ചില ആകസ്മിക ചിന്തകള്‍

Saturday 17 December 2011 6:52 pm IST

ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ കോഴിക്കോട്ടുനിന്നും ഒരു വിവാഹക്ഷണക്കത്ത്‌ കിട്ടി. ഇത്തരം അവസരങ്ങളില്‍ ഇംഗ്ലീഷില്‍തന്നെ വേണം കത്തുകള്‍ അച്ചടിപ്പിക്കാന്‍ എന്ന ധാരണ ഇക്കാലത്ത്‌ വര്‍ധിച്ചുവരികയാണല്ലോ. അതുകൊണ്ട്‌ ആരാണീ കത്തയച്ചത്‌ എന്ന കൗതുകം കൊണ്ടുമാത്രം അത്‌ വായിച്ചുനോക്കിയപ്പോഴാണ്‌ മണ്ടിലേടത്തു പ്രേമരാജന്‍ എന്ന പേര്‌ കണ്ടത്‌. പ്രാന്തീയ സേവാ പ്രമുഖ്‌ പരേതനായ കെ.എന്‍.മേനോന്റെ മകന്‍ ശ്രീനാഥിന്റെ വിവാഹക്ഷണപത്രം മലയാളത്തിലായിരുന്നത്‌ വളരെ സന്തോഷിപ്പിച്ചു. ശ്രീനാഥിന്റെ അച്ഛന്റെയും അമ്മയുടെയും കുടുംബങ്ങളിലെ മൂന്ന്‌ തലമുറയുമായി സ്വന്തം വീട്ടിലെ അംഗമെന്ന നിലയ്ക്കുള്ള അടുപ്പമാണ്‌ എനിക്കും കുടുംബത്തിനുമുള്ളത്‌. കോഴിക്കോടുനിന്നും ലഭിച്ച ക്ഷണക്കത്താകട്ടെ അതേപോലത്തെ അടുപ്പമുള്ള മറ്റൊരു കുടുംബാംഗത്തിന്റേതായിരുന്നു, മണ്ടിലേടത്ത്‌ പ്രേമരാജന്റെ. പ്രേമന്റെ ജ്യേഷ്ഠന്‍ മണ്ടിലേടത്ത്‌ ശ്രീധരന്‍ 1967 ല്‍ ഞാന്‍ കോഴിക്കോട്ട്‌ ജനസംഘ സംഘടനാ കാര്യദര്‍ശിയായി എത്തിയത്‌ മുതല്‍ എന്തിനും ആശ്രയിക്കാവുന്ന ബന്ധുവും സഹായിയുമായിരുന്നു. ദക്ഷിണറെയില്‍വേയില്‍ കോഴിക്കോട്ട്‌ ഗുഡ്സ്‌ ഷെഡ്ഡിലെ ക്ലിയറിംഗ്‌ ആന്റ്‌ ഫോര്‍വേര്‍ഡിംഗ്‌ ഏജന്റ്‌ ആയിരുന്ന അദ്ദേഹം ഗുഡ്സ്‌ ഷെഡ്‌ ശ്രീധരന്‍ എന്ന പേരിലാണ്‌ അറിയപ്പെട്ടത്‌. സംഘവൃത്തങ്ങളില്‍ മാത്രമല്ല കോഴിക്കോട്ടെ വാണിജ്യ, രാഷ്ട്രീയ, സാംസ്ക്കാരിക മേഖലയിലാകെ അദ്ദേഹം പരിചിതനായിരുന്നു. അദ്ദേഹം മുന്നിട്ടിറങ്ങിയാല്‍ നടക്കാത്ത ഒരു കാര്യവും കോഴിക്കോട്ടുണ്ടായിരുന്നില്ല. ശ്രീധരന്റെ വീട്ടില്‍ ഇടയ്ക്കിടെ പോകുന്ന അവസരത്തിലാണ്‌ അനുജന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി പ്രേമരാജനെ പരിചയപ്പെടുന്നത്‌. അന്നുതന്നെ എരഞ്ഞിപ്പാലത്തെ സംഘശാഖയില്‍ ചുമതല വഹിച്ചിരുന്ന പ്രേമരാജന്‍ ഇന്നും സംഘനിഷ്ഠ പുലര്‍ത്തുന്നു. സംഘപരിവാര്‍ സംബന്ധമായ കാര്യങ്ങളില്‍ പ്രേമന്റെ ശ്രദ്ധ ശ്ലാഘനീയമായി തോന്നി. ഒരിക്കല്‍ ദീനദയാല്‍ജിയെ പരാമര്‍ശിച്ചെഴുതിയ ഒരു ലേഖനത്തില്‍, ജനസംഘത്തിന്റെ മുതിര്‍ന്ന നേതാവായിരുന്ന പണ്ഡിത്‌ ബഛരാജ്‌ വ്യാസ്‌ അദ്ദേഹത്തെക്കുറിച്ചെഴുതിയ ഒരു അനുസ്മരണ കവിതയുടെ കൈയെഴുത്ത്‌ പ്രതി അടിയന്തരാവസ്ഥയില്‍ കടലാസുകളുടെ കൂട്ടത്തില്‍പ്പെട്ട്‌ നഷ്ടപ്പെട്ടുപോയ വിവരം പരാമര്‍ശിച്ചിരുന്നു. കവിത ഒരു ജനസംഘ പത്രികയുടെ സ്മരണികയില്‍ പ്രസിദ്ധീകരിച്ച വിവരവും ലേഖനത്തിലുണ്ടായിരുന്നു. രണ്ട്‌ ദിവസത്തിനുള്ളില്‍ ആ പേജിന്റെ ഫോട്ടോസ്റ്റാറ്റ്‌ എടുത്ത്‌ പ്രേമരാജന്‍ അയച്ചുതന്നു. തീരെ അപ്രതീക്ഷിതവും ആനന്ദദായകവുമായിരുന്നു പ്രേമന്റെ ആ നടപടി. പ്രേമനും ക്ലിയറിംഗ്‌ ആന്റ്‌ ഫോര്‍വേഡിംഗ്‌ തന്നെയാണ്‌ ജോലി. അദ്ദേഹവുമായി വളരെ നേരം ഫോണില്‍ സംസാരിക്കാനും കഴിഞ്ഞു. കുടുംബകാര്യങ്ങളും വിവാഹവിവരങ്ങളുമൊക്കെ പരസ്പരം പറഞ്ഞുകൊണ്ടിരിക്കെ പഴയ സ്വയംസേവകര്‍ സാധാരണ പറയാറുള്ളതുപോലെ, പ്രവര്‍ത്തനത്തിലും പ്രവര്‍ത്തകരിലും വന്നുകൊണ്ടിരിക്കുന്ന സമീപനങ്ങളുടെയും മനോഭാവത്തിന്റെയും മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചു. കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം ഓരോ അവസരങ്ങളില്‍ എന്തെങ്കിലും ചുമതല സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ വഹിച്ചവരാണെന്ന അഭിമാനവും ആ വാക്കുകളില്‍ നിഴലിച്ചിരുന്നു. മുതിര്‍ന്ന പ്രചാരകന്‍ കെ.പെരച്ചേട്ടന്‍ പ്രമേഹബാധിതനായി കാര്യാലയത്തില്‍ കഴിയുന്ന കാര്യവും, മറ്റൊരു പഴയ പ്രവര്‍ത്തകനായിരുന്ന എം.ഡി.ശ്രീധരന്‍ ആഴ്ചവട്ടത്ത്‌ പ്രായാധിക്യമായി കഴിയുന്നതുമൊക്കെ പറഞ്ഞു. അക്കൂട്ടത്തില്‍ ദത്താത്രയ റാവുജിയുടെ 90-ാ‍ം പിറന്നാള്‍ കഴിഞ്ഞ വിവരവും പറഞ്ഞു. അദ്ദേഹവും ഇന്ന്‌ പ്രായാധിക്യത്താല്‍ ഏതാണ്ട്‌ അവശനായി മകനോടൊപ്പം താമസിക്കുകയാണത്രെ. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷസ്ഥാനം വഹിച്ചിരുന്ന അദ്ദേഹം പ്രവര്‍ത്തനങ്ങളില്‍നിന്ന്‌ പിന്മാറി ജനപക്ഷത്തില്‍ ചേര്‍ന്ന്‌ കഴിയുകയായിരുന്നുവത്രെ. അത്തരം ഏതാനും സുഹൃത്തുക്കളുമൊത്ത്‌ അളകാപുരി ഹോട്ടലില്‍ വച്ചായിരുന്നു പിറന്നാള്‍ സമാഗമം എന്ന്‌ പ്രേമന്‍ പറഞ്ഞു.
