പേജാവര്‍ മഠാധിപതിക്കെതിരെ വിരല്‍ചൂണ്ടാന്‍ കോടിയേരിക്ക് എന്തര്‍ഹത: കുമ്മനം

Monday 23 November 2015 10:45 pm IST

കാസര്‍കോട്: ഹിന്ദു ദൈവങ്ങള്‍ക്കും ഹൈന്ദവ ചിഹ്നങ്ങള്‍ക്കും ആചാര്യന്മാര്‍ക്കുമെതിരായ അതിക്രമങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ തുടരുകയാണെന്നു കുറ്റപ്പെടുത്തിയ കുമ്മനം രാജശേഖരന്‍, പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥയ്ക്കു നേരേ വിരല്‍ ചൂണ്ടി സംസാരിക്കാന്‍ കോടിയേരി ബാലകൃഷ്ണന് എന്ത് അര്‍ഹതയാണുളളതെന്ന് ചോദിച്ചു. പാവങ്ങള്‍ക്കും സമൂഹത്തിലെ അധഃസ്ഥിതര്‍ക്കും വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെച്ച പൂജനീയനാണ് സ്വാമിജി. സമത്വ മുന്നേറ്റ യാത്രയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി. നാളിതുവരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഹൈന്ദവ സമൂഹത്തിനുവേണ്ടി എന്ത് ചെയ്തു. വിഎസ്, കോടിയേരി, വി.എം. സുധീരന്‍, ഉമ്മന്‍ ചാണ്ടി എന്നിവരെല്ലാം യാത്രയ്ക്ക് നേരെ വാളോങ്ങുന്നത് എന്തിനാണ്. കോണ്‍ഗ്രസ് പ്രസ്ഥാനം കേരളത്തില്‍ ഒരു കാലത്ത് വളര്‍ന്നത് ഹിന്ദുത്വത്തെ എതിര്‍ത്തു കൊണ്ടാണെന്നത് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ശബരിമല ക്ഷേത്രം തീവെച്ച് നശിപ്പിച്ചതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പോലും നിയമസഭയുടെ മേശപ്പുറത്ത് വെക്കാന്‍ സംസ്ഥാനം ഭരിച്ച സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുളള സര്‍ക്കാറുകള്‍ തയ്യാറായിട്ടില്ല. ഹിന്ദുക്കള്‍ക്ക് വേണ്ടി വാദിക്കാന്‍ ഒരു നിയമസഭാ സാമാജികന്‍ പോലും ഇല്ലാതെ പോയി. അക്രമണം നടക്കുമ്പേള്‍ പ്രതികരിക്കാതെ നോക്കി നില്‍ക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സഹിഷ്ണുതയെക്കുറിച്ച് പറയാന്‍ എന്ത് അര്‍ഹതയാണ് ഉള്ളതെന്ന് കുമ്മനം ചോദിച്ചു. ഹൈന്ദവ സമൂഹത്തിനകത്തും കേരളീയ സമൂഹത്തിലാകെയും സമഗ്ര സാമൂഹ്യ പരിവര്‍ത്തനമുണ്ടാക്കാന്‍ വിവിധ സമുദായങ്ങള്‍ ഉള്‍പ്പെടുന്ന ഹൈന്ദവ സമൂഹം ഒന്നാകെ മുന്നോട്ടുവരണമെന്നും അതിന് സമത്വ മുന്നേറ്റ യാത്ര വഴികാട്ടിയാവട്ടെയെന്നും കുമ്മനം പറഞ്ഞു. കേരളത്തിന്റെ വിരിമാറിലൂടെ ഹൈന്ദവ ഏകീകരണം ലക്ഷ്യവെച്ച് വെളളാപ്പളളി നടേശന്‍ സമത്വ മുന്നേറ്റ യാത്ര നടത്തുന്നതിനെ ഇടത് വലത് മുന്നണികള്‍ എന്തിന് ഇത്രയധികം ഭയപ്പെടുന്നുവെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തില്‍ മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ നാളിതുവരെ ഹൈന്ദവ സമൂഹത്തെ അവഗണിക്കുകയും ന്യൂനപക്ഷ സമുദായത്തിന് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുകയുമായിരുന്നു. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യവെച്ചുളള മുന്നണികളുടെ ഈ നീക്കം ഹൈന്ദവ സമൂഹം ഒന്നാകെ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനമാണ് സമത്വ മുന്നേറ്റ യാത്ര, അദ്ദേഹം തുടര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.