സ്മാര്‍ട്ട് സിറ്റി: സംശയം തീരുന്നില്ല കൗണ്‍സിലര്‍മാര്‍ക്ക്

Wednesday 25 November 2015 9:40 pm IST

കൊച്ചി: സ്മാര്‍ട് സിറ്റി പദ്ധതി സംബന്ധിച്ചുള്ള കൗണ്‍സിലര്‍മാരുടെ സംശയം തീരുന്നില്ല. പുതിയ കൗണ്‍സിലര്‍മാര്‍ക്ക് സ്മാര്‍ട് സിറ്റി പദ്ധതി പരിചയപ്പെടുത്തുന്നതിനായി ഇന്നലെ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗണ്‍സിലര്‍മാര്‍ സംശയങ്ങള്‍ പ്രകടിപ്പിച്ചത്. കഴിഞ്ഞ കൗണ്‍സില്‍ കാലത്ത് പദ്ധതി വിശദമായി അവതരിപ്പിച്ച് അനുമതി തേടിയിരുന്നെങ്കിലും അന്നത്തെ കൗണ്‍സിലില്‍ ഉണ്ടായിരുന്നവര്‍ക്കും സംശയങ്ങള്‍ മാറിയിരുന്നില്ല. പദ്ധതി വിശദീകരണത്തിനു മുമ്പേ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി പദ്ധതി സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിച്ചു. തുടര്‍ന്ന് പദ്ധതിയുടെ വിശദമായ രൂപരേഖയുടെ പ്രസന്റേഷന്‍ നടന്നു. ഇതിനു ശേഷമാണ് സംശയങ്ങളുമായി അഗങ്ങള്‍ രംഗത്തെത്തിയത്. പദ്ധതിയുടെ നടത്തിപ്പ് എങ്ങനെ, ഫണ്ടിന്റെ ഉറവിടം ഏതൊക്കെ മേഖലകള്‍ പദ്ധതിയില്‍ ഉള്‍പ്പെടും തുടങ്ങി നിരവധി സംശയങ്ങള്‍ അംഗങ്ങള്‍ പങ്കുവച്ചു. എന്നാല്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ മേയര്‍ക്കോ, ഡെപ്യൂട്ടി മേയര്‍ക്കോ ആയില്ല. സ്മാര്‍ട് സിറ്റി പദ്ധതി വരുമ്പോള്‍ ജനറം, റേ, പിഎംആര്‍വൈ തുടങ്ങി മുന്‍ കാലങ്ങളില്‍ നടപ്പാക്കിയ പദ്ധതികളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് വ്യക്തമാക്കണമെന്ന് ഭരണ പക്ഷ അംഗം കെ.ആര്‍. പ്രേംകുമാര്‍ ആവശ്യപ്പെട്ടു. ജനറം പദ്ധതികള്‍ വഴി വന്ന വണ്ടി എവിടെപ്പോയെന്നും നഗരത്തിലെ പ്രധാന വിഷയമായ കനാല്‍ നവീകരണം പദ്ധതിയുടെ ഭാഗമാകാത്തതിന്റെ വിരോധാഭാസവും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചി കായല്‍ കൈയ്യേറ്റം ഒഴിപ്പിക്കാതെ സ്മാര്‍ട് സിറ്റിയുടെ ഭാഗമായ നടപ്പാത നിര്‍മാണം അസാധ്യമാകും. അവതാളത്തിലായ കുടിവെള്ള പദ്ധതികളുടെ ഭാവി എന്താകും തുടങ്ങിയ ആശങ്കകളും അംഗങ്ങള്‍ ഉന്നയിച്ചു. ജനറം പദ്ധതിപ്രകാരം ലഭിച്ച ബസുകള്‍ സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തതായി ഭരണപക്ഷ അംഗം എ.