ദത്താത്ര റാവുവാണ്‌ ജന്മഭൂമിയുടെ തുടക്കത്തിന്‌ ഏറ്റവും ബുദ്ധിമുട്ടിയ ആള്‍. കോഴിക്കോട്ടെ ആദ്യകാല സ്വയംസേവകരില്‍ അവശേഷിക്കുന്ന, കൈവിരലില്‍ എണ്ണാവുന്ന ചിലരില്‍ ഒരാള്‍. പാളയം റോഡിലെ ദത്താത്രയ ആന്റ്‌ കമ്പനിയെന്ന സ്വര്‍ണവ്യാപാരശാല നാല്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രമുഖര്‍ ചര്‍ച്ചകള്‍ക്കായി വന്നിരിക്കാറുള്ള സ്ഥലമായിരുന്നു. സംഘവുമായി ബന്ധപ്പെട്ട ഏത്‌ കാര്യത്തിനും റാവുജി മുന്നിട്ടിറങ്ങി. നേതാക്കന്മാരുടെ ആതിഥേയനായി. അക്കാലത്തെ നേതാക്കന്മാരെല്ലാം റെഡ്ക്രോസ്‌ റോഡിലെ അദ്ദേഹത്തിന്റെ വസതിയില്‍ താമസിച്ചിട്ടുണ്ട്‌. അദ്ദേഹവും കുടുംബവും ഏത്‌ സമയത്തും പരിവാര്‍ പ്രവര്‍ത്തകര്‍ക്ക്‌ സ്വാഗതമരുളി.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സമയത്ത്‌ ജനസംഘത്തിന്റെ കോഴിക്കോട്‌ ജില്ലാ അധ്യക്ഷനായിരുന്നു റാവുജി. 1975 ജൂലൈ രണ്ടിന്‌ കോഴിക്കോട്ട്‌ ജനസംഘത്തിന്റെ സംസ്ഥാന പ്രതിനിധിസഭ നിശ്ചയിച്ചിരുന്നതിന്റെ സ്വാഗതസമിതി അധ്യക്ഷനും അദ്ദേഹമായിരുന്നു. പരമേശ്വര്‍ജിയും രാജേട്ടനും മറ്റും അദ്ദേഹത്തിന്റെ വീട്ടിലാവും എന്ന ധാരണയിലാണ്‌ പോലീസുകാര്‍ രാത്രി അദ്ദേഹത്തിന്റെ വീട്‌ വളഞ്ഞതും അറസ്റ്റ്‌ ചെയ്ത്‌ ഭീകരമായി മര്‍ദ്ദിച്ചതും. സ്റ്റീഫന്‍ കൊലക്കേസില്‍ തടവ്‌ ശിക്ഷ അനുഭവിക്കുന്ന അന്നത്തെ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ലക്ഷ്മണ നേരിട്ടാണ്‌ റാവുജിയെ മര്‍ദ്ദിച്ചത്‌ എന്ന്‌, അന്ന്‌ മര്‍ദ്ദനമേറ്റ പെരച്ചേട്ടന്‍ പറയുകയുണ്ടായി. അടിയന്തരാവസ്ഥക്കാലം മുഴുവന്‍ വിസാ തടവുകാരനായി അദ്ദേഹത്തിന്‌ കഴിയേണ്ടിവന്നു.
ജന്മഭൂമിയുടെ ഉടമയായി മാതൃകാപ്രചരണാലയത്തിന്റെ ചീഫ്‌ പ്രമോട്ടര്‍ റാവുജിയായിരുന്നു. കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിന്‌ അനുമതി നല്‍കിയാല്‍ താന്‍ അതിന്റെ എല്ലാ ചുമതലകളും വഹിക്കാമെന്ന്‌ പരമേശ്വര്‍ജിക്ക്‌ ഉറപ്പ്‌ നല്‍കിയാണ്‌ അദ്ദേഹം മുന്നിട്ടിറങ്ങിയത്‌. കമ്പനിയുടെയും പത്രത്തിന്റെയും കാര്യത്തില്‍ അങ്ങേയറ്റത്തെ ജാഗ്രതയും അദ്ദേഹം പുലര്‍ത്തി. ആദ്യം കോഴിക്കോട്ടുനിന്ന്‌ സായാഹ്നപത്രമായിട്ടാണല്ലൊ ജന്മഭൂമി തുടങ്ങിയത്‌. കമ്പനിക്ക്‌ ഷെയറുകള്‍ പിരിക്കാന്‍ ചുമതലപ്പെടുത്തിയത്‌ ഈ ലേഖകനെയായിരുന്നു. അതിന്‌ വേണ്ടിവരുന്ന ചെലവുകള്‍ പരമാവധി ചുരുക്കുന്നതില്‍ അദ്ദേഹം പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നു. അന്ന്‌ വലിയ വിലയില്ലാതെ നഗരത്തില്‍ ഒരു സ്ഥലം വാങ്ങാന്‍ കഴിയുമായിരുന്നിട്ടും, ഒരു സ്ഥിരമായ ആസ്തിയല്ല പ്രവര്‍ത്തനത്തിനാവശ്യമായ ധനമാണ്‌ സമാഹരിക്കേണ്ടതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ജന്മഭൂമിയെന്ന പേര്‌ തൃശൂരിലെ നവാബ്‌ രാജേന്ദ്രന്റെ പേരിലാണുള്ളതെന്നും അത്‌ വാങ്ങാന്‍ കഴിയുമെന്നും, അവിടത്തെ പ്രവര്‍ത്തകന്‍ എന്‍.ഐ.ധര്‍മപാലന്‍ അറിയിച്ചപ്പോള്‍ അവിടെ ചെന്ന്‌ അത്‌ രജിസ്റ്റര്‍ ചെയ്ത്‌ വാങ്ങാന്‍ ഞാന്‍ കൂടെ പോയിരുന്നു. തിരിച്ചുവരും വഴിക്ക്‌ ചേലേമ്പ്ര എന്ന സ്ഥലത്ത്‌ ബസ്‌ അപകടത്തില്‍പ്പെട്ടു. ഭാഗ്യവശാല്‍ കാര്യമായ പരിക്ക്‌ ആര്‍ക്കുമുണ്ടായില്ല. അവിടെനിന്നും രണ്ട്‌ കി.മീറ്ററോളം നടന്ന്‌ രാമനാട്ടുകരയിലെത്തി. ഒരു കാര്‍ കൈകാട്ടി നിര്‍ത്തി അതിലാണ്‌ നഗരത്തിലെത്തിയത്‌.
