പൊള്ളാച്ചി: ഷൂട്ടിംഗ് ലൊക്കേഷന്‍ നോക്കാനെത്തിയ മലയാള സിനിമാ സംഘത്തെ തമിഴ്നാട്ടില്‍ തടഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. സംവിധായകന് വൈശാഖന് അടക്കമുള്ളവരെയാണ് പൊള്ളാച്ചിയിലെ ഹോട്ടലില്‍ വളഞ്ഞത്.
‘മല്ലുസിംഗ്’ എന്ന സിനിമയുടെ ലൊക്കേഷന്‍ നോക്കാനായിരുന്നു ഇവര്‍ പൊള്ളാച്ചിയില്‍ എത്തിയത്. പോലീസ് ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്. സംവിധായകന് വൈശാഖന്, ക്യാമറാമാന് ഷാജി, കലാസംവിധായകന്‍ ജോസഫ് നെല്ലിക്കല്‍ എന്നിവരടങ്ങുന്ന സംഘം താമസിച്ചിരുന്ന ശക്തി ഹോട്ടല്‍ തമിഴ് ദേശീയ പൊതു ഉടമൈ എന്ന പ്രാദേശിക സംഘടനയുടെ പ്രവര്‍ത്തകര്‍ വളയുകയായിരുന്നു.
പൊള്ളാച്ചി എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് സിനിമാ പ്രവര്‍ത്തകരെ ഹോട്ടലില്‍ നിന്നും പുറത്തെത്തിച്ചത്. എം.ഡി.എം.കെ അടക്കമുള്ള പാര്‍ട്ടികള്‍ പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംഘം ലൊക്കേഷന്‍ സന്ദര്‍ശനം നടത്താനാവാതെ മടങ്ങി.
കേരള – തമിഴ്നാട് അതിര്‍ത്തിയായ മീനാക്ഷിപുരത്ത് തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് വൈശാഖും സംഘവും എത്തിയത്. ഇന്നലെ എം.എ. നിഷാദിന്റെ ‘നമ്പര്‍ 66 മധുര ബസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തെങ്കാശിക്ക് സമീപം തമിഴ്നാട്ടുകാര്‍ തടസ്സപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: