ലോക്പാല്‍ വീണ്ടും ഏറ്റുമുട്ടലിലേക്ക്‌

Sunday 18 December 2011 11:26 am IST

പ്രത്യേക വിമാനത്തിനുള്ളില്‍ നിന്ന്‌: പാര്‍ലമെന്റിന്റെ നടപ്പ്‌ ശീതകാല സമ്മേളനത്തില്‍തന്നെ ലോക്പാല്‍ ബില്‍ പാസാക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ അവകാശപ്പെട്ടു. ബില്ലിന്‌ അന്തിമരൂപം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ രാപ്പകല്‍ അധ്വാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബില്‍ പാസാക്കുന്ന കാര്യം സംശയമാണെന്ന്‌ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയും പ്രതികരിച്ചു. ഇതോടെ, പ്രശ്നത്തില്‍ സര്‍ക്കാരും ഹസാരെ സംഘവും തമ്മിലുള്ള ഏറ്റുമുട്ടലിന്‌ വീണ്ടും കളമൊരുങ്ങുകയാണ്‌.
ലോക്പാല്‍ ബില്‍ ഇന്ന്‌ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിന്‌ സമര്‍പ്പിക്കാന്‍ കഴിയുമെന്ന്‌ മോസ്കോയില്‍നിന്നുള്ള മടക്കയാത്രയില്‍ സിംഗ്‌ വാര്‍ത്താലേഖകരോട്‌ പറഞ്ഞു. ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ആവര്‍ത്തിച്ച പ്രധാനമന്ത്രി അത്‌ പാര്‍ലമെന്റില്‍ എത്തിക്കഴിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന്‌ പറയാന്‍ ആര്‍ക്കും കഴിയില്ലെന്നും വ്യക്തമാക്കി.
ഈ മാസം 22 നാണ്‌ ശീതകാല സമ്മേളനം അവസാനിക്കുക. "ഒരിക്കല്‍ പാര്‍ലമെന്റില്‍ എത്തിക്കഴിഞ്ഞാല്‍ അത്‌ പിന്നീട്‌ പാര്‍ലമെന്റിന്റെ കൈകളിലാണ്‌. എന്ത്‌ സംഭവിക്കുമെന്ന്‌ പറയാന്‍ പറ്റില്ല. എന്നാല്‍ ബില്‍ നടപ്പുസമ്മേളനത്തില്‍തന്നെ പാസാക്കാനുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്‍ ആര്‍ക്കും സംശയം വേണ്ട," മന്‍മോഹന്‍ പറഞ്ഞു.
എന്നാല്‍, ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ പെരുമാറ്റമൊന്നും നേരായ ദിശയില്‍ അല്ലെന്നും സത്യഗ്രഹവും ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഹസാരെ മുന്നറിയിപ്പ്‌ നല്‍കി.
ശക്തമായ ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ത്തന്നെ പാസാക്കുമെന്ന്‌ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രധാനമന്ത്രി തനിക്ക്‌ ഉറപ്പ്‌ തന്നുകൊണ്ടിരിക്കുകയാണ്‌. സര്‍ക്കാരും ഇത്തരം ഒട്ടേറെ ഉറപ്പുകള്‍ തന്നിട്ടുണ്ടെങ്കിലും ജനങ്ങളെ പറ്റിക്കുന്ന സമീപനമാണ്‌ ഇവരില്‍നിന്ന്‌ ഉണ്ടാകുന്നത്‌.
'പ്രധാനമന്ത്രിയുടെ വാക്കുകള്‍ മുഖവിലക്കെടുത്താണ്‌ എല്ലാ പ്രക്ഷോഭങ്ങളും ശീതകാല സമ്മേളനം വരെ നിര്‍ത്തിവെച്ചത്‌. 22 ന്‌ ശീതകാല സമ്മേളനം തീരുന്നതിന്‌ മുമ്പ്‌ ബില്‍ പാസാക്കുന്ന കാര്യത്തില്‍ സംശയമുണ്ട്‌,' ഹസാരെ പ്രധാനമന്ത്രിക്ക്‌ എഴുതിയ നാല്‌ പേജുള്ള കത്തില്‍ ചൂണ്ടിക്കാട്ടി. ശക്തവും സ്വതന്ത്രവും കാര്യക്ഷമവുമായ ബില്‍ നടപ്പുസമ്മേളനത്തില്‍തന്നെ പാസാക്കിയില്ലെങ്കില്‍ 27 മുതല്‍ വീണ്ടും സത്യഗ്രഹത്തിന്‌ താന്‍ നിര്‍ബന്ധിതനാകും. 30 മുതല്‍ ജയില്‍നിറക്കല്‍ പ്രക്ഷോഭവും ആരംഭിക്കുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. പൗരാവകാശരേഖ ലോക്പാലിന്‌ കീഴിലാവുമെന്ന്‌ പാര്‍ലമെന്റ്‌ പാസാക്കിയ പ്രമേയത്തില്‍ വ്യക്തമായി പറഞ്ഞിട്ടും കഴിഞ്ഞ 13 ന്‌ കേന്ദ്രമന്ത്രിസഭ പ്രത്യേക പൗരാവകാശരേഖക്ക്‌ അംഗീകാരം നല്‍കിയതായുള്ള വാര്‍ത്തയില്‍ അദ്ദേഹം ആശ്ചര്യം രേഖപ്പെടുത്തി. സഭ പാസാക്കിയ പ്രമേയം പരിഗണിക്കാന്‍ പോലും തയ്യാറാകാത്ത പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ മനു അഭിഷേക്‌ സിംഗ്‌വി പാര്‍ലമെന്റിനെ അപമാനിക്കുകയാണ്‌ ചെയ്തതെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.