കൊച്ചി പുകമഞ്ഞിന്റെ പിടിയില്‍

Sunday 18 December 2011 11:08 pm IST

വിശാല കൊച്ചി വികസന അതോറിറ്റി പ്രദേശത്തിന്റെ പല ഭാഗങ്ങളും നേരം വെളുത്താലും ചുറ്റുപാടും കാണാനാകാത്ത തരത്തില്‍ പുകമഞ്ഞ്‌ വ്യാപിച്ചിരിക്കുന്നു. മുന്‍ വര്‍ഷങ്ങളിലും ഈ പ്രതിഭാസം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടെങ്കിലും മുമ്പത്തെക്കാളും വളരെ ഉയര്‍ന്ന തോതിലും വ്യാപ്തിയിലും മെട്രോ നഗരം പുകമഞ്ഞിന്റെ പിടിയിലാണിന്ന്‌. മഞ്ഞുകാലത്തെ മഞ്ഞും വായുമലിനീകരണം മൂലം പുകയും കൂടിക്കലര്‍ന്നാണ്‌ പുകമഞ്ഞുണ്ടാകുന്നത്‌. ഭൂതലം തണുക്കുകയും ചൂടുള്ള ഒരു വായുമണ്ഡലം അതിന്‌ മുകളിലായി കെട്ടികിടക്കുകയും ചെയ്യുമ്പോള്‍ വായുവിന്റെ സ്വതന്ത്ര ചലനം അസാധ്യമാകുകയും ഭൗമ ഉപരിതലത്തില്‍ പുകമഞ്ഞ്‌ വ്യാപിക്കുകയും പതിവാണ്‌. ലണ്ടനിലും ലോസ്‌എയ്ഞ്ചല്‍സിലും ഇതുമൂലം ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ദിവസങ്ങളോളം ഈ മഹാനഗരങ്ങള്‍ ചലനമറ്റ്‌ കിടന്നിട്ടുണ്ട്‌. കൊച്ചിയിലെ പുകമഞ്ഞിന്‌ അത്രയൊന്നും പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിവില്ലെങ്കിലും മനുഷ്യനിലും മൃഗങ്ങളിലും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമാണ്‌. ചില സ്ഥലങ്ങളില്‍ രാവിലെ എട്ടുമണിയോടടുത്താലും പുക മഞ്ഞ്‌ മാറുന്നില്ല. ചിലപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പുകമഞ്ഞ്‌ അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളും ഉണ്ട്‌. അസഹ്യമായ ഗന്ധം മൂലം നിര്‍ത്താതെ ചുമയ്ക്കേണ്ട ഗതികേട്‌ നഗരവാസികള്‍ക്കുണ്ടാകുന്നു. ആസ്മാരോഗികള്‍ക്ക്‌ പുകമഞ്ഞിന്റെ നാളുകള്‍ അസഹ്യമാണ്‌. കൊച്ചിയില്‍ സാധാരണയായി തണുപ്പുകാലത്താണ്‌ പുകമഞ്ഞ്‌ കാണുന്നതെങ്കിലും വേനല്‍കാലങ്ങളിലും വിരളമായി ഈ പ്രതിഭാസം പ്രത്യക്ഷപ്പെടാറുണ്ട്‌. ഈ സന്ദര്‍ഭങ്ങളിലെല്ലാം കുട്ടികളിലും പ്രായമായവരിലും ശ്വാസതടസ്സത്തിനുവരെ പുകമഞ്ഞ്‌ വഴിതെളിയിക്കുന്നുണ്ട്‌. ഹൃദ്രോഗമുള്ളവരെയും പുകമഞ്ഞ്‌ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. പുകമഞ്ഞില്‍ പൊടിപടലങ്ങളും പുകയും നൈട്രജന്റെയും സള്‍ഫറിന്റെയും ഓക്സൈഡുകളും കൂടിക്കലര്‍ന്ന സംയുക്തങ്ങളാണുണ്ടാകുക. അതുകൊണ്ട്‌ പലരിലും പലതരത്തിലുള്ള ശാരീരിക അസ്വസ്ഥകളാണ്‌ പുകമഞ്ഞ്‌ സൃഷ്ടിക്കുക. വ്യവസായ ശാലകളില്‍നിന്നും വാഹനങ്ങളില്‍നിന്നും നിര്‍മാണ സ്ഥലങ്ങളില്‍നിന്നും റോഡുപണിസ്ഥലത്തുനിന്നും ഉയരുന്ന വായു മാലിന്യങ്ങള്‍ പുകമഞ്ഞായി ഭൗമഉപരിതലത്തില്‍ കെട്ടികിടക്കുന്ന അവസ്ഥയുണ്ടാകുന്നു. ദൂരെയുള്ള വ്യവസായ ശാലകളില്‍നിന്നും ബഹിര്‍ഗമിക്കുന്ന പുകയടക്കമുള്ള വായു മാലിന്യങ്ങള്‍ ചിമ്മിനിയുടെ ഉയര കുറവുമൂലം താഴോട്ടു വരികയും നഗരങ്ങളില്‍ ഉടലെടുക്കുന്ന തെര്‍മല്‍ ഇന്‍വര്‍ഷന്‍ എന്ന പ്രതിഭാസത്തില്‍ ഉള്‍പ്പെട്ട്‌ പുകമഞ്ഞില്‍ കുടുങ്ങുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്‌. ചൂടുള്ള വായു