അടിയന്തരാവസ്ഥ കഴിഞ്ഞ്‌ മോചിതനായ അദ്ദേഹത്തിന്‌ ജന്മഭൂമി വീണ്ടും തുടങ്ങണമെന്ന ആഗ്രഹം കലശലായി. സംഘത്തിന്റെ പ്രാന്തപ്രചാരകന്‍ ഭാസ്ക്കര്‍ റാവുജിയുമായി അക്കാര്യം സംസാരിച്ചു. അടിയന്തരാവസ്ഥയ്ക്ക്‌ മുമ്പ്‌ പത്രത്തോട്‌ സംഘത്തിന്‌ താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട്‌ ചിലര്‍ക്കെങ്കിലും അതാവശ്യമാണെന്ന അഭിപ്രായമുണ്ടായി. ഇനി പ്രഭാത പത്രമായി എറണാകുളത്ത്‌ നിന്നാവണം ജന്മഭൂമി പ്രസിദ്ധീകരിക്കേണ്ടതെന്നായിരുന്നു പൊതുവായ അഭിപ്രായം. റാവുജിയും കോഴിക്കോട്ടെ മറ്റ്‌ പ്രമോട്ടര്‍മാരും കോഴിക്കോട്ടുതന്നെ വേണം എന്ന പക്ഷക്കാരായിരുന്നു. അക്കാലത്ത്‌ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ച രാമന്‍പിള്ളയുടെയും രാജേട്ടന്റെയും ഇംഗിതത്തിന്‌ റാവുജി വഴങ്ങുകയായിരുന്നു. മാതൃകാപ്രചരണാലയത്തിന്റെ ആര്‍ട്ടിക്കിള്‍ ഓഫ്‌ അസോസിയേഷന്‍ അനുസരിച്ച്‌ കമ്പനിയുടെയും പത്രത്തിന്റെയും മുഴുവന്‍ ചുമതലകളും നടത്താന്‍ ഈ ലേഖകനെ അധികാരപ്പെടുത്തി ജനറല്‍ മാനേജരായി നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനം ഡയറക്ടര്‍ബോര്‍ഡ്‌ എടുത്തു. പിന്നീട്‌ അദ്ദേഹം കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ ഔപചാരിക ചുമതലകള്‍ മാത്രം നിര്‍വഹിച്ചുകഴിഞ്ഞു.
എന്നാല്‍ ജന്മഭൂമിക്ക്‌ കോഴിക്കോട്‌ പതിപ്പ്‌ ആരംഭിക്കേണ്ട ആലോചന വന്നപ്പോള്‍ റാവുജി വീണ്ടും മുന്നോട്ടുവന്നു. ഇത്തവണ തന്റെ തിരുവഞ്ചൂരുള്ള വിശാലമായ വീടുതന്നെ ജന്മഭൂമിയുടെ ഓഫീസിനും മറ്റുമായി നല്‍കി. പക്ഷേ ദൈനംദിന കാര്യങ്ങളില്‍ താല്‍പ്പര്യമെടുത്തില്ല. ആദ്യ പ്രമോട്ടര്‍മാരില്‍പ്പെട്ട സി.പ്രഭാകരന്റെ നേതൃത്വത്തിലാണ്‌ കാര്യങ്ങള്‍ പുരോഗമിച്ചത്‌.
റാവുജിയുടെ നവതി കഴിഞ്ഞുവെന്ന്‌ പ്രേമന്‍ പറഞ്ഞപ്പോള്‍ അദ്ദേഹവുമായുള്ള എന്റെയും ജന്മഭൂമിയുടെയും ബന്ധങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. ജീവിതസായാഹ്നത്തിലെത്തിനില്‍ക്കുന്ന അദ്ദേഹത്തിന്‌ ശാന്തവും ആശ്വസ്തവുമായ നാളുകള്‍ ആശംസിക്കുന്നു.
പി. നാരായണന്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.