേരളത്തില്‍ ജനായത്ത ഭരണം രാഷ്ട്രീയക്കാരുടെ കൈയിലായപ്പോള്‍ അവര്‍ ഭിന്നിപ്പിക്കല്‍ വിദഗ്ധമായി, വിപുലമായി നടപ്പാക്കി, നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഈ തിരിച്ചറിവുണ്ടായ ഹിന്ദു സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ ഒന്നിക്കുന്നതിനുള്ള വേദിയാണ് സമത്വ മുന്നേറ്റ യാത്രയുടേത്. എസ്എന്‍ഡിപിയെ മാത്രമേ അക്കൂട്ടത്തില്‍ പലരും എണ്ണുന്നുള്ളുവെന്നതുതന്നെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനുള്ള അരുടെ വിരുതാണു കാണിക്കുന്നത്. സമത്വ മുന്നേറ്റ യാത്രയ്ക്ക് സര്‍വവിധ പിന്തുണയും നല്‍കിയിരിക്കുന്നത് ഹിന്ദു ഐക്യ വേദിയാണ്. ആ വേദിയില്‍ കേരളത്തിലെ നാല്‍പ്പതോളം ഹിന്ദു സംഘടനകളുണ്ട്. കെപിഎംഎസും കുഡുംബി സേവാ സംഘവും യോഗക്ഷേമ സഭയും നായര്‍ സമുദായ സംഘടനകളും മറ്റും സംയുക്തമായി ഒരു മുന്നേറ്റം നടത്തുമ്പോള്‍ അത് വെറും ജാഥയല്ലെന്ന് തിരിച്ചറിയണം. വൈക്കത്ത് ക്ഷേത്രസമീപത്തെ വഴിയിലൂടെ സര്‍വ ഹിന്ദുക്കള്‍ക്കും യാത്രയ്ക്ക് അനുമതി ആവശ്യപ്പെട്ട് നടന്ന സവര്‍ണ്ണയാത്രയുടെ വിജയചരിത്രമോര്‍ക്കണം. ഇത് സവര്‍ണ്ണയാത്രയല്ല, അവര്‍ണ്ണ യാത്രയുമല്ല, സര്‍വ്വവര്‍ണ്ണ യാത്രയാണ്. ഹിന്ദുക്കളിലെ സര്‍വ്വ വര്‍ണ്ണവും ഇതിലുണ്ട്. അതാണ് ഇതിന്റെ ശോഭയും പ്രസക്തിയും. ശരിയാണ്, കടുത്ത നിരാശയിലായ കാലത്താണ് ഈ പുതിയ മാറ്റങ്ങള്‍. കൃത്യമായ അവസരം വന്നപ്പോള്‍ അതു സംഭവിക്കുകതന്നെ ചെയ്തു. വിവിധ കാരണങ്ങളാല്‍ വേറിട്ടു നില്‍ക്കുന്നവരെ ഒന്നിപ്പിക്കുകയാണ് ഈ മുന്നേറ്റ ദൗത്യം. ഈ സാമൂഹ്യമാറ്റത്തിന്റെ പ്രാരംഭം ഒറ്റ ദിവസംകൊണ്ടു രൂപപ്പെട്ടതല്ല. എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി, അത് ആദ്യ സംരംഭത്തില്‍ എത്രത്തോളം ലക്ഷ്യം കാണുമെന്നതൊന്നുമല്ല ഇവിടെ വിഷയം. 90 വര്‍ഷംമുമ്പ് വൈക്കത്തെ പഴയവഴിയില്‍ കുറിച്ച ചരിത്രവിജയം ഈ പുതുകാലത്തില്‍ ആവര്‍ത്തിക്കുകയാണ്, ഇക്കുറി കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള വഴികളിലെല്ലാം പുതിയ പ്രകാശവിളക്കുകള്‍ തെളിയുകയാണ്. ആ നെയ്ത്തിരിയാണ് ഹിന്ദുസമൂഹത്തിലെ അനാചാരങ്ങള്‍ക്ക് അറുതിവരുത്താന്‍ ആയുസ്സു മുഴുവന്‍ ഉഴിഞ്ഞുവെച്ച സ്വാമി വിശ്വേശ തീര്‍ത്ഥ സര്‍വ്വ വിഘ്‌നഹരനായ മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ കൊളുത്തിയത്. **** **** പിന്‍കുറിപ്പ്: ആര്‍എസ്എസ് ശാഖയില്‍ നാലു പതിറ്റാണ്ടോളമായി പാടിവരുന്ന ഒരു ഗണഗീതമുണ്ട്; അതിലെ ഒരു ഈരടിയിങ്ങനെയാണ് '' ദര്‍ശകരനവധിയുണ്ടാകാം ദര്‍ശനവിവിധതയുണ്ടാകാം എങ്കിലുമഖിലരുമൊന്നായൊഴുകും ഹിന്ദുഭഗീരഥി ഒന്നാണേ.'' അതെ, ഈ മുന്നേറ്റത്തിന്റെ തുടക്കം ഇന്നലെ പൊടുന്നനെ ഉണ്ടായതല്ല, അത് തുടര്‍ന്നുകൊണ്ടേയിരിക്കുകയും ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.