സംസ്ഥാന കമ്മറ്റിയുടെ സര്‍ക്കുലറിന് പുല്ലുവില; ഔദ്യോഗിക പക്ഷത്തും ഭിന്നത

Saturday 28 November 2015 1:46 am IST

ആലപ്പുഴ: ഔദ്യോഗികപക്ഷം നയിക്കുന്ന സിപിഎം ജില്ലാനേതൃത്വം തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാരെ തീരുമാനിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് മറുപക്ഷം. തെരഞ്ഞടുപ്പിന് ശേഷം പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാകാന്‍ കാരണം ജില്ലാ സെക്രട്ടറിയുടെയും ജി. സുധാകരന്‍ എംഎല്‍എയുടെയും എകാധിപത്യനയങ്ങളാണെന്നും വിഎസ്-ഐസക് പക്ഷം ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക പക്ഷത്തും ജില്ലാനേതൃത്വത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുതുടങ്ങി. പഞ്ചായത്ത് പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് സംസ്ഥാന കമ്മറ്റിയുടെ നവംബര്‍ 10ലെ സര്‍ക്കുലര്‍ ജില്ലാ നേതൃത്വം അട്ടിമറിക്കുകയായിരുന്നുവത്രെ.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ഏരിയാ കമ്മറ്റിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ജില്ലാക്കമ്മറ്റിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സംസ്ഥാന കമ്മറ്റിയും തീരുമാനിക്കണമെന്നുമായിരുന്നു സര്‍ക്കുലറിലെ നിര്‍ദ്ദേശം. മറ്റ് ജില്ലകളില്‍ ഈ സര്‍ക്കുലര്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആലപ്പുഴയില്‍ ഇത് ലംഘിക്കപ്പെട്ടു. ഔദ്യോഗിക പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള ജില്ലാകമ്മറ്റിക്ക് താല്‍പ്പര്യമുള്ളവരെയാണ് തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരായി നിയമിച്ചത്. പാര്‍ട്ടിയിലെ സീനിയോറിറ്റിയും പാര്‍ലമെന്ററി രംഗത്തെ പരിചയസമ്പന്നതയും പരിഗണിച്ചില്ല. പല സ്ഥലങ്ങളിലും വിഎസ്-ഐസക് പക്ഷക്കാര്‍ അദ്ധ്യക്ഷന്മാരാകുന്നത് ഒഴിവാക്കാന്‍ സിപിഐക്ക് ഏകപക്ഷീയമായി പ്രസിഡന്റ് സ്ഥാനം നല്‍കുകയായിരുന്നു. ജില്ലാ സെക്രട്ടറി വിഭാഗീയത മാത്രമല്ല, മറ്റു ചില താല്‍പര്യങ്ങളും പരിഗണിച്ചാണ് ചിലര്‍ക്ക് പ്രസിഡന്റ് സ്ഥാനങ്ങള്‍ നല്‍കാന്‍ വാശിപിടിച്ചതെന്നും മറുപക്ഷം ആരോപിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഇതേ നിലപാട് സ്വീകരിച്ചതാണ്  ഉറപ്പായി അധികാരം ലഭിക്കേണ്ട പല തദ്ദേശസ്ഥാപനങ്ങളും നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലാ സെക്രട്ടറി സജി ചെറിയാന്റെയും സംസ്ഥാനകമ്മറ്റിയംഗം ജി. സുധാകരന്റെയും ഏകാധിപത്യ തീരുമാനങ്ങളില്‍ സ്വന്തം പക്ഷത്തുനിന്നു പോലും എതിര്‍പ്പു ഉയര്‍ന്നു തുടങ്ങയിട്ടുണ്ട്. പാര്‍ട്ടിയുടെ വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തകര്‍ ഇരുവര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാക്കമ്മറ്റിയില്‍ ഇരുനേതാക്കളും അവരവര്‍ക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതായി ആക്ഷേപം ഉന്നയിച്ചത് ഇതെത്തുടര്‍ന്നാണത്രെ. അതിനിടെ ജില്ലാകമ്മറ്റിയെ വെല്ലുവിളിച്ച് ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ഇ.എന്‍. നാരായണന്‍ രാജിവെച്ചത് വി. എസ്. അച്യുതാനന്ദന് വ്യക്തിപരമായ തിരിച്ചടിയായി. രാജിവയ്ക്കരുതെന്നും പോരാട്ടം തുടരണമെന്നുമാണ് വിമതര്‍ നേരത്തെ നിവേദനം നല്‍കാനെത്തിയപ്പോള്‍ വിഎസ് നിര്‍ദ്ദേശം നല്‍കിയത്. പാര്‍ട്ടി സംഘടനയില്‍ വിഎസിന് ഇപ്പോഴും യാതൊരു സ്വാധീനവും ഇല്ലെന്ന് ഇതോടെ വ്യക്തമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.