റഷ്യൻ യുദ്ധവിമാനം സിറിയൻ അതിർത്തിയിൽ തുർക്കി വെടിവെച്ചിട്ടു

Tuesday 24 November 2015 3:45 pm IST

അലപ്പോ: വ്യോമാതിർത്തി ലംഘിച്ച റഷ്യയുടെ പോർവിമാനം സിറിയയുടെ അതിർത്തിയിൽ വച്ച് തുർക്കി വെടിവെച്ചിട്ടു.സിറിയയുമായി അതിർത്തി പങ്കിടുന്ന വടക്കൻ മേഖലയിൽ വച്ചാണ് എഫ്16 യുദ്ധ വിമാനങ്ങളുടെ സഹായത്തോടെ എസ്.യു24 വിമാനം വെടിവച്ചിട്ടതെന്ന് അധികൃതർ പറഞ്ഞു. തുർക്കിയുടെ വ്യോമാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് യുദ്ധവിമാനം വെടിവെച്ചിട്ടതെന്ന് തുർക്കി അവകാശവാദം ഉന്നയിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും പാരച്യൂട്ടിന്റെ സഹായത്തോടെ രക്ഷപ്പെട്ടു. തുടർച്ചയായി വ്യോമാതിർത്തി ലംഘനം ഉണ്ടായതിനെ തുടർന്നാണ് വിമാനം വെടിവച്ചിടേണ്ടി വന്നതെന്ന് തുർക്കി പ്രതിരോധവ വൃത്തങ്ങൾ പറഞ്ഞു. ലതാകിയ പ്രവിശ്യയിലെ മലനിരകളിൽ വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സിറിയയിൽ ബാഷർ അൽ അസദ് സർക്കാരിനെ സഹായിക്കുന്നതിന് വേണ്ടി നേരത്തെ റഷ്യ വ്യോമാക്രമണം തുടങ്ങിയിരുന്നു. സിറിയയിലെ തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് റഷ്യയുടെ വാദമെങ്കിലും, ആക്രമണങ്ങൾ നടന്നത് വിമതരുടെ കേന്ദ്രങ്ങളിലാണെന്ന് മനുഷ്യാവകാശപ്രവർത്തകർ പറയുന്നു. അസദ് ഭരണകൂടത്തിന്റെ കടുത്ത വിമർശകരായ തുർക്കി, റഷ്യയുടേയും സിറിയയുടേയും വിമാനങ്ങൾ വ്യോമാതിർത്തി ലംഘിക്കുന്നതിനെതിരേ കർശനമായ താക്കീത് നൽകിയിരുന്നതാണ്.സംഭവം റഷ്യ സ്ഥിരീകരിച്ചു. എന്നാൽ വിമാനം വ്യോമാതിർത്തി ലംഘിച്ചെന്ന ആരോപണം റഷ്യൻ പ്രതിരോധമന്ത്രാലയം നിഷേധിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.