പാനായിക്കുളം സിമി കേസ് പ്രോസിക്യൂഷനും എന്‍ഐഎക്കും തിരിച്ചടി

Wednesday 25 November 2015 9:11 pm IST

കൊച്ചി: പാനായിക്കുളം സിമി ക്യാമ്പില്‍ 11 പ്രതികളെ വെറുതെ വിട്ടപ്പോഴും കാലഘട്ടം ആവശ്യപ്പെടുന്ന വിധിയെന്നാണ് എന്‍ഐഎ പ്രോസിക്യൂട്ടറുടെ പ്രതികരണം. ആദ്യ അഞ്ച് പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ കോടതി ശരിവെച്ചത് ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎയുടെ പ്രതിരോധം. എന്നാല്‍ കേരളത്തിലെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പുതിയ വിവരങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ദേശസ്‌നേഹികളെ നിരാശരാക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ കോടതി വിധി. അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസില്‍ 18 പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെയാണ് പാനായിക്കുളം കേസും ദേശീയ അന്വേഷണ ഏജന്‍സിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയെങ്കിലും രണ്ട് പേര്‍ക്കെതിരെ മാത്രമാണ് രാജ്യദ്രോഹക്കുറ്റം തെളിയിക്കാന്‍ സാധിച്ചത്. യുഎപിഎ പ്രകാരം കുറ്റം ചുമത്തപ്പെട്ടിട്ടുള്ളത് നിരോധിത സംഘടനയില്‍ പ്രവര്‍ത്തനം തുടര്‍ന്നതിനും യോഗം സംഘടിപ്പിച്ചതിനുമാണ്. താരതമ്യേന ചെറിയ വകുപ്പുകളാണിത്. അതിനാല്‍ മുഴുവന്‍ കുറ്റക്കാര്‍ക്കുമെതിരെ ജീവപര്യന്തം ലഭിക്കാനുള്ള സാധ്യതയുമില്ല. ശിക്ഷ അറിഞ്ഞതിന് ശേഷം അപ്പീല്‍ സംബന്ധിച്ച തീരുമാനം വ്യക്തമാക്കാമെന്ന് എന്‍ഐഎ പറയുമ്പോള്‍ അപ്പീല്‍ നല്‍കിയാല്‍ ബാക്കിയുള്ളവരെക്കൂടി രക്ഷപ്പെടുത്താനാകുമെന്ന ആത്മവിശ്വാസമാണ് പ്രതിഭാഗം അഭിഭാഷകന്‍ പ്രകടിപ്പിച്ചത്. നിരോധിത സംഘടനയുടെ യോഗത്തില്‍ പങ്കെടുത്തുവെന്ന കുറ്റമാണ് വിട്ടയക്കപ്പെട്ടവര്‍ക്കെതിരെ ചുമത്തിയിരുന്നത്. പരമാവധി രണ്ട് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണെന്ന് നിസാരവത്കരിക്കുമ്പോഴും കുറ്റപത്രത്തില്‍ എന്‍ഐഎ ഇവരുടെ പങ്ക് എടുത്ത് പറയുന്നുണ്ട്. ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ ആളുകളെത്തിയത്. സിമിയുടെ പരിപാടിക്ക് മാത്രമായാണ് ഇവര്‍ എത്തിച്ചേര്‍ന്നത്. സ്ഥലത്തെത്തിയ പോലീസ് രാജ്യത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി നേതാക്കള്‍ പ്രസംഗിക്കുന്നതും കേട്ടിരുന്നു. പ്രാസംഗികരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സദസ്സിലുള്ളവര്‍ കൈക്കൊണ്ടതെന്നും കുറ്റപത്രത്തിലുണ്ട്. ആദ്യം കേസന്വേഷിച്ചിരുന്ന ലോക്കല്‍ പോലീസ് നേതാക്കളായ അഞ്ച് പേരെ മാത്രമാണ് പ്രതികളാക്കിയിരുന്നത്. പിന്നീട് പ്രത്യേക അന്വേഷണ സംഘമാണ് സദസ്സിലുണ്ടായിരുന്ന 13 പേരെക്കൂടി പ്രതി ചേര്‍ത്തത്. രണ്ട് മാസം മുന്‍പ് വിധി പറയാനിരിക്കുമ്പോഴാണ് സംഭവം നടക്കുമ്പോള്‍ 13ാം പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്. ജനന തീയതി നോക്കിയാല്‍ തന്നെ ഇതറിയാമെന്നിരിക്കെ എന്‍ഐഎയുടെ ഭാഗത്ത് നിന്നും വലിയ വീഴ്ചയുണ്ടായതായാണ് വിലയിരുത്തുന്നത്. ഇതേ തുടര്‍ന്ന് വിധി പറയുന്നത് മാറ്റി വെക്കുകയായിരുന്നു. ഇയാളുടെ വിചാരണ കോട്ടയം ജുവനൈല്‍ കോടതിയില്‍ നടക്കും. കാലഘട്ടം ആവശ്യപ്പെടുന്ന വിധി: എന്‍ഐഎ കൊച്ചി: പാനായിക്കുളം സിമി ഭീകരവാദ കേസില്‍ കാലഘട്ടം ആവശ്യപ്പെടുന്ന വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായതെന്ന് ദേശീയ അന്വേഷണ ഏജന്‍സി സ്‌പെഷ്യല്‍ പ്രേസിക്യൂട്ടര്‍ അഡ്വ.മനു. വെറുതെ വിട്ടവര്‍ക്കെതിരെ നിരോധിത സംഘടനയുടെ യോഗത്തില്‍ പങ്കെടുത്തുവെന്ന കുറ്റം മാത്രമാണ് ചുമത്തിയിരുന്നത്. പരമാവധി രണ്ട് വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇതൊഴികെ മറ്റ് കുറ്റങ്ങള്‍ മുഴുവന്‍ തെളിയിക്കാന്‍ എന്‍ഐഎക്ക് സാധിച്ചു. ഒന്നു മുതല്‍ അഞ്ച് വരെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ശരിവെച്ചു. അപ്പീല്‍ നല്‍കുമോയെന്നത് ശിക്ഷാ വിധിക്ക് ശേഷം വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.