ഓച്ചിറ പന്ത്രണ്ടുവിളക്ക് മഹോത്സവം ഇന്ന് സമാപിക്കും

Saturday 28 November 2015 10:39 am IST

കരുനാഗപ്പള്ളി: തെക്കന്‍ കാശിയെന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്ര സന്നിധിയില്‍ വൃശ്ചികം ഒന്നുമുതല്‍ നടന്നുവന്ന പന്ത്രണ്ടുവിളക്ക് മഹോത്സവം ഇന്ന് സമാപിക്കും. പന്ത്രണ്ട് ദിവസം നീളുന്ന ഓച്ചിറ ഭജനമിരിപ്പിനായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി വ്രതനിഷ്ഠരായ ലക്ഷകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രസന്നിധിയില്‍ എത്തിയത്. ഉത്സവദിവസങ്ങളില്‍ നടന്ന വിവിധ സമ്മേളനങ്ങളില്‍ ആദ്ധ്യത്മിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. ഭക്തജനങ്ങള്‍ക്ക് വിരിവയ്ക്കുവാന്‍ ആയിരത്തോളം കുടിലുകള്‍ സജ്ജമാക്കിയിരുന്നു. കൂടാതെ ഓംകാര സത്രം, പഴയസത്രം, അതിഥിമന്ദിരം എന്നിവിടങ്ങളില്‍ 150 ഭജനമുറികളും ഒരുക്കി. 150 ശൗചാലയങ്ങളും അറുപത് കുളിമുറികളും പ്രവര്‍ത്തനസജ്ജമാക്കി. കൂടാതെ പത്ത് കുടിലുകള്‍ക്ക് ഒന്നുവീതം കണക്കാക്കി കുടിവെള്ള ടാപ്പുകളും തയ്യാറാക്കിയിരുന്നു. 24 മണിക്കൂറും ജലവിതരണത്തിനുള്ള സംവിധാനം ജലഅതോറിറ്റിയുടെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയതും ആശ്വാസമായി. മാലിന്യസംസ്‌കരണപ്ലാന്റ് തയ്യാറാക്കുകയും കുറ്റമറ്റ രീതിയില്‍ സീവേജ് പ്ലാന്റ് ഒരുക്കുന്നതിലും സംഘാടകര്‍ വിജയിച്ചു. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കുടിലുകളില്‍നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രത്യേകസംവിധാനവും പടനിലത്ത് ഒരുക്കിയിരുന്നു. സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും ഓച്ചിറ പരബ്രഹ്മ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും നേതൃത്വത്തില്‍ ഭക്തര്‍ക്ക് ആവശ്യത്തിന് ചികിത്സാസഹായം ലഭ്യമാക്കിയിരുന്നു. ഹോമിയോ, ആയുര്‍വേദ ആശുപത്രികളുടെയും പ്രവര്‍ത്തനം പ്രായധിക്യം വന്ന ഭക്തര്‍ക്ക് പ്രയോജനപ്രദമായി. അക്രമങ്ങളും മോഷണവും സാമൂഹികവിരുദ്ധശല്യവും തടയാന്‍ സിസിടിവി ക്യാമറ സ്ഥാപിച്ച പോലീസ്. ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശബരിമല ക്ഷേത്രത്തിന്റെ അതേ മാതൃകയില്‍ സ്ഥിതിചെയ്യുന്ന സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന അയ്യപ്പ ക്ഷേത്രത്തിലും മഹായക്ഷിക്കാവ് എന്ന മഹാലക്ഷ്മി ക്ഷേത്രത്തിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് വൈകിട്ട് ക്ഷേത്രത്തില്‍ വന്‍ദീപക്കാഴ്ചയാണ് ഭക്തര്‍ ഒരുക്കുന്നത്. വൈകിട്ട് ദീപാരാധനയോടെ ക്ഷേത്രം ദീപപ്രഭയില്‍ മുഖരിതമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.