ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം ജില്ലാ കമ്മറ്റിക്കെതിരെ മാന്നാര്‍ ഏരിയകമ്മറ്റി

Friday 27 November 2015 9:31 pm IST

മാന്നാര്‍: ചെന്നിത്തല പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം ജില്ലാ സെക്രട്ടറി നല്‍കിയ വിപ്പ് ലംഘനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജില്ലാകമ്മറ്റിയുടെ ഒത്തുതീര്‍പ്പു ഫോര്‍മുലകള്‍ക്കെതിരെ മാന്നാര്‍ ഏരിയകമ്മറ്റി രംഗത്ത്. വിപ്പ് ലംഘിച്ച് പ്രസിഡന്റായ ഇ.എന്‍. നാരായണന്‍ രാജിവച്ചാല്‍, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഏരിയ കമ്മറ്റിയംഗം സദാശിവന്‍പിള്ള, പഞ്ചായത്ത് അംഗങ്ങളായ ഇ.എന്‍.നാരായണന്‍, ഡി. ഗോപാലകൃഷ്ണന്‍ എന്നിവരെ തിരിച്ചെടുക്കാമെന്നും ബ്രാഞ്ച്, ലോക്കല്‍ കമ്മറ്റികള്‍ നിര്‍ദ്ദേശിക്കുന്നവരെ പുതിയ പ്രസിഡന്റാക്കാമെന്നുമായിരുന്നു ജില്ലാ കമ്മറ്റിയുടെ ഒത്തുതീര്‍പ്പ്. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വിമതരുമായി നേരിട്ട് നടത്തിയ ചര്‍ച്ചയിലാണ് ഇരുവിഭാഗവും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായത്. ഈ തീരുമാനങ്ങള്‍ പുറത്തായതോടെയാണ് ഏരിയ കമ്മറ്റിയിലെ ഔദ്യോഗിക വിഭാഗം നേതാക്കള്‍ രംഗത്ത് എത്തിയത്. പാര്‍ട്ടിയെ വെല്ലുവിളിച്ചവരെ തിരിച്ചെടുത്ത് പ്രസിന്റാക്കിയുള്ള ഒരു തീരുമാനത്തിനെയും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇവര്‍. വിപ്പുമായി എത്തിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.മഹേന്ദ്രന്‍, ഏരിയ സെക്രട്ടറി പ്രൊഫ.ഡി.ശശിധരന്‍ എന്നിവരെ വിമതര്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ തടഞ്ഞിരുന്നു. ഇത്തരത്തിലുള്ള പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ വീണ്ടും പാര്‍ട്ടിയില്‍ എത്തിച്ച് സ്ഥാനമാനങ്ങള്‍ നല്‍കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നാണ് ഔദ്യോഗിക വിഭാഗം നേതാക്കള്‍ പറയുന്നത്. ജില്ലാ കമ്മറ്റിയുടെ വിപ്പ് കൈപ്പറ്റിയ ഔദ്യോഗിക വിഭാഗത്തിലെ ഏക പഞ്ചായത്തംഗം ജിനുജോര്‍ജ്ജും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഇ.എന്‍. നാരായണന്‍, ഡി. ഗോപാലകൃഷ്ണന്‍ എന്നിവരെ പാര്‍ട്ടിയില്‍ തിരികെ എടുത്ത് പ്രസിഡന്റാക്കാനുള്ള തീരുമാനത്തെ അംഗീകരിക്കില്ലെന്ന് ഈയാള്‍ പാര്‍ട്ടി നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ട്. വിമതരെ അനുനയിപ്പിച്ച് രാജിവയ്പ്പിച്ച് മുഖം രക്ഷിച്ച സിപിഎം ജില്ലാ നേതൃത്വം ഔദ്യോഗിക വിഭാഗം പുതിയ പോര്‍മുഖം തുറന്നതോടെ വെട്ടിലായി. ഇരുവിഭാഗത്തെയും സമവായത്തിന്റെ പാതയില്‍ കൊണ്ടുപോകാനുള്ള പുതിയ ഫോര്‍മുല തേടുകയാണ് ജില്ലാ നേതൃത്വം. തുടര്‍ച്ചയായി ഏരിയ കമ്മറ്റിയുടെ തീരുമാനങ്ങള്‍ക്ക് യാതൊരു വിലയും നല്‍കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ അപഹാസ്യമാക്കുന്നുവെന്നും അതിനാല്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നുമാണ് ഏരിയ നേതൃത്വം ജില്ലാ-സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.