ജില്ലയില്‍ സിപിഎം അക്രമം വ്യാപിപ്പിക്കുന്നു

Wednesday 25 November 2015 10:35 pm IST

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം വ്യാപിപ്പിക്കുന്നു. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കാണ് സിപിഎം ക്രിമിനല്‍ സംഘങ്ങളുടെ അക്രമത്തില്‍ പരിക്കേറ്റത്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വ്യാപക അക്രമത്തിനാണ് സിപിഎം നേതൃത്വം പദ്ധതിയിട്ടിരുന്നത്. ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെ വ്യാപകമായി ആയുധ ശേഖരണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഎം കേന്ദ്രങ്ങളായ കൂത്തുപറമ്പ് പഴയനിരത്ത് നിന്നും ഇരിട്ടി മുടക്കോഴി മലയില്‍ നിന്നും പോലീസ് വന്‍ ആയുധശേഖരം പിടിച്ചതോടെയാണ് സിപിഎം ഭാഗികമായി തന്ത്രം മാറ്റിയത്. ഉഗ്രസ്‌ഫോടന ശേഷിയുള്ള നൂറുകണക്കിന് ബോംബുകള്‍, വാളുകള്‍, നായ്ക്കുരണപ്പൊടി എന്നിവയാണ് പോലീസ് പിയികൂടിയത്. ഇതുമായി ബന്ധപ്പെട്ട് സിപിഎം ക്രിമിനല്‍ സംഘത്തിന്റെ തലവനായ പി.എം.മനോരാജ് അറസ്റ്റിലായിരുന്നു. ബൂത്ത് ഏജന്റുമാരെ അക്രമിക്കാനാണ് നായ്ക്കുരണപ്പൊടി ശേഖരിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. മനോരാജ് ഇപ്പോള്‍ റിമാന്‍ഡിലാണ്. പിണറായിയുടെ സന്തത സഹചാരിയും ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററുമായ പിഎം മനോജിന്റെ അനുജനാണ് മനോരാജ്. കൂത്തുപറമ്പ് കോട്ടയം മലബാര്‍ ഗ്രാമപഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബീനാനിവാസില്‍ സന്തോഷിന്റെ ഇരുകാലുകളും സിപിഎം സംഘം അടിച്ച് തകര്‍ക്കുകയായിരുന്നു. സന്തോഷ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിച്ചത് മുതല്‍ സന്തോഷിനേയും കുടുംബത്തേയും സിപിഎം സംഘം നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ദീപാവലിക്ക് ക്ഷേത്രദര്‍ശനത്തിനു പോകവേയായിരുന്നു സന്തോഷിനെ അക്രമിച്ചത്. തലശ്ശേരി കായലോടിനടുത്ത് വര്‍ക്ക് ഷോപ്പില്‍ വെച്ചാണ് പിണറായി വിജയന്റെ അയല്‍വാസിയായ പാണ്ട്യാലമുക്കിലെ രാജന്റെ മകന്‍ രയരോത്ത് വീട്ടില്‍ റൈജേഷിന്റെ കൈകള്‍ സിപിഎമ്മുകാര്‍ വെട്ടിമാറ്റിയത്. പിണറായിയുടെ നാട്ടില്‍ മറ്റ് പാര്‍ട്ടിക്കാര്‍ വേണ്ടെന്ന് ആക്രോശിച്ചാണ് അക്രമികള്‍ റൈജേഷിനെ അക്രമിച്ചത്. റൈജേഷ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് ആലച്ചേരിയില്‍ ഹിന്ദു ഐക്യവേദി നേതാവ് ഹരികൃഷ്ണന്‍ ആലച്ചേരിയുടെ വീടിന് നേരെ കല്ലെറിയുകയും വീട്ടുമുറ്റത്ത് റീത്ത് വെക്കുകയും ചെയ്തിരുന്നു. കൂടാളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യുവാവിന്റെ വീട്ട് വരാന്തയിലും റീത്ത്‌വെച്ചു. താഴെചൊവ്വ പെതങ്ങളായിയില്‍ സ്ഥിതി ചെയ്യുന്ന ബിജെപി ഓഫീസായ മാരാര്‍ജി ഭവന്റെ ജനല്‍ച്ചില്ലുകളും വാതിലുകളും കൊടിമരവും സിപിഎം സംഘം അടിച്ചു തകര്‍ത്തിരുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നേരെമാത്രമല്ല മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും നിരന്തരമായി അക്രമം നടത്തി ഭീഷണിപ്പെടുത്താന്‍ സിപിഎം നേതൃത്വം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് തളിപ്പറമ്പിലെ ലീഗ് നേതാവ് കെ.വി.എം.കുഞ്ഞിയെ സിപിഎമ്മുകാര്‍ അക്രമിച്ച് കൊലപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം കുറ്റിക്കോലില്‍ വെച്ചാണ് കെ.വി.എം.കുഞ്ഞിയെ സിപിഎമ്മുകാര്‍ അക്രമിച്ചത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തല അടിച്ച് തകര്‍ക്കുകയായിരുന്നു. തളിപ്പറമ്പില്‍ മുഹമ്മദ് കുഞ്ഞിക്ക് സ്വാധീനം വര്‍ദ്ധിച്ച് വരുന്നതില്‍ വിറളിപൂണ്ട സിപിഎം നേതൃത്വം കുഞ്ഞിയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. സംഘ പരിവാര്‍ സംഘടനകള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഒരേ സമയം അക്രമം നടത്തുകയെന്ന ദ്വിമുഖ തന്ത്രമാണ് സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഏകപക്ഷീയമായ അക്രമം അഴിച്ചു വിടുകയാണ് സിപിഎം. കൂത്തുപറമ്പില്‍ നിന്ന് പോലീസ് കണ്ടെത്തിയതുപോലെ നിരവധി സിപിഎം കേന്ദ്രങ്ങളില്‍ ഇതിനായി വന്‍ ആയുധശേഖരണവും നടത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.