ഈ പ്രായത്തിലും നിക്കറും ബനിയനും തയ്ക്കാന്‍ വിഎസിനാവുമോയെന്ന് വെള്ളാപ്പള്ളി

Tuesday 24 November 2015 2:20 pm IST

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ച് വീണ്ടും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഎസ് പഴയ തൊഴില്‍ മറക്കാത്തത് നല്ല കാര്യം. തനിക്ക് പാകത്തിലുള്ള നിക്കറും ബനിയനും ഈ പ്രായത്തില്‍ തയ്ക്കാന്‍ വിഎസിനാകുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. സമത്വമുന്നേറ്റയാത്രയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ നല്‍കിയ സ്വീകരണത്തിലാണ് വി.എസിന് വെള്ളാപ്പള്ളി മറുപടി നല്‍കിയത്. യാത്രയുടെ ലക്ഷ്യം മറച്ച് വയ്ക്കാന്‍ വിഎസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഇനി മറുപടിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമത്വ മുന്നേറ്റ യാത്ര ശംഖുമുഖത്തെത്തുമ്പോള്‍ കടലില്‍ മുങ്ങിത്താഴുക കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളാകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. സമത്വമുന്നേറ്റയാത്രയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ഒരുക്കിയിരുന്നത്. തളിപ്പറമ്പില്‍ നടന്ന ആദ്യ സ്വീകരണയോഗത്തില്‍ പങ്കെടുക്കാനായി നിരവധി പേര്‍ എത്തിയിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും തലശേരി, പാനൂര്‍, ഇരിട്ടി, മാനന്തവാടി, പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള യോഗം പ്രവര്‍ത്തകരാണ് കണ്ണൂരിലെത്തുക. ജാഥാ ലീഡര്‍ വെള്ളാപ്പള്ളി നടേശനു പുറമെ ഡോ. എം.എസ്. സോമന്‍, തുഷാര്‍ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ്, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, സി.എസ്.നായര്‍, കെപിഎംഎസ് നേതാവ് ടി.വി.ബാബു, സ്വാമി അമൃതകൃപാനന്ദപുരി, സ്വാമി പ്രേമാനന്ദ എന്നിവരും സ്വീകരണയോഗങ്ങളില്‍ പ്രസംഗിക്കുന്നുണ്ട്. തിങ്കളാഴ്ച കാസര്‍കോഡ് നിന്നാണ് സമത്വ മുന്നേറ്റയാത്ര തുടങ്ങിയത്. ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരം ശംഖുമുഖത്താണ് യാത്രയുടെ സമാപനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.