ജലസമാധിയാകുന്നത് മുന്നണികള്‍: വെള്ളാപ്പള്ളി

Tuesday 24 November 2015 11:24 pm IST

തളിപ്പറമ്പ്/കണ്ണൂര്‍: സമത്വ മുന്നേറ്റ യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ ജലസമാധിയാകുന്നത്  ഇരുമുന്നണികളുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.സമത്വ മുന്നേറ്റ യാത്രക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്ര അവസാനിക്കുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി മുങ്ങിച്ചാകുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ നിക്കറിടുവിപ്പിക്കാന്‍ നടക്കുന്ന അച്യുതാനന്ദന്‍ തന്നെ വിമര്‍ശിക്കുമ്പോഴും പഴയ തൊഴില്‍ ഓര്‍മ്മിച്ചത് നന്നായി.  പല തെരഞ്ഞെടുപ്പുകളിലും തന്റെ വീട്ടില്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് വന്നയാളാണ് വിഎസ്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ പ്രമോഷന് വേണ്ടി തനിക്കെതിരെ എന്തൊക്കെയോ വിളിച്ചു കൂവുകയാണ്. തന്റെ യാത്രയുടെ ഫലമായി ഉറങ്ങിക്കിടക്കുകയായിരുന്ന വിഎസ് ഉണര്‍ന്നിരിക്കുന്നു. ആരെയൊക്കെയോ സുഖിപ്പിക്കാനായി അദ്ദേഹം വാളെടുത്ത് വീശുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മതേതരത്വം സ്ഥാപിക്കാന്‍ സെക്യുലര്‍ ജാഥ നടത്തുന്നവര്‍ ശ്രീനാരായണ ഗുരുവിന്റെ ചിത്രം മാത്രം ജാഥയില്‍ ഉള്‍പ്പെടുത്തിയത് എന്തിനെന്നും മതേതരത്വമാണെങ്കില്‍ ക്രിസ്തുവിനും ഇസ്ലാമിനും പ്രാതിനിധ്യം വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു. ഇല്ലാത്ത കഥകള്‍ പ്രചരിപ്പിച്ച് തന്നെ സ്വഭാവ ഹത്യ നടത്തുകയാണ്. മൈക്രോഫൈനാന്‍സില്‍ നിന്ന് താന്‍ ചില്ലിക്കാശെടുത്തതായി കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. എടുത്തില്ലെന്ന് തെളിഞ്ഞാല്‍ അച്യുതാനന്ദന്‍ പൊതുമാപ്പ് പറയാന്‍ തയാറാവണം. 13 കൊല്ലം മുമ്പ് മരിച്ച ശാശ്വതീകാനന്ദ സ്വാമിയുമായി ബന്ധപ്പെട്ട് നടക്കുന്ന ആരോപണങ്ങള്‍ അഞ്ചുകൊല്ലം സംസ്ഥാനം ഭരിച്ച വിഎസിന് എന്തുകൊണ്ട് അന്വേഷിച്ചുകൂടായിരുന്നു,  ഇപ്പോള്‍ എവിടെ നിന്നാണ് ബോധോദയം ഉണ്ടായതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.