കഞ്ഞിക്കുഴി ലൂഥറന്‍സ് സ്‌ക്കൂള്‍- പട്ടംവെളി റോഡ് അവഗണനയില്‍

Wednesday 25 November 2015 8:28 pm IST

മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലെ ലൂഥറന്‍സ് എല്‍പി സ്‌കൂള്‍ മുതല്‍ പട്ടംവെളി വരെയുള്ള റോഡിനോട് അധികൃതര്‍ക്ക് അവഗണന. നൂറ്റാണ്ടുകളോളം പൊതുവഴിയായി ഉപയോഗിച്ചിരുന്ന സ്ഥലം ഒന്നര പതിറ്റാണ്ടുമുമ്പാണ് റോഡാക്കിമാറ്റിയത്.എന്നാല്‍ സ്ഥലം ഉടമയുടെ സമ്മതപത്രം വാങ്ങാതെയാണ് റോഡ് നിര്‍മിച്ചെന്നാരോപിച്ച് സ്വകാര്യ വ്യക്തി കോടതിയെ സമീപിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് 370 മീറ്റര്‍ നീളമുള്ള റോഡിന്റെ മധ്യഭാഗത്തെ 35 മീറ്റര്‍ പൊളിച്ചുമാറ്റുകയും ചെയ്തു.ഇതോടെ ഇതുവഴിയുള്ള ഗതാഗതം ജനങ്ങള്‍ക്ക് ദുരിതപൂര്‍ണമായി. പലതവണ നാട്ടുകാര്‍ പഞ്ചായത്തിനെ സമീപിക്കുമ്പോഴും നിഷേധാത്മക നിലപാടാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ആരോപണം ഉയര്‍ന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി റോഡ് നവീകരിക്കുന്നതിനായി 1.75000 രൂപ അനുവദിച്ചെങ്കിലും പൊളിച്ചുനീക്കിയ ഭാഗം പുനര്‍നിര്‍മിക്കാതെ റോഡിന്റെ ഇരുവശങ്ങളും മോഡിപിടിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്.ഇത് ജനരോഷത്തിന് കാരണമാവുകയായിരുന്നു. 19 വര്‍ഷം മുമ്പ് പി. അനില്‍കുമാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ് റോഡ്‌നിര്‍മിക്കാനായി സ്ഥലമേറ്റെടുത്തത്. പിന്നീട് അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. ഇതോടെയാണ് നിരവധിപേരുടെ ഗതാഗത മാര്‍ഗമായ റോഡ് അനാഥാവസ്ഥയിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.