ബി. സാബു ആരോപിച്ചു. പദ്ധതിയുടെ രൂപ രേഖയുടെ കോപ്പികള്‍ അംഗങ്ങള്‍ക്ക് ലഭ്യമാക്കാതിരുന്നതിനെ ചൊല്ലിയും വിമര്‍ശനമുയര്‍ന്നു. ചെന്നൈയിലെ ഇക്ര മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സിയാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ 98 നഗരങ്ങളാണ് ഈ പദ്ധതിക്കു വേണ്ടി മത്സരിക്കുന്നത്. ഇതില്‍ നിന്നും 20 നഗരങ്ങളാണ് ആദ്യ 20 ല്‍ എത്തുക. ഇതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ആദ്യ കടമ്പകഴിഞ്ഞാല്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടിവരും. ജലഗതാഗത വികസനം, കാര്യക്ഷമമായ ശുദ്ധജല വിതരണം, ആരോഗ്യം,വിദ്യാഭ്യാസം, സ്മാര്‍ട്ട് കാര്‍ഡ് സൗകര്യം, സോളാര്‍ സിറ്റി സ്‌കീം തുടങ്ങിയ 24 ഇനങ്ങളിലാണ് ഊന്നല്‍ നല്‍കുന്നത്. ഒരു മേഖലയില്‍ ഇവ വിജകയകരമായി നടപ്പിയശേഷം ആ മാതൃക മറ്റു ഭാഗങ്ങളിലും നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് പദ്ധതി രൂപരേഖ അവതരിപ്പിച്ച് എ.വി. സുന്ദര്‍രാജന്‍ പറഞ്ഞു. പശ്ചിമ കൊച്ചിയിലെ ഒന്നു മുതല്‍ അഞ്ച് വരെയുള്ള ഫോര്‍ട്ട്‌കൊച്ചി, കല്‍വത്തി, ഈരവേലി, കരിപ്പാലം, മട്ടാഞ്ചേരി എന്നീ ഡിവിഷനുകളും അമരാവതിയുടെ വടക്ക് ഭാഗങ്ങളും ഉള്‍പ്പെട്ട 800 ഏക്കറും സെന്റര്‍ സിറ്റിയിലെ 900 ഏക്കറും അടക്കം മൊത്തം 1700 ഏക്കറോളം, ആയിരം കോടി ചെലവഴിക്കുന്ന മെട്രൊ സിറ്റി പദ്ധതിയുടെ ഭാഗമായുള്ള രൂപരേഖയില്‍ വരും. കേന്ദ്രസര്‍ക്കാരിന്റെ വകയായി 500 കോടി രൂപയ്ക്കു പുറമെ സംസ്ഥാന സര്‍ക്കാര്‍, നഗസഭ എന്നിവയുടെ വിഹിതമായി 500 കോടി രൂപയും പദ്ധതി നടപ്പാക്കുന്നതിനായി കണ്ടെത്തേണ്ടിവരും. വിവിധ പദ്ധതികളില്‍ നിന്നും ഈ തുക കണ്ടെത്താനാവുമെന്നും രൂപ രേഖയില്‍ പറയുന്നു. ഡിസംബര്‍ 18നു പദ്ധതിയുടെ രൂപരേഖ കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ മുന്‍പാകെ സമര്‍പ്പിക്കണം. പദ്ധതി വളരെ സുതാര്യവും കൂടുതല്‍ ജനങ്ങള്‍ക്കു ഉപകാരപ്രദവും വരുമാനം ഉണ്ടാക്കുന്നതും ആയിരിക്കണമെന്നതാണ് കേന്ദ്ര നഗരവികസന മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുള്ള നിബന്ധന. നഗരസഭയുടെ എല്ലാ മേഖലയിലേക്കും നിലവില്‍ പദ്ധതി വ്യാപിക്കാന്‍ കഴിയില്ലെന്നും ഡെപ്യുട്ടി മേയര്‍ ടി.ജെ. വിനോദ് ചൂണ്ടിക്കാട്ടി. വിശദമായ റിപ്പോര്‍ട്ട് ഉണ്ടാക്കുന്നതിനു ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ സഹായത്തോടെ പ്രമുഖ ഉപദേഷ്ടാക്കളായ ആറ്റ്കിന്‍സ് സൗജന്യ സേവനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.