സമത്വ മുന്നേറ്റ യാത്രയ്ക്ക് കണ്ണൂരില്‍ ആവേശോജ്വല സ്വീകരണം

Tuesday 24 November 2015 10:26 pm IST

ഗണേഷ് മോഹന്‍ കണ്ണൂര്‍/തളിപ്പറമ്പ്: സേവ് കേരള ബില്‍ഡ് കേരള എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്രക്ക് കണ്ണൂരില്‍ പ്രൗഢോജ്വല സ്വീകരണം. ഇന്നലെ രാവിലെ 10.30 ന് ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ വെച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ യാത്രയെ ജില്ലയിലേക്കാനയിച്ചു. ആദ്യ സ്വീകരണ സ്ഥലമായ തളിപ്പറമ്പില്‍ വന്‍ ജനാവലിയാണ് യാത്രയെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നത്. തൃക്കരിപ്പൂര്‍, തളിപ്പറമ്പ് യൂനിയനുകളില്‍ നിന്നുളള എസ്എന്‍ഡിപി പ്രവര്‍ത്തകരും നേതാക്കളും ജാഥയുമായി സഹകരിക്കുന്ന യോഗക്ഷേമ സഭയുള്‍പ്പെടെയുളള വിവിധ ഹൈന്ദവ സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും സ്വീകരണത്തിലും പൊതു പരിപാടിയിലും സംബന്ധിച്ചു. ജാഥയുമായി ഒരു വിധത്തിലും പാര്‍ട്ടിപ്രവര്‍ത്തകരും മെമ്പര്‍മാരും സഹകരിക്കാന്‍ പാടില്ലെന്ന സിപിഎം നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കുകള്‍ ഉണ്ടായിരുന്നിട്ടും പാര്‍ട്ടിശക്തി കേന്ദ്രങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി പ്രവര്‍ത്തകരാണ് രണ്ടിടങ്ങളിലും പരിപാടികളില്‍ സംബന്ധിച്ചത്. പരിപാടിയിലെ ജനപങ്കാളിത്തം പാര്‍ട്ടി നേതൃത്വത്തെത്തന്നെ ഞെട്ടിക്കുന്നതായി. തളിപ്പറമ്പ്, കണ്ണൂര്‍ നഗര വീഥികള്‍ എസ്എന്‍ഡിപി പതാകകളാല്‍ പീതവര്‍ണാങ്കിതമായി. ആയിരങ്ങള്‍ യാത്രയെ വീക്ഷിക്കാനും വെള്ളാപ്പള്ളിയെ കാണാനുമായി പാതയോരങ്ങളില്‍ തിങ്ങിക്കൂടിയിരുന്നു. വൈകുന്നേരം 3മണിക്ക് കണ്ണൂര്‍ നഗരത്തിലെ ടൗണ്‍ സ്‌ക്വയറില്‍ നല്‍കിയ സ്വീകരണത്തിനും വന്‍ ജനാവലി സാക്ഷിയായി. കാള്‍ടെക്‌സ് ജംഗ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ വെള്ളാപ്പള്ളിയെ സ്വീകരണവേദിയിലേക്കാനയിച്ചു. തലശേരി, പാനൂര്‍, ഇരിട്ടി, മാനന്തവാടി, പുല്‍പ്പളളി എന്നിവിടങ്ങളില്‍ നിന്നുള്ള യോഗം പ്രവര്‍ത്തകരും നേതാക്കളും വിവിധ സാമുദായിക സംഘടനാ നേതാക്കളും പ്രവര്‍ത്തകരും കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തിലും പങ്കെടുത്തു. തളിപ്പറമ്പില്‍ നടന്ന സ്വീകരണ പരിപാടിയില്‍ എസ്എന്‍ഡിപി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി സംസ്ഥാന പ്രസിഡണ്ട് ഡോ. എം.എന്‍.സോമന്‍, വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, കെ.പി.എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു, യോഗ ക്ഷേമസഭ സംസ്ഥാന പ്രസിഡണ്ട് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ്, കേരള സാംബവ സൊസൈറ്റി പ്രസിഡണ്ട് കെ.വി.ബാബു, ധീവരസഭ സംസ്ഥാന അധ്യക്ഷന്‍ അഡ്വ.സുനില്‍ സ്വാമി, പട്ടികജാതി ഏകോപന സമിതി ചെയര്‍മാന്‍ ശശികുമാര്‍, സമത്വ മുന്നേറ്റ യാത്ര സംഘാടക സമിതി കണ്‍വീനര്‍ എ.ജി.തങ്കപ്പന്‍, പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പയ്യന്നൂര്‍ ശ്രീലക്ഷ്മി ജ്വല്ലറി ഉടമ ബാലകൃഷ്ണന്‍ ചടങ്ങില്‍ വെച്ച് വെളളാപ്പളളിക്ക് പയ്യന്നൂര്‍ പവിത്ര മോതിരം സമ്മാനിച്ചു. വി.പി.ദാസന്‍ സ്വാഗതം പറഞ്ഞു. കണ്ണൂരില്‍ നടന്ന സ്വീകരണ പരിപാടിയില്‍ എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ കെ.കെ.ധനേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി സംസ്ഥാന പ്രസിഡണ്ട് എം.എന്‍.സോമന്‍, വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി, സ്വാഗതസംഘം കണ്‍വീനര്‍ കെ.ജി.തങ്കപ്പന്‍, നീലകണ്ഠന്‍ മാസ്റ്റര്‍, തുറവൂര്‍ സുരേഷ്, സ്വാമി ഗ്വാരക് നാഥ്, താമരക്കുളം വാസുദേവന്‍ നമ്പൂതിരി, സുനില്‍ സി.കുട്ടപ്പന്‍, ഐ.ബാബു കുനത്തൂര്‍, എം.വി.ജയപ്രകാശ്, സി.എസ്.നായര്‍, ടി.വി.ബാബു, ടി.പി.മന്മഥന്‍, പി.പി.ജയകുമാര്‍, കെ.സത്യന്‍, എം.കെ.വിനോദ്, ശ്രീധരന്‍ കാരാട്ട്, സി.പി.മനോജ്, കെ.സജിത്ത് കുമാര്‍, എം.സദാനന്ദന്‍, ടി.വി.രഞ്ജന്‍, അനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. എസ്എന്‍ഡിപി യോഗം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സ്വാഗതവും പി.സി.രഘുറാം നന്ദിയും പറഞ്ഞു. തിങ്കളാഴ്ച കാസര്‍ഗോഡ് നിന്നാണ് സമത്വമുന്നേറ്റ യാത്ര ആരംഭിച്ചത്. ഭൂമി, വീട്, കുടിവെള്ളം, വൈദ്യുതി എന്നിവ ഇല്ലാത്തവരില്‍ നിന്ന് ജാഥാ ക്യാപ്റ്റന്‍ വെളളാപ്പളളി യാത്രയിലുടനീളം അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. ഡിസംബര്‍ 5ന് ശംഖുമുത്ത് യാത്ര സമാപിക്കും. യാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍ പര്യടനം ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.