പഴശ്ശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിക്ക് അനുമതി ലഭിച്ചു

Thursday 26 November 2015 9:48 pm IST

മട്ടന്നൂര്‍: പഴശ്ശി സാഗര്‍ മിനി ജലവൈദ്യുതി പദ്ധതിക്ക് വൈദ്യുതി വകുപ്പിന്റെ അനുമതി ലഭിച്ചു. 79.85 കോടി രൂപയുടെ പദ്ധതിക്കാണ് കഴിഞ്ഞദിവസം ചേര്‍ന്ന വൈദ്യുതി വകുപ്പ് ഡയരക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. രണ്ടാഴ്ചക്കകം സര്‍ക്കാര്‍ അനുമതിക്കായി പദ്ധതി രേഖകള്‍ സമര്‍പ്പിക്കും. കണ്ണൂര്‍ ജില്ലക്കാകമാനം പ്രയോജനകരമാകുന്നതാണ് ഈ പദ്ധതി. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലെ വൈദ്യുതി ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകും. പദ്ധതി ചെലവില്‍ 20 കോടി രൂപ കേന്ദ്രസര്‍ക്കാറും ബാക്കി വൈദ്യുതി ബോര്‍ഡും നല്‍കും. കെഎസ്ഇബി ചാവശ്ശേരി സബ് ഡിവിഷനാണ് പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയത്. സര്‍ക്കാര്‍ അനുമതി ലഭിച്ചശേഷം പഴശ്ശി പദ്ധതി പ്രദേശത്ത് ഭൂമിയേറ്റെടുക്കുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. പഴശ്ശി അണക്കെട്ടില്‍ നിന്നും പാഴാകുന്ന വെള്ളം ടണല്‍ വഴിയെത്തിച്ച് വൈദ്യുതി ഉതപാദിപ്പിക്കുന്ന രീതിയിലുള്ളതാണ് പദ്ധതി. പഴശ്ശി അണക്കെട്ടിനോട് ചേര്‍ന്ന സ്ഥലത്താണ് ഇത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. 25 മില്ല്യന്‍ യൂണിറ്റ് വൈദ്യുതി പദ്ധതിയില്‍ നിന്നും ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. നിര്‍മാണം ആരംഭിച്ച് രണ്ടര വര്‍ഷം കൊണ്ട് പദ്ധതി പ്രവര്‍ത്തനസജ്ജമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.