മണിപ്പൂരില്‍ ബിജെപി അക്കൗണ്ട് തുറന്നു

Tuesday 24 November 2015 11:40 pm IST

ന്യൂദല്‍ഹി: മണിപ്പൂര്‍, മിസോറാം അടക്കം നാലു സംസ്ഥാനങ്ങളിലെ  അഞ്ചു നിയമസഭാ സീറ്റുകളി ലേക്കും രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നിര്‍ണായക ജയം. മണിപ്പൂരില്‍  ഇതാദ്യമായി അക്കൗണ്ട് തുറന്ന ബിജെപി രണ്ടു സീറ്റുകളില്‍ ജയിച്ചുകയറി. തങ്ങ്‌മെയീബന്ദ്, തോങ്ങ്ജു മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞത്. തങ്ങ്‌മെയീബന്ദില്‍ ഖുമുക്ചാം ജോയ്കിഷന്‍ കോണ്‍ഗ്രസിന്റെ ജ്യോതിന്‍  വെഖമിനെ 1,700 വോട്ടുകള്‍ക്കും, തോങ്ങ്ജുമില്‍ തോങ്ങാം വിശ്വജിത് സിങ് കോണ്‍ഗ്രസിന്റെ ബിജോയി കൊയ്ങ്ങ് ജാമിനെയും തോല്‍പ്പിച്ചു. 60  അംഗ നിയമസഭയില്‍ ബിജെപിക്ക് രണ്ടംഗങ്ങളായി. മധ്യപ്രദേശിലെ ദേവാസ് നിയമസഭാ മണ്ഡലത്തില്‍  ബിജെപിയുടെ ഗായത്രി രാജെ പുവാര്‍ കോണ്‍ഗ്ര സിന്റെ ജയ് പ്രകാശ് ശാസ്ത്രിയെ 30,778 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് സീറ്റ് നിലനിര്‍ത്തി. അതേസമയം മധ്യപ്രദേശിലെ രത്‌ലം ലോക്‌സഭാ സീറ്റ് കോണ്‍ഗ്രസിന്. കാന്തിലാല്‍ ഭൂരിയയയാണ് ഇവിടെ ജയിച്ചത്. ബിജെപി അംഗം ദിലീപ് സിങ് ഭൂരിയയുടെ മരണത്തെത്തുടര്‍ന്നാണ്  ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ദിലീപിന്റെ മകളും എംഎല്‍എയുമായ നിര്‍മ്മല ഭൂരിയയായിരുന്നു ബിജെപി സ്ഥാനാര്‍ഥി. തെലങ്കാനയിലെ വാറംഗല്‍ ലോക്‌സഭാ സീറ്റില്‍ ടിആര്‍എസിന്റെ ദയാകര്‍ പസരനൂരി നാലര ലക്ഷം വോട്ടുകള്‍ക്ക് കോണ്‍ഗ്രസിനെ തോല്‍പ്പിച്ചു. മിസോറാമിലെ ഐസ്‌വാള്‍ വടക്ക് നിയമസഭാ സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തി. മേഘാലയത്തിലെ നോങ്ങ സ്‌റ്റോയിന്‍ സീറ്റില്‍  ഹില്‍ സ്റ്റേറ്റ് പീപ്പിള്‍ ഡെമോ ക്രാറ്റിക് പാര്‍ട്ടിയിലെ ഡയോസ്റ്റര്‍നസ് ജിന്‍ഡിയാങ്ങ് ജയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.