ചെന്നിത്തലയില്‍ ഒടുവില്‍ രാജി സിപിഎം മുഖം രക്ഷിച്ചത് ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍

Thursday 26 November 2015 8:21 pm IST

മാന്നാര്‍: ഒരാഴ്ച നീണ്ടു നിന്ന വിവാദങ്ങള്‍ക്ക് ഒടുവില്‍ ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം വിമതന്‍ ഇ.എന്‍. നാരായണന്‍ രാജിവച്ചത് ഒത്തുതീര്‍പ്പു ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍. ഇന്നലെ രാവിലെ രണ്ടു ലോക്കല്‍ കമ്മറ്റികള്‍ യോഗം ചേര്‍ന്നതിനു ശേഷമാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചത്. ഇതെത്തുടര്‍ന്ന് നാരായണന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കി. ജില്ലാ നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ രാജിനല്‍കിയ 25 ലോക്കല്‍ കമ്മറ്റിയംഗങ്ങളും 22 ബ്രാഞ്ച് സെക്രട്ടറിമാരും രാജിപിന്‍വലിച്ചു. ജില്ലാ സെക്രട്ടറിയുടെ ഭീഷണിക്ക് വഴങ്ങാതെ മുന്നോട്ടു പോകാനായിരുന്നു വിമതരുടെ തീരുമാനം. എന്നാല്‍ സംസ്ഥാന നേതൃത്വത്തിലെ പ്രമുഖ നേതാവ് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് വിട്ടുവീഴ്ചയ്ക്ക് വിമതര്‍ തയ്യാറായത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നിശ്ചയിച്ച സിപിഐയിലെ ജയകുമാരി നിലവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. തത്ക്കാലം ഇവര്‍ ആക്ടിംഗ് പ്രസിഡന്റായി തുടരും. ഇപ്പോള്‍ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ ഇ.എന്‍. നാരായണന്‍ രാജിവച്ചതോടെ പാര്‍ട്ടി വിപ്പ് ലംഘിച്ചതിന്റെ പേരില്‍ പുറത്താക്കിയവരെ തിരിച്ചെടുക്കും. ഇതിനുശേഷം ബ്രാഞ്ച്, ലോക്കല്‍, ഏരിയ കമ്മറ്റികള്‍ കൂടി പ്രവര്‍ത്തകരുടെ വികാരത്തിനനുസരിച്ച് തീരുമാനം പുനപരിശോധിക്കും. ഇത്തരത്തില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ ഇ.എന്‍. നാരായണനെ വീണ്ടും പ്രസിഡന്റാക്കാമെന്നാണത്രെ വിമതര്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. ഇന്നലെ ചേര്‍ന്ന ചെന്നിത്തല, തൃപ്പെരുന്തുറ ലോക്കല്‍ കമ്മറ്റി യോഗങ്ങളില്‍ ഇ.എന്‍. നാരായണന്‍ രാജിവച്ചാല്‍ പകരം പ്രസിഡന്റ് സ്ഥാനം സിപിഎം അംഗത്തിന് തന്നെ നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നു. ഇ.എന്‍. നാരായണന് നല്‍കിയില്ലെങ്കില്‍ ഈ സ്ഥാനത്തേക്ക് ഡി. ഗോപാലൃഷ്ണനെ പരിഗണിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചതിനെ തുടര്‍ന്നാണ് വിട്ടുവീഴ്ചയ്ക്ക് വിമതര്‍ തയ്യാറായത്. ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്തില്‍ ഒരു മതവിഭാഗത്തിന്റെ പ്രത്യേക താത്പര്യ പ്രകാരം സിപിഎമ്മിലെ ജിനു ജോര്‍ജ്ജിനെ പ്രസിഡന്റാക്കാനായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ തീരുമാനം. എന്നാല്‍ ഇത് പ്രാദേശിക സിപിഎം നേതൃത്വം അംഗീകരിച്ചില്ല. ഇവര്‍ ഇ.എന്‍. നാരായണനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് തീരുമാനം ജില്ലാ സെക്രട്ടറിയേറ്റിന് നല്‍കി. എന്നാല്‍ സിപിഐ പ്രതിനിധിയെ പ്രസിഡന്റാക്കണമെന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിവസം രാവിലെ സിപിഎം ജില്ലാസെക്രട്ടറി വിപ്പ് നല്‍കിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സിപിഎമ്മിലെ ഏഴു മെമ്പര്‍മാരില്‍ ആറുപേരും തയ്യാറായില്ല. തുടര്‍ന്ന് വിപ്പ് ലംഘിച്ച് സിപിഎം അംഗമായ ഇ.എന്‍. നാരായണന്‍ പ്രസിഡന്റായതോടെയാണ് പഞ്ചായത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നത്. പിന്നീട് ഏരിയ കമ്മറ്റിയംഗം കെ.സദാശിവന്‍പിള്ള, പഞ്ചായത്തംഗങ്ങളായ ഇ.എന്‍. നാരായണന്‍, ഡി.ഗോപാലകൃഷ്ണന്‍ എന്നിവരെ പാര്‍ട്ടി പുറത്താക്കിയിരുന്നു. വിമതരോട് ആഭിമുഖ്യം പുലര്‍ത്തി പഞ്ചായത്തിലെ 26 ലോക്കല്‍ കമ്മറ്റിയംഗങ്ങളില്‍ 25 പേരും 22 ബ്രാഞ്ചു സെക്രട്ടറിമാരും രാജിവച്ചു. ജില്ലാ കമ്മറ്റിയുടെ തീരുമാനങ്ങള്‍ താത്ക്കാലികമായി അംഗീകരിച്ചാല്‍ വിമതര്‍ സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതി പരിഗണിക്കാമെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.