കള്ളനോട്ട് കേസ് പ്രതി റിമാന്‍ഡില്‍

Monday 23 November 2015 10:22 pm IST

കടുത്തുരുത്തി: അഞ്ഞൂറിന്റെ കള്ളനോട്ടുകളുമായി പിടിയിലായ ബംഗാള്‍ സ്വദേശിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മുഹമ്മദ് സക്കീര്‍(20)നെയാണ് റിമാന്‍ഡ് ചെയ്തത്. ശനിയാഴ്ച രാത്രി 9നാണ് വെള്ളൂര്‍ പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയില്‍ നിന്ന് 32 അഞ്ഞൂറിന്റെ കള്ളനോട്ടുകളും കണ്ടെത്തിയിരുന്നു.പെരുവ കുന്നപ്പള്ളിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് 150 രൂപയ്ക്ക് പെട്രോള്‍ വാങ്ങിയ ശേഷം ഇയാള്‍ നല്‍കിയ അഞ്ഞൂറിന്റെ നോട്ട് കണ്ട ജീവനക്കാരന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വ്യാജനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുന്നപ്പള്ളിയില്‍ പ്രതിയുടെ താമസ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കൂടുതല്‍ നോട്ടുകള്‍ കണ്ടെത്തിയത്. ഒറിജിനലിനോട് വളരെ സാമ്യമുള്ള നോട്ടുകളാണ് കണ്ടെത്തിയതെന്ന് വെള്ളൂര്‍ എസ്‌ഐ കെ.വിജയന്‍ പറഞ്ഞു. നോട്ടുകള്‍ നാസിക്കിലെ റിസര്‍വ് ബാങ്ക് പ്രസില്‍ അയച്ച് പരിശോധിക്കും. പെരുവയിലും പരിസര പ്രദേശങ്ങളിലും അടുത്ത നാളുകളായി അഞ്ഞൂറിന്റെ കള്ളനോട്ടുകള്‍ വ്യാപകമായതായി അറിവ് കിട്ടിയതനുസരിച്ച് പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി വരികയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.