ചിദംബരം തീക്കളിക്ക്‌

Sunday 18 December 2011 11:36 am IST

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം തീക്കളിക്കൊരുങ്ങുന്നു. ലക്ഷക്കണക്കിനാളുകളുടെ തലക്ക്‌ മുകളില്‍ ജലബോംബായി നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പ്രശ്നം ഉപതെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ടാണ്‌ കേരളത്തിലെ പാര്‍ട്ടികള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന ചിദംബരത്തിന്റെ പ്രസ്താവന വന്‍വിവാദമായി. ചിദംബരത്തിനെതിരെ കോണ്‍ഗ്രസ്‌ അടക്കമുള്ള പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നു.
ഡിഎംകെയും എഐഎഡിഎംകെയുമടക്കം തമിഴ്‌നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളെ പ്രീതിപ്പെടുത്താന്‍ നടത്തിയ പ്രസ്താവനക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസ്‌ അടക്കമുള്ള കക്ഷികള്‍ രംഗത്തുവന്നു. ഉപതെരഞ്ഞെടുപ്പ്‌ കഴിയുന്നതോടെ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിലെ പാര്‍ട്ടികളുടെ ആശങ്ക തീരുമെന്നും അണക്കെട്ട്‌ നിര്‍മിച്ചത്‌ തമിഴ്‌നാടിന്‌ വേണ്ടിയാണെന്നും തമിഴ്‌നാട്‌ കോണ്‍ഗ്രസ്‌ കമ്മറ്റി സംഘടിപ്പിച്ച ഒരു പരിപാടിയിലാണ്‌ ചിദംബരം തുറന്നടിച്ചത്‌. മുല്ലപ്പെരിയാറിനെയും കൂടംകുളം ആണവപദ്ധതിയെയും സംബന്ധിച്ചുള്ളതായിരുന്നു പരിപാടി. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുപ്രീംകോടതിവിധി തമിഴ്‌നാടിന്‌ അനുകൂലമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സുരക്ഷിതമാണെന്നും ജലനിരപ്പ്‌ 142 അടിവരെ ഉയര്‍ത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും കേരളത്തിന്റെ സത്യവാങ്മൂലത്തിന്‌ മറുപടിയായി തമിഴ്‌നാട്‌ മുന്‍ ചീഫ്‌ ജസ്റ്റിസ്‌ എ.എസ്‌. ആനന്ദ്‌ അധ്യക്ഷനായുള്ള ഉന്നതാധികാര സമിതിയെ അറിയിച്ചു. ആശങ്കാജനകമായ സാഹചര്യങ്ങളും ബന്ദുകളുമെല്ലാം കേരള സര്‍ക്കാരിന്റെ സൃഷ്ടിയാണ്‌. അവശേഷിക്കുന്ന ബലപ്പെടുത്തല്‍ നടപടികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ജലനിരപ്പ്‌ 152 അടിയായി ഉയര്‍ത്താനും സപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്ന്‌ തമിഴ്‌നാട്‌ പറഞ്ഞു.
സുപ്രീംകോടതിയുടെ തീരുമാനം വന്നതിനുശേഷമേ പുതിയ അണക്കെട്ട്‌ പരിഗണിക്കുന്ന കാര്യം പോലും ഉദിക്കുന്നുള്ളൂ. കഴിഞ്ഞ ജൂലൈ 26 നും നവംബര്‍ 26 നുമിടക്ക്‌ പ്രദേശത്ത്‌ 22 ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന കേരളത്തിന്റെ നിലപാടിനെ തമിഴ്‌നാട്‌ എതിര്‍ത്തു. ഇക്കാലയളവില്‍ കോട്ടയം-ഇടുക്കി ജില്ലകളില്‍ നാല്‌ ഭൂചലനങ്ങള്‍ മാത്രമാണ്‌ ഉണ്ടായിട്ടുള്ളതെന്ന്‌ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പില്‍നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ച്‌ തമിഴ്‌നാട്‌ അവകാശപ്പെട്ടിട്ടുണ്ട്‌. ഇത്തരം ഭൂചലനങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്നതാണ്‌. വളരെ ദുര്‍ബലങ്ങളായ ഇവ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ മേല്‍ യാതൊരു സമ്മര്‍ദ്ദവും ഉണ്ടാക്കുന്നില്ല. സോണ്‍ മൂന്നിലുണ്ടാകാനിടയുള്ള ഭൂചലനങ്ങള്‍ വരെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രൂപകല്‍പ്പന. ഡാം വേണ്ട വിധത്തില്‍ ശക്തിപ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ ആശങ്കക്ക്‌ കാര്യമില്ലെന്ന്‌ കേരളത്തിന്റെ അപേക്ഷ തള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ തമിഴ്‌നാട്‌ അവകാശപ്പെടുന്നു.
സ്പെക്ട്രം പ്രശ്നത്തില്‍ നില പരുങ്ങലിലായതോടെയാണ്‌ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇടപെട്ട്‌ വിവാദപ്രസ്താവന നടത്തി ശ്രദ്ധ തിരിക്കാന്‍ ചിദംബരം ശ്രമിച്ചതെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്രമന്ത്രിസഭയില്‍നിന്നുള്ള രാജി അനിവാര്യമായ സാഹചര്യങ്ങളിലേക്ക്‌ നീങ്ങുന്നതിനിടെയാണ്‌ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഏറെ വൈകിയുള്ള ചിദംബരത്തിന്റെ ഇടപെടല്‍. കേന്ദ്രസര്‍ക്കാരില്‍നിന്ന്‌ പടിയിറങ്ങേണ്ടിവന്നാലും തമിഴ്‌ രാഷ്ട്രീയപാര്‍ട്ടികളുടെ സഹായം ഉറപ്പിക്കാനുള്ള ചിദംബരത്തിന്റെ അവസാനത്തെ കളിയായും ഈ പ്രസ്താവന വ്യാഖ്യാനിക്കപ്പെടുന്നു. സ്പെക്ട്രം പ്രശ്നം നിയമത്തിന്റെ പിടിയിലമരുന്നതോടെ ചിദംബരത്തിന്റെ കളി തീക്കളിയായി മാറാനുള്ള എല്ലാ സാഹചര്യവും ഇതോടെ ഒരുങ്ങിയിരിക്കയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.