ആദ്യ ശ്വാസനാളം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അമൃതയില്‍

Friday 27 November 2015 9:38 pm IST

കൊച്ചി: രാജ്യത്തെ ആദ്യ ശ്വാസനാളം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അമൃതയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയില്‍ കഴിയുന്ന എറണാകുളം സ്വദേശിക്കാണ് ശ്വാസനാളം മാറ്റിവെച്ചത്. ശ്വാസനാളത്തെ ബാധിക്കുന്ന കാന്‍സറായ അഡ്‌നോയിഡ് സിസ്റ്റിക് കാര്‍സിനോമ എന്ന അസുഖം മൂലം ചികിത്സയിലായിരുന്നു ഇവര്‍. ശ്വാസനാളം മാറ്റിവയ്ക്കലാണ് ഇതിന് പ്രതിവിധി. പ്ലാസ്റ്റിക് ആന്റ് റീ കണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ച യുവ സിനിമാ സംവിധായകന്‍ ചെമ്പുമുക്കു സ്വദേശി രഞ്ജിത്തിന്റെ ശ്വാസനാളമാണ് ഇവര്‍ക്ക് ദാനം ചെയ്തത്. രഞ്ജിത്തിന്റെ കരളും രണ്ടു വൃക്കകളും രണ്ടു കണ്ണുകളും ദാനം ചെയ്തിരുന്നു. ശ്വാസനാളം മാറ്റിവയ്ക്കല്‍ 2 ഘട്ടങ്ങളായാണ് ചെയ്തത്. ദാതാവില്‍ നിന്നും എടുക്കുന്ന ശ്വാസനാളത്തിലെ കോശങ്ങള്‍ നീക്കം ചെയ്ത് ശസ്ത്രക്രിയയിലൂടെ സ്വീകര്‍ത്താവിന്റെ കൈത്തണ്ടയില്‍വച്ചു പിടിപ്പിക്കുന്നു. കൈത്തണ്ടയില്‍ പൂര്‍ണ്ണമായ വളര്‍ച്ചയെത്തുന്ന ശ്വാസനാളം 2 മാസങ്ങള്‍ക്കു ശേഷം കേടുവന്ന ശ്വാസനാളം നീക്കം ചെയ്ത് വച്ചു പിടിപ്പിക്കുന്നു. ഇത്തരത്തിലുള്ള ശസ്ത്രക്രിയ ഭാരതത്തില്‍ ആദ്യത്തേതും ലോകത്ത് രണ്ടാമത്തേതുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.