ദ്യോക്കോവിച്ചിന് കിരീടം

Monday 23 November 2015 10:16 pm IST

ലണ്ടന്‍: എടിപി വേള്‍ഡ് ടൂര്‍ ടെന്നീസ് കിരീടം ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് നിലനിര്‍ത്തി. കലാശപ്പോരാട്ടത്തില്‍ സ്വിസ് ഇതിഹാസവും മുന്‍ ലോക ഒന്നാം നമ്പറുമായ റോജര്‍ ഫെഡററെ കീഴടക്കിയാണ് ദ്യോക്കോവിച്ച് കിരീടം നിലനിര്‍ത്തിയത്. തുടര്‍ച്ചയായ നാലാം തവണയാണ് ദ്യോക്കോ എടിപി വേള്‍ഡ് ടൂര്‍ കിരീടം നേടുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരം ഏറ്റുമുട്ടിയപ്പോള്‍ വിജയം ഫെഡറര്‍ക്കൊപ്പമായിരുന്നു. ഈ പരാജയത്തിന് കണക്കുതീര്‍ക്കാനും ദ്യോക്കോക്കായി. 80 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ കാര്യമായി ഒന്ന് പൊരുതാന്‍ പോലും കഴിയാതെ 6-3, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ കലാശപ്പോരാട്ടത്തില്‍ സെര്‍ബിയന്‍ താരം ദ്യോക്കോവിച്ചിനോട് കീഴടങ്ങിയത്. എടിപി വേള്‍ഡ് ടൂര്‍ കിരീടം തുടര്‍ച്ചയായി നാലുതവണ കരസ്ഥമാക്കുന്ന ആദ്യതാരമെന്ന നേട്ടവും ദ്യോക്കോവിച്ചിന്റെ പേരിലായി. ഈ സീസണില്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം അടക്കം ഈ സീസണില്‍ പതിനൊന്നു കിരീടമാണ് ദ്യോക്കോവിച്ച് നേടിയത്. പുരുഷ ഡബിള്‍സില്‍ എട്ടാം സീഡ് ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ-റുമാനിയന്‍ താരം ഫ്‌ളോറിന്‍ മെര്‍ഗിയ സഖ്യം ഫൈനലില്‍ പരാജയപ്പെട്ടു. രണ്ടാം സീഡ് നെതര്‍ലന്‍ഡ്‌സിന്റെ ജീന്‍ ജൂലിയന്‍ റോജര്‍-റുമാനിയയുടെ ഹോറിയ ടെകാവു സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബൊപ്പണ്ണ സഖ്യം കീഴടങ്ങിയത്. സ്‌കോര്‍: 6-4, 6-3.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.