നിസ്‌കാര പായ വിരിച്ചവര്‍ സമത്വ മുന്നേറ്റയാത്രയെ വിലക്കുന്നു

Thursday 26 November 2015 8:26 pm IST

ആലപ്പുഴ: ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കായി പ്രത്യേക സമ്മേളനം നടത്തി  സമ്മേളനപ്പന്തലില്‍ നിസ്‌കാര പായ വിരിച്ച സിപിഎം, സമത്വ മുന്നേറ്റ യാത്രയില്‍ പങ്കെടുക്കുന്നതിന് അണികള്‍ക്കും നേതൃത്വത്തിനും വിലക്കേര്‍പ്പെടുത്തി.എസ്എന്‍ഡിപി സംഘടിപ്പിക്കുന്ന യാത്രയിലും പൊതുസമ്മേളനങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരോ അനുഭാവികളോ ഒരു കാരണവശാലും പങ്കെടുക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം ഏരിയാ, ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാര്‍ക്ക് പാര്‍ട്ടി  നല്‍കിക്കഴിഞ്ഞു. എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ സമത്വമുന്നേറ്റ യാത്രയുടെ കടന്നുവരവ് പാര്‍ട്ടിയുടെ അടിത്തറ ഇളക്കുമെന്ന തിരിച്ചറിവാണ് ഇതിനു പിന്നില്‍. എസ്എന്‍ഡിപിയുടെ ശാഖാതല പ്രവര്‍ത്തകരെ പല സ്ഥലങ്ങളിലും സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തുകയും കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി യോഗം കൗണ്‍സിലര്‍ പിഎസ്എന്‍ ബാബു പറഞ്ഞു.  യാത്രയെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. മുസ്ലീം ഭീകരവാദ സംഘടനകളും സിപിഎമ്മിലെ ഒരു വിഭാഗവും ഇതിനായി യോജിച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ജാഥയുടെ സ്വീകരണ സമ്മേളനങ്ങളില്‍ വന്‍ സംഘര്‍ഷമുണ്ടാകുമെന്ന പ്രചാരണം സിപിഎം ബോധപൂര്‍വ്വം അഴിച്ചുവിടുകയാണ്. പരിപാടിയില്‍ സ്ത്രീകളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം കുറയ്ക്കുകയാണ് കുപ്രചാരണംകൊണ്ട് ലക്ഷ്യമിടുന്നത്. എസ്എന്‍ഡിപിയില്‍ ചുമതല വഹിക്കുന്ന പാര്‍ട്ടി അംഗങ്ങളും, അനുഭാവികളും യാത്രയിലും സമ്മേളനങ്ങളിലും പങ്കെടുക്കുന്നത് ഒഴിവാക്കാന്‍ അന്നേ ദിവസങ്ങളില്‍ പാര്‍ട്ടി ക്ലാസുകളോ സെമിനാറുകളോ നടത്താനും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്. സാധിക്കുമെങ്കില്‍ ശ്രീനാരായണ ദര്‍ശനങ്ങളെ അധികരിച്ച് പരിപാടികള്‍ നടത്താനും അതില്‍ വിവിധ സമുദായ നേതാക്കളെ പങ്കെടുപ്പിക്കാനുമാണ് നിര്‍ദ്ദേശം. സമത്വ മുന്നേറ്റയാത്രയും സമ്മേളനവും ബഹിഷ്‌കരിക്കുമെന്ന് പരസ്യപ്രസ്താവന നടത്താന്‍ ശാഖായോഗങ്ങളിലും കുടുംബയൂണിറ്റുകളിലും സിപിഎം നേതാക്കള്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണ്. വന്‍ വാഗ്ദാനങ്ങളും സിപിഎം നേതാക്കള്‍ ഇവര്‍ക്ക് നല്‍കുന്നുണ്ട്. കൂടാതെ യാത്രയെ തള്ളിപ്പറയാന്‍ മറ്റു സമുദായ സംഘടനാ നേതാക്കളെയും സിപിഎം നേതാക്കള്‍ സമീപിച്ചതായി വിവരമുണ്ട്. ജനപ്രതിനിധികള്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് ഇതിനു പിന്നില്‍. ചിലര്‍ സിപിഎം ഒരുക്കിയ കെണിയില്‍ വീഴുകയും ചെയ്തു. സിപിഎമ്മുമായി മത്സരിച്ച് കോണ്‍ഗ്രസും ഇതേരീതിയില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്എന്‍ ട്രസ്റ്റിലും എസ്എന്‍ഡിപിയുടെ താലൂക്ക് തലങ്ങളിലും പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വിലക്കും ഭീഷണിയും മറനീക്കിയതോടെ തങ്ങളുടെ സംഘടനാ പ്രവര്‍ത്തനം കരുത്താര്‍ജ്ജിച്ചതായും ഏതു വെല്ലുവിളികളെയും നേരിട്ട് പരിപാടി വന്‍ വിജയമാക്കുമെന്നും എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ നേതാക്കള്‍ പറയുന്നു. ഗുരുനിന്ദ നടത്തിയവര്‍ സമത്വ മുന്നറ്റയാത്രയെ തകര്‍ക്കാന്‍ മുസ്ലീം മത തീവ്രവാദ സംഘടനകളുമായി കൂട്ടുചേരുന്നതില്‍ അത്ഭുതമില്ലെന്നും അവര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.