ലീഗിനെ മതേതര പാര്‍ട്ടിയാക്കുന്നു: വെള്ളാപ്പള്ളി

Thursday 26 November 2015 10:30 pm IST

മലപ്പുറം: മതത്തിന്റെ പേരുള്ള മുസ്ലിം ലീഗിനെ സിപിഎം മതേതരപാര്‍ട്ടിയായി ചിത്രീകരിക്കുന്ന സാഹചര്യത്തില്‍ ഹൈന്ദവഐക്യം അനിവാര്യമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമത്വമുന്നേറ്റ യാത്രക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രയുടെ തുടക്കം മുതല്‍ ഇതിനെ തകര്‍ക്കാനാണ് ഇടത്-വലത് മുന്നണികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന് നേതൃത്വം നല്‍കുന്നതാകട്ടെ സിപിഎമ്മും. മലബാറിലെ പ്രത്യേകിച്ച് മലപ്പുറത്തെ ഹിന്ദുക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാവാത്ത സിപിഎം, അവഗണിക്കപ്പെട്ടവര്‍ ഒന്നിച്ച് നില്‍ക്കുമ്പോള്‍ എന്തിനാണ് ഭയപ്പെടുന്നത്. മുസ്ലീം കൂട്ടായ്മയെ മതേതരമെന്നും ഹിന്ദുകൂട്ടായ്മയെ വര്‍ഗീയതയെന്നും വിളിക്കുന്ന സിപിഎമ്മിന്റെ നിലപാട് പരിഹാസ്യമാണ്. ജാതിപരമായ വിവേചനം ഉണ്ടായതുകൊണ്ട് മാത്രമാണ് ജാതിപരമായ ചിന്തകള്‍ ഉടലെടുത്തത്. ന്യൂനപക്ഷ-ഭൂരിപക്ഷ കണക്കെടുപ്പ് നടത്തേണ്ടത് ദേശീയതലത്തിലല്ല പകരം അത് സംസ്ഥാനതലത്തില്‍ നടത്തണം. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ ഹിന്ദു ന്യൂനപക്ഷ പട്ടികയില്‍ ഇടംപിടിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സമത്വമുന്നേറ്റ യാത്ര ബിജെപിക്ക് വേണ്ടിയാണ് ആര്‍എസ്എസിന് വേണ്ടിയാണ് എന്നൊക്കെയാണ് ചിലരുടെ കണ്ടെത്തല്‍. ബിജെപി ഭാരതം ഭരിക്കുന്നത് എസ്എന്‍ഡിപിയുടെ പിന്തുണയോടെയല്ലെന്ന് മനസിലാക്കിയാല്‍ ഇത്തരം മണ്ടത്തരങ്ങള്‍ പറഞ്ഞ് നടക്കില്ല. നരേന്ദ്രമോദി അജയ്യനായി ഭരണം നടത്തുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ കഴിവുകൊണ്ടും മറ്റുള്ളവരുടെ കഴിവുകേടുകൊണ്ടുമാണ്. എല്‍ഡിഎഫ്-യുഡിഎഫ് അഡ്ജസ്റ്റ്‌മെന്റ് ഭരണത്തിനുള്ള താക്കീതായിരിക്കും ഡിസംബര്‍ അഞ്ചിന് പ്രഖ്യാപിക്കുന്ന പുതിയ പാര്‍ട്ടി. അത് പൂര്‍ണ്ണമായും മതേതര പാര്‍ട്ടിയായിരിക്കും. യോഗത്തില്‍ മലബാര്‍ നായര്‍ സമാജം രക്ഷാധികാരി കെ.ആര്‍.ഭാസ്‌ക്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. പുലയമഹാസഭ ജനറല്‍ സെക്രട്ടറി ടി.വി.ബാബു മുഖ്യപ്രഭാഷണം നടത്തി. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ധീവര മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ഗോരഖ്‌നാഥ്, പുലയമഹാസഭ സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍, യോഗക്ഷേമസഭ പ്രതിനിധി വാസുദേവന്‍ നമ്പൂതിരി, പുലയമഹാസഭ സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയിലേക്ക് രാവിലെ പത്ത് മണിയോടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ജില്ലയില്‍ ഒരു കേന്ദ്രത്തില്‍ മാത്രമാണ് സ്വീകരണമുണ്ടായിരുന്നത്. പൊന്നാനി, എടപ്പാള്‍, തിരൂര്‍, മഞ്ചേരി, നിലമ്പൂര്‍, മലപ്പുറം യൂണിയനുകളിലെ പ്രവര്‍ത്തകരും സമുദായിക സംഘടനകളും ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.