വരള്‍ച്ച നേരിടാന്‍ സംയോജിത സുസ്ഥിരപദ്ധതികള്‍ നടപ്പാക്കുന്നു

Friday 27 November 2015 3:30 pm IST

കൊല്ലം: വരള്‍ച്ച നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ക്കായി ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്നും ജില്ലക്ക് അനുവദിച്ച ഒരു കോടി രൂപ ഫലപ്രദമായി ചെലവിടാന്‍ പ്രതേ്യക പദ്ധതികള്‍ തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ ആവശ്യപ്പെട്ടു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് വിനിയോഗ ആലോചനായോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. വരള്‍ച്ച നേരിടാനായി വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് കെട്ടിട വിഭാഗം, ജലസേചനം, ഭൂഗര്‍ഭജലം, മണ്ണുസംരക്ഷണം, ഗ്രാമവികസനം, കൃഷി വകുപ്പുകള്‍ സംയോജിതമായി സുസ്ഥിരപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. ഇതിനായി അഡീഷണല്‍ ഡവലപ്‌മെന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയും രൂപീകരിച്ചു. സമിതി പദ്ധതി നടപ്പാക്കേണ്ട പ്രദേശങ്ങള്‍ കണ്ടെത്തി പ്രോജക്ട് തയ്യാറാക്കി സമര്‍പ്പിക്കും. പദ്ധതി പ്രകാരം പ്രോജക്ടുകള്‍ ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും ആവശ്യമായ ബാക്കി തുക ബന്ധപ്പെട്ട വകുപ്പുകളുടെ ഫണ്ടില്‍ നിന്നും കണ്ടെത്താനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. പ്രാദേശികമായി ലഭ്യമാകുന്ന സാമഗ്രികള്‍ ഉപയോഗിച്ച് ചെറിയ ചെക്ക് ഡാമുകള്‍ നിര്‍മിക്കുക, വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുക, പൊതുകെട്ടിടങ്ങളില്‍ മഴവെള്ള സംഭരണ സംവിധാനമൊരുക്കുക, ഭൂമിയില്‍ വെള്ളം റീ ചാര്‍ജ്ജ് ചെയ്യുക, ചെറിയ കുളങ്ങളും ചിറകളും വൃത്തിയാക്കി ഉപയോഗയോഗ്യമാക്കുക തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് ഒരുകോടി രൂപ അനുവദിച്ചിട്ടുള്ളത്. ഒരു പ്രവൃത്തിക്ക് പരമാവധി 50,000 രൂപയെ ചെലവാക്കാവൂവെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. രൂക്ഷമായ വരള്‍ച്ച നേരിടുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അനുയോജ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം. കളക്‌ട്രേറ്റിന് സമീപമുള്ള കുളം വൃത്തിയാക്കി ഉപയോഗയോഗ്യമാക്കാനും സിവില്‍ സ്റ്റേഷനില്‍ മഴവെള്ള സംഭരണ സംവിധാനമൊരുക്കാനും യോഗം തീരുമാനിച്ചു. ചെറിയ കുളങ്ങള്‍ വൃത്തിയാക്കി ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കാനുള്ള പമ്പിങ്, സംഭരണം തുടങ്ങിയ സംവിധാനം ഒരുക്കുകയും പദ്ധതിയുടെ തുടര്‍നടത്തിപ്പ് അതത് പഞ്ചായത്തുകളെ ചുമതലപ്പെടുത്തുകയും ചെയ്യും. ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതോടൊപ്പം വരള്‍ച്ച നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധപദ്ധതികള്‍ പ്രകാരമുള്ള ധനസഹായം ലഭ്യമാക്കാന്‍ വിവിധ വകുപ്പുകള്‍ ശ്രമിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.