റവന്യൂ ജില്ല സ്‌കൂള്‍ കായികമേളക്ക് ഇന്ന് തുടക്കം

Wednesday 25 November 2015 9:53 pm IST

കൊച്ചി: 14-ാമത് എറണാകുളം റവന്യൂജില്ല സ്‌കൂള്‍ കായിക മേള 26, 27, 30- വ്യാഴം, വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ നടക്കും. 14 സബ്ജില്ലകളില്‍ നിന്നായി മൂവ്വായിരത്തോളം കുട്ടികളും നൂറോളം ഒഫീഷ്യല്‍സും മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ പങ്കെടുക്കും. അദ്ധ്യാപകര്‍ക്കുള്ള മത്സരങ്ങളും മേളയുടെ ഭാഗമാണ്. ഇന്ന് രാവിലെ 8ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. ഷൈന്‍മോന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് 9.30ന് മേയര്‍ സൗമിനി ജെയിന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ എംഎല്‍എ ഹൈബി ഈഡന്‍ മേള ഉദ്ഘാടനം ചെയ്യും. ഡൊമനിക് പ്രസന്റേഷന്‍ മുഖ്യ പ്രഭാഷണം നടത്തും. 93 ഇനങ്ങളിലായാണ് മത്സരം നടക്കുന്നത്. നിരവധി സംസ്ഥാന, ദേശീയ താരങ്ങള്‍ പങ്കെടുക്കുന്നു എന്നുള്ളതാണ് ഈ മേളയുടെ സവിശേഷത. മേളയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ ഡിസംബര്‍ 5 മുതല്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിക്കും. 30ന് തിങ്കളാഴ്ച വൈകീട്ട് 3.30ന് മേള സമാപിക്കും. ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എം.കെ. ഷൈന്‍മോന്‍ സമ്മാനദാനം നിര്‍വ്വഹിക്കുന്നതാണ്. മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഭക്ഷണം എസ്ആര്‍വി സ്‌ക്കൂളിലാണ് ക്രമീകരിച്ചിട്ടുള്ളത്. മേളയുടെ വിജയത്തിനായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ചെയര്‍പേഴ്‌സനും, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.കെ.ഷൈന്‍മോന്‍ ജനറല്‍ കണ്‍വീനറും ആയി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ അദ്ധ്യാപക സംഘടന പ്രതിനിധികള്‍ കണ്‍വീനര്‍മാരായി പതിനാല് സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.