ഖരദൂഷാദികളുടെ സ്തുതി

Wednesday 25 November 2015 7:04 pm IST

ശ്രീരാമാസ്ത്രമേറ്റു മരിച്ച ഖരദൂഷണാദികള്‍ ഉടനെ ദിവ്യവിഗ്രഹരൂപികളായി മാറി. ശ്രീരാമനെ സ്തുതിക്കാന്‍ തുടങ്ങി. ഇങ്ങനെയൊരു ഭാഗം വാല്‍മീകി രാമായണത്തിലോ, മൂലഗ്രന്ഥത്തിലോ ഇല്ല. കിളിപ്പാട്ടില്‍ എഴുത്തച്ഛന്‍ സ്വന്തമായി രചിച്ചതാണ്. നമസ്‌തേ പാദാംബുജം രാമ! ലോകാഭിരാമ! നമസ്‌തേ പാപഹരം സേവകാഭീഷ്ടപ്രദം നമസ്‌തേശ്വര! ദയാവാരിധേ! രഘുപതേ! രമിച്ചീടണം ചിത്തം ഭവതിരമാപതേ എന്നു തുടങ്ങി അവര്‍ തങ്ങളുടെ പൂര്‍വകഥ പറയുന്നു. കഴിഞ്ഞജന്മത്തില്‍ ഞങ്ങള്‍ പരമശിവനെ തപസ്സുചെയ്തു. ഘോരമായ തപസ്സില്‍ സന്തുഷ്ടനായ ഭഗവാന്‍ എന്തുവരം വേണമെന്നു ചോദിച്ചു. ഞങ്ങളുടെ ഭേദ വിഭ്രമംതീര്‍ത്ത് സംസാരബന്ധനത്തില്‍ നിന്നും മുക്തിനല്‍കണമെന്നായിരുന്നു പ്രാര്‍ത്ഥിച്ചത്.അടുത്തജന്മത്തില്‍ ഞങ്ങള്‍ രാക്ഷസരായി പിറക്കുമെന്നും പരമേശ്വരന്‍ രാമനായിവരുമെന്നും അപ്പോള്‍ ഞങ്ങളുടെ രാക്ഷസശരീരം ഭേദിച്ച് ഞങ്ങള്‍ക്ക് മുക്തിനല്‍കുമെന്നും അനുഗ്രഹിച്ചു. അതിപ്പോള്‍ സഫലമായിരിക്കുന്നു. തീര്‍ച്ചയായും രഘുപതിയായ അവിടുന്ന് മഹാദേവന്‍ തന്നെയാണ്. ആനന്ദസ്വരൂപനായ അങ്ങ് ജ്ഞാനോപദേശം നല്‍കി ഞങ്ങളെ മുക്തരാക്കണം. അവരുടെ അപേക്ഷ കേട്ട് ശ്രീരാമന്‍ മന്ദഹാസത്തോടെ പറഞ്ഞു. വിഗ്രഹേന്ദ്രിയ മനഃപ്രാണാഹങ്കാരാദികള്‍- ക്കൊക്കെവേ സാക്ഷിഭൂതനായതു പരമാത്മാ- ജാഗ്രത്സ്വപ്‌നാഖ്യാദ്യവസ്ഥാഭേദങ്ങള്‍ക്കും മീതെ സാക്ഷിയാം പരബ്രഹ്മം സച്ചിദാനന്ദമേകം ബാല്യകൗമാരാദികളാഗമാപായികളാം കാല്യാദിഭേദങ്ങള്‍ക്കും സാക്ഷിയായ് മീതേ നില്‍ക്കും. പരമാത്മാവു പരബ്രഹ്മമാനന്ദാത്മകം പരമം ധ്യാനിക്കുമ്പോള്‍ കൈവല്യം വന്നുകൂടും (ദേഹം, ഇന്ദ്രിയങ്ങള്‍, മനസ്സ്, പ്രാണന്‍, അഹങ്കാരം മുതലായവയൊക്കെ സാക്ഷിയായിരിക്കുന്നതാണ് പരമാത്മാവ്. ജാ ഗ്രത്ത്, സ്വപ്‌നം, സുഷുപ്തി തുടങ്ങിയ അവസ്ഥാഭേദങ്ങള്‍ക്കുപരിയായി എല്ലാറ്റിനും സാക്ഷിയായി നില്‍ക്കുന്ന പരബ്രഹ്മം സച്ചിദാനന്ദവും ഏകവുമാണ്. ബാല്യം, കൗമാരം തുടങ്ങിയവ വന്നുംപോയും കൊണ്ടിരിക്കുന്നവയാണ്. പ്രഭാതം തുടങ്ങിയ കാലഭേദങ്ങള്‍ക്കും സാക്ഷിയായ് അവയ്‌ക്കെല്ലാം മീതെയായി നില്‍ക്കുന്നതാണ് പരബ്രഹ്മം. അത് ആനന്ദാത്മകമാണ്. അതിനെത്തന്നെ എപ്പോഴും ധ്യാനിക്കുമ്പോള്‍ മുക്തി ലഭിക്കും). ഇപ്രകാരം ശ്രീരാമന്‍ അവര്‍ക്കെല്ലാം മുക്തി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.