വിവേകാനന്ദ സ്വാമികള്‍ കേരളത്തില്‍

Friday 27 November 2015 9:45 pm IST

ബാംഗ്ലൂരില്‍ വെച്ച് ഡോ.പല്‍പ്പുവുമായുണ്ടായ  സമാഗമമാണ് സ്വാമിവിവേകാന്ദനെ കേരളം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ച പ്രധാന സംഭവം. അദ്ദേഹത്തെ ആകസ്മികമായി സന്ദര്‍ശിക്കാന്‍ സൗഭാഗ്യം സിദ്ധിച്ച ഡോ.പല്‍പ്പു തിരുവിതാംകൂര്‍ ഉള്‍പ്പെടുന്ന കേരളത്തിലെ താഴ്ന്ന ജാതിക്കാര്‍ അനുഭവിക്കുന്ന യാതനകള്‍ സ്വാമിജിയോട് ഹൃദയവേദനയോടെ അവതരിപ്പിച്ചു. അപ്പോഴാണ് സ്വാമിജി കേരളം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. മൈസൂര്‍ ദിവാനായിരുന്ന കെ.ശേഷാദ്രി അയ്യര്‍ പാലക്കാട് സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനായിരുന്നു. അദ്ദേഹം ബാംഗ്ലൂരില്‍നിന്ന് ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റിനോടൊപ്പം കൊച്ചിയിലെ ആക്ടിങ് ദിവാന്‍ ശങ്കരയ്യക്ക് ഒരു എഴുത്തും സ്വാമിജിയുടെ കൈവശം കൊടുത്തു. ബാംഗ്ലൂരില്‍നിന്നും ഷൊര്‍ണൂരിലേക്കുള്ള യാത്രക്കിടയില്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനിലെത്തിയ സ്വാമിജിയെ കൊല്ലങ്കോട് രാജാവായ വാസുദേവരാജായുടെ സേവകനായിരുന്ന ഒരു ബ്രാഹ്മണന്‍ കണ്ട് പരിചയപ്പെട്ടു. രൂപത്താല്‍ത്തന്നെ സ്വാമിജിയിലേക്ക് ആകൃഷ്ടനായ അദ്ദേഹം പത്തുരൂപ ദക്ഷിണ നല്‍കുവാന്‍ തുനിഞ്ഞപ്പോള്‍ ഒരു നേരത്തെ ഊണിന് ആവശ്യമായ രണ്ടണ (ഇന്നത്തെ പന്ത്രണ്ട് പൈസ) മാത്രം എടുത്ത് ബാക്കി സ്വാമിജി ആ ബ്രാഹ്മണനെത്തന്നെ ഏല്‍പ്പിച്ചു. പാലക്കാട് നിന്നും ഷൊര്‍ണൂരിലെത്തിയ സ്വാമിജി ചില വിദ്യാര്‍ത്ഥികളുമായി പരിചയത്തിലായി. അവരൊന്നിച്ച് വഞ്ചിയില്‍ ഭാരതപ്പുഴ കടന്നതിനുശേഷം ഒരു കാളവണ്ടിയില്‍ അദ്ദേഹം തൃശൂരിലേക്ക് പുറപ്പെട്ടു. തൃശൂരിലെത്തിയ സ്വാമിജി തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപം താമസിച്ചിരുന്ന ഡി.എ.സുബ്രഹ്മണ്യയ്യരുടെ അതിഥിയായി. അക്കാലത്ത് തൃശൂരില്‍നിന്ന്, കൊച്ചിയിലേക്കുള്ള യാത്രാസൗകര്യം വഞ്ചിയിലായിരുന്നു. യാത്രാമധ്യേ സ്വാമിജി കൊടുങ്ങല്ലൂരിലെത്തി. അവിടെ അദ്ദേഹം  മൂന്ന് ദിനരാത്രങ്ങള്‍ ചെലവഴിച്ചു. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാനുമായും 'ഭട്ടന്‍ തമ്പുരാന്‍' എന്ന പേരില്‍ പ്രസിദ്ധനായിരുന്ന ഗോദവര്‍മതമ്പുരാനുമായും സ്വാമിജി ചില വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടു. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.