ആശ നടപ്പാക്കാന്‍ ആന തരില്ലെന്ന് വനം വകുപ്പ്; മൃഗശാലയില്‍ 'റഷ്യക്കാര്‍' എത്തില്ല

Saturday 28 November 2015 1:43 am IST

തിരുവനന്തപുരം: റഷ്യയില്‍ നിന്നുള്ള മൃഗങ്ങള്‍ക്ക് കൂടൊരുക്കി തിരുവനന്തപുരം മൃഗശാല കാത്തിരിക്കുമ്പോള്‍ സംസ്ഥാന വനംവകുപ്പിന്റെ നിലപാടുകള്‍ മൃഗങ്ങളെ എത്തിക്കുന്നതിനു തടസ്സമാകുന്നു. ആശ നടപ്പാക്കാന്‍ തടസമായി നില്‍ക്കുന്നതോ രണ്ട് ആനകള്‍!! റഷ്യയുമായി മൃഗ കൈമാറ്റ കരാര്‍ ഒപ്പിടാന്‍ എല്ലാ ഒരുക്കങ്ങളും നടത്തി കാത്തിരിക്കുമ്പോഴാണ് വനംവകുപ്പ് ഇടഞ്ഞത്. റഷ്യയിലെ മൃഗശാലയ്ക്ക് കേരളത്തില്‍ നിന്ന് രണ്ട് ആനകളെ നല്‍കിയാല്‍ നൂറില്‍ പരം അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പക്ഷികളെയും മൃഗങ്ങളെയും തിരുവനന്തപുരം മൃഗശാലയ്ക്ക് നല്‍കാന്‍ അവര്‍ തയ്യാറായിരുന്നു. ആനകളെ വിട്ടു നല്‍കാന്‍ വനം വകുപ്പ് തടസം നിന്നതോടെയാണ് മൃഗശാലാ വകുപ്പിന്റെ വിദേശമൃഗ മോഹത്തിന് കരിനിഴല്‍ വീണത്. ആനയോ വെള്ളാനയോ വലുതെന്ന വാശിയിലാണ് ചിലരെന്നു തോന്നിപ്പിക്കുന്നതാണ് കാര്യങ്ങള്‍. കോടനാടും കാപ്പുകാടും വനംവകുപ്പിന് ആന പരിപാലന കേന്ദ്രങ്ങളുണ്ട്. ഈ കേന്ദ്രങ്ങളില്‍ ഏതെങ്കിലും ഒരിടത്തു നിന്ന് മൂന്ന് ആനകളെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് മൃഗശാലാ അധികൃതര്‍ അഞ്ചുവര്‍ഷമായി സംസ്ഥാന വനം വകുപ്പിനു പിന്നാലെയാണ്. ആനകളെ നല്‍കുന്ന പ്രശ്‌നമില്ലെന്ന ഉറച്ച നിലപാടില്‍ വനം വകുപ്പും. രണ്ട് വകുപ്പുകള്‍ തമ്മിലുള്ള ശീതസമരം കൊടുമ്പിരിക്കൊണ്ടതോടെ മൃഗശാലാ വകുപ്പിന്റെ മൃഗ കൈമാറ്റ കരാര്‍ എങ്ങുമെത്താതായി. തലസ്ഥാന മൃഗശാലയ്ക്ക് ആനച്ചന്തം പകര്‍ന്നിരുന്ന മഹേശ്വരി (85) എന്ന ആന മുത്തശ്ശി കഴിഞ്ഞ ഫെബ്രുവരിയില്‍ ചരിഞ്ഞിരുന്നു. മഹേശ്വരിയുടെ മരണത്തോടെ മൃഗശാലയിലെ ആനക്കാഴ്ചയും അവസാനിച്ചു. വനംവകുപ്പില്‍ നിന്ന് മൂന്ന് ആനകളെ കിട്ടിയിരുന്നെങ്കില്‍ ഒരെണ്ണത്തിനെ മൃഗശാലയില്‍ നിര്‍ത്തി ആനപ്പെരുമ നിലനിര്‍ത്തുകയും രണ്ടെണ്ണത്തിനെ റഷ്യന്‍ മൃഗശാലയ്ക്ക് നല്‍കുകയും ചെയ്യാമെന്നതായിരുന്നു മൃഗശാലാ വകുപ്പിന്റെ കണക്കുകൂട്ടല്‍. ആനകള്‍ക്ക് പകരം കോടികള്‍ വില വരുന്ന റഷ്യന്‍ മൃഗങ്ങളെ എത്തിച്ച് വിസ്മയക്കാഴ്ച ഒരുക്കാമെന്നും മൃഗശാലാധികൃതര്‍ കരുതി. വനംവകുപ്പിന്റെ അനുമതിയില്ലാതെ ആനകളെ റഷ്യന്‍ മൃഗശാലയ്ക്ക് നേരിട്ട് നല്‍കാന്‍ മൃഗശാലാ വകുപ്പിന് നിയമപരമായി സാധിക്കില്ല. മൃഗശാലകള്‍ തമ്മില്‍ മൃഗ കൈമാറ്റ കരാറും ഉണ്ടാകണം. കരാര്‍നടപടികള്‍ ആരംഭിക്കണമെങ്കില്‍ വനംവകുപ്പ് ആനകളുടെ കാര്യത്തില്‍ അനുകൂല നടപടി സ്വീകരിക്കണം. ഇതിനായി മൃഗശാലാ വകുപ്പ് വനംവകുപ്പിനും മാറിമാറി വന്ന വകുപ്പുമന്ത്രിമാര്‍ക്കും നിരവധി തവണ കത്തെഴുതി. പക്ഷേ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് പദ്ധതിക്ക് തടസമാവുകയായിരുന്നു. ഐഎഫ്എസുകാരെ മൃഗശാല ഡയറക്ടര്‍ പദവിയില്‍ നിയമിക്കാത്തതിലുള്ള ചൊരുക്കാണ് മൃഗശാല വകുപ്പിന്റെ സ്വപ്‌നപദ്ധതിക്ക് ഇടങ്കോലിടാന്‍ കാരണമെന്നാണ് പറയുന്നത്. കോടനാടും കാപ്പുകാടുമുള്ള ആന പാപ്പാന്മാര്‍ ആനകളെ കൈമാറുന്നതില്‍ വനംവകുപ്പിനെ എതിര്‍പ്പറിയിച്ചിട്ടുണ്ട്. പാപ്പാന്മാരുടെ വിയോജിപ്പ് പരിഗണിച്ചാണ് ആനകളെ വിട്ടുനല്‍കാന്‍ അനുവദിക്കാത്തതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. എന്നാല്‍ ആനകളെ ഏറ്റെടുക്കുന്നതിനൊപ്പം പാപ്പാന്മാരെയും മൃഗശാലാ വകുപ്പ് ഏറ്റെടുക്കാമെന്ന് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. അനാകൊണ്ട, വെള്ളക്കടുവകള്‍ തുടങ്ങിയ വിദേശ ജന്തുക്കളുടെ വരവോടെ മൃഗശാലയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ അസാധാരണ വര്‍ധനയാണുണ്ടായത്. മൃഗശാലയുടെ വരുമാനവും ഉയര്‍ന്നു. റഷ്യന്‍ മൃഗങ്ങളും പറവകളും തലസ്ഥാന മൃഗശാലയിലേക്ക് ചേക്കേറിയാല്‍ സന്ദര്‍ശകരുടെ നിര ഇരട്ടിയാകുമെന്ന് മൃഗശാലാ അധികൃതര്‍ കണക്കുകൂട്ടുന്നു. ഒപ്പം അപൂര്‍വ ജന്തുജാലങ്ങളുടെ സങ്കേതമെന്ന വിളിപ്പേരും നമ്മുടെ മൃഗശാലയ്ക്ക് സ്വന്തമാകും. ഈ ആശകള്‍ സഫലമാകണമെങ്കില്‍ ആനകളെ കൊടുക്കുകതന്നെ വേണം. പക്ഷേ, ആശ കൊടുത്താലും ആന കൊടുക്കില്ലെന്ന നിലപാടിലാണ് വനം വകുപ്പ് അധികൃതര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.