26/11: ഭീകരതയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഏഴു വയസ്

Thursday 26 November 2015 10:59 am IST

മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് ഏഴു വയസ്. ലോകം ഭീകരതയുടെ നിഴലില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുംബൈ ഭീകരാക്രമണ ദിനത്തേയും വേദനയോടെ ഓര്‍മ്മിക്കുന്നത്. ആക്രമണത്തില്‍ വീരചരമം അടഞ്ഞവര്‍ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ മന്ത്രിമാരും മുംബൈ പോലീസിലെ ഉന്നതരും പങ്കെടുത്തു. 2008 നവംബര്‍ 26ന് ആരംഭിച്ച ഭീകരാക്രമണം മൂന്നുദിവസം ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തി. ആക്രമണത്തില്‍ 22 വിദേശികള്‍ ഉള്‍പ്പെടെ 166 പേര്‍ മരിക്കുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്രപതി ശിവജി ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷന്‍, ഒബ്‌റോയി ട്രിഡന്റ്, താജ്മഹല്‍ പാലസ് എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ലിയോപോള്‍ഡ് കഫേ, കാമ ഹോസ്പിറ്റല്‍, ഓര്‍ത്തഡോക്‌സ് ജൂയിഷ് സെന്റര്‍, മെട്രോ ആഡ്‌ലാബ്‌സ് തീയേറ്റര്‍, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലാണ് ഭീകരാക്രമണങ്ങള്‍ നടന്നത്. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിനടുത്ത കാമ ഹോസ്പിറ്റലില്‍ നടന്ന വെടിവെപ്പില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിലെ ചീഫ് ഓഫീസറടക്കം മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍ ഭീകരന്‍ മുഹമ്മദ് അജ്മല്‍ അമീര്‍ കസബിനെ പിടികൂടിയതോടെയാണ് മുംബൈ ഭീകരാക്രമണ ഗൂഢാലോചന പുറത്തുവന്നത്. വിചാരണയ്ക്കുശേഷം കസബിനെ തൂക്കിലേറ്റിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.