പടലം വായു മണ്ഡലത്തില്‍ രണ്ട്‌ തണുത്ത വായു പടലങ്ങളുടെ ഇടയില്‍ കുടുങ്ങുമ്പോള്‍ ഭൂമിയോടു ചേര്‍ന്ന വായുമണ്ഡലത്തിലെ വായുവിന്‌ പ്രകൃതിദത്തമായ ചലനത്തിന്‌ അസാധ്യമായിത്തീരുന്നു. ഇത്‌ പുകമഞ്ഞില്‍ കലാശിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌. കൊച്ചിയിലെ ക്രമാതീതമായ വാഹനവര്‍ധനവും ട്രാഫിക്‌ ബ്ലോക്കും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഏലൂര്‍, എടയാര്‍ ഭാഗത്തെ വ്യവസായ ശാലകളുടെ സാമീപ്യവും മലിനീകരണവും പുകമഞ്ഞിന്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ദീര്‍ഘവീക്ഷണമില്ലാത്ത ആസൂത്രണത്തില്‍ വന്നിട്ടുള്ള പാളിച്ചയാണ്‌ കടല്‍ സാമീപ്യം ഉണ്ടായിട്ടും കൊച്ചിപോലുള്ള ഒരു മെട്രോ നഗരത്തില്‍ പുകമഞ്ഞുണ്ടാകുന്നതെന്നാണ്‌ ശാസ്ത്രീയ വിശകലനങ്ങളില്‍നിന്നും മനസ്സിലാകുക. കൊച്ചി റിഫൈനറിക്കുവേണ്ടി 1991 ല്‍ ദേശീയ പരിസ്ഥിതി സാങ്കേതിക ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്‌ (നീറി) നടത്തിയ പഠനത്തിലും 1998 ലെ കൊച്ചിയുടെ സംവഹന ശേഷി പഠനത്തിലും 2006 ല്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ദല്‍ഹി കോര്‍പ്പറേഷനും സംയുക്തമായി പഠിച്ച്‌ പരിസ്ഥിതി ആഘാതപഠനത്തിലും അതിനുശേഷം 2010 ല്‍ വിശാല കൊച്ചി വികസന അതോറിറ്റി പരിധിയില്‍ കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്ക്‌ വേണ്ടി ദല്‍ഹി ഐഐടി നടത്തിയ പഠനത്തിലും കൊച്ചിയിലെ വായു ആരോഗ്യപ്രദമല്ലെന്ന്‌ കണ്ടെത്തിയിട്ടുള്ളതാണ്‌. ഇതിന്റെ വെളിച്ചത്തില്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം കൊച്ചിയില്‍ പുതിയ വ്യവസായശാലകള്‍ തുടങ്ങുന്നതിനെതിരെ മോറൊട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തതാണ്‌. അതിനുശേഷം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ സമര്‍പ്പിച്ചിരിക്കുന്ന വായു മലിനീകരണ നിയന്ത്രണ പ്രോജക്ട്‌ വിശ്വാസത്തിലെടുത്താണ്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം താല്‍ക്കാലികമായി മൊറൊട്ടോറിയം പിന്‍വലിച്ചിരിക്കുന്നത്‌. വായു മലിനീകരണം തടയുവാന്‍ ഇനിയും കാര്യമാത്ര പ്രസക്തമായ ഒരു പ്രവര്‍ത്തനവും കെഎസ്പിസിബി തുടങ്ങിയിട്ടില്ലെന്നതാണ്‌ വാസ്തവം. ഇതിന്റെയൊക്കെ പരിണത ഫലമാണ്‌ കൊച്ചി നിവാസികള്‍ ഇന്നനുഭവിക്കുന്ന പുകമഞ്ഞും അതിനെത്തുടര്‍ന്നുള്ള അസുഖങ്ങളും. ഏറ്റവും പുതിയ സമഗ്ര പരിസ്ഥിതി മലിനീകരണ ഇന്‍ഡക്സ്‌ അനുസരിച്ച്‌ കൊച്ചി അതിരൂക്ഷ മലിനീകരണമുള്ള നഗരമാണ്‌. രാജ്യത്തെ അതീവ ഗുരുതരമായ അന്തരീക്ഷ മലിനീകരണം നേരിടുന്ന നഗരങ്ങളില്‍ കൊച്ചിയ്ക്ക്‌ 75.08 ന്റെ സിഇപിഐ സ്ക്കോറാണുള്ളത്‌. ഭാരതത്തിലെ അതീവ ഗുരുതരമായി വായുമലിനീകരണം നേരിടുന്ന നഗരങ്ങളില്‍ കൊച്ചിയ്ക്ക്‌ 24-ാ‍ം സ്ഥാനമാണുള്ളത്‌. മൊറൊട്ടോറിയത്തില്‍നിന്നും മോചനം നേടുവാന്‍ പദ്ധതികള്‍ സമര്‍പ്പിച്ച കെഎസ്പിസിബി പക്ഷെ അവ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്‌ മെട്രോ നഗരം ഇന്ന്‌ അനുഭവിക്കുന്ന പുകമഞ്ഞ്‌. കൊച്ചിയെപ്പോലുള്ള ഒരു ചെറിയ നഗരം ഇത്രയും രൂക്ഷമായ വായുമലിനീകരണം ഏറ്റുവാങ്ങേണ്ടി വരുന്നത്‌ ഇവിടുത്തെ ഭരണസംവിധാനങ്ങളുടെ കെടുകാര്യസ്ഥത ഒന്നുകൊണ്ടുമാത്രമാണ്‌. നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന നല്ല വായുവയും വെള്ളവുമെങ്കിലും ജനങ്ങള്‍ക്ക്‌ നല്‍കുവാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണം. പുകമഞ്ഞ്‌ മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക്‌ പരിഹാരമായി നഗരവാസികള്‍ ജോലി ചെയ്തുണ്ടാക്കുന്ന പണത്തില്‍നിന്നാണ്‌ മരുന്നുവാങ്ങുവാന്‍ വന്‍ തുകകള്‍ ചിലവാക്കേണ്ടിവരുന്നത്‌. ഇതിന്‌ ഉത്തരവാദികള്‍ ഭരണസംവിധാനങ്ങളാണ്‌. ഇരുപതു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നീറി എറണാകുളം, പാലാരിവട്ടത്തും അമ്പലമുകളിലും ഉദ്യോഗമണ്ഡലിലും കരിമുകളിലും നടത്തിയ പഠനങ്ങളില്‍ അന്തരീക്ഷത്തിലെ പൊടിപടലങ്ങളും നൈട്രജന്റെയും സള്‍ഫറിന്റെയും ഓക്സൈഡുകളും അമോണിയയുടെ അംശവും വായുവില്‍ അനുവദനീയമായ പരിധിയിലായിരുന്നു. ഇന്നത്‌ പല സീസണുകളിലും അനുവദനീയമായതിലും വളരെ കൂടുതലാണ്‌. കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കായി നടത്തിയ പരിസ്ഥിതി ആഘാത പഠനത്തില്‍ കൊച്ചി നഗരത്തിലെ ഇടപ്പള്ളി, പാലാരിവട്ടം, എറണാകുളം നോര്‍ത്ത്‌, സൗത്ത്‌ എന്നിവിടങ്ങളില്‍ പൊടിപടലങ്ങള്‍ അനുവദനീയമായ ചതുരശ്രമീറ്ററില്‍ 60 മൈക്രോ ഗ്രാം എന്ന തോതിലാണെങ്കില്‍ ഇവിടങ്ങളില്‍ 105 വരെ അത്‌ ഉയര്‍ന്നിട്ടുണ്ട്‌. നൈട്രജന്റെ ഓക്സൈഡുകളും ഇടപ്പള്ളിയിലും പാലാരിവട്ടത്തും അനുവദനീയമായ 60 ആണെങ്കില്‍ 187ഉം 93 ഉം ആയി ഉയര്‍ന്ന ദിവസങ്ങളും ധാരാളമുണ്ട്‌. ദല്‍ഹി ഐഐടിയുടെ പഠനത്തില്‍ പാലാരിവട്ടം, ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ ജീവിക്കുന്നതുപോലും ആരോഗ്യത്തിന്‌ ഹാനികരമാണെന്നാണ്‌ തെളിഞ്ഞിരിക്കുന്നത്‌. ഇത്രയേറെ ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടും അധികാര കേന്ദ്രങ്ങള്‍ ഇതൊന്നും കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. നഗരത്തിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കുവാനുള്ള പരിശ്രമങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. നഗരത്തില്‍ ഫ്ലൈഓവറുകളുടെ ശൃംഖല തന്നെ വേണ്ടിടത്ത്‌ ഒന്നുപോലുമില്ലെന്നത്‌ ഭരണനേതൃത്വത്തിന്‌ നാണക്കേടാണ്‌. കുടിയൊഴുപ്പിക്കുന്നവര്‍ക്ക്‌ സൗകര്യപ്രദമായ പുനരധിവാസ പാക്കേജ്‌ നല്‍കാത്തതിനാലാണ്‌ ഒഴിപ്പിക്കല്‍ സാധ്യമാകാത്തത്‌. മെട്രോ റെയിലും അതിവേഗ തീവണ്ടി കോറിഡോറും ഫ്ലൈ ഓവറുകളും നടപ്പാക്കാതെ കൊച്ചിയിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരമാകില്ല. ഇനിയും കൊച്ചി നഗരത്തില്‍ ബഹുനില കെട്ടിടങ്ങള്‍ക്ക്‌ അനുവാദം നല്‍കരുത്‌. പ്രത്യേകിച്ചും ഫ്ലാറ്റുകള്‍ക്ക്‌ നോര്‍ത്ത്‌ പാലവും സൗത്ത്‌ പാലവും കടന്നുപോകുന്ന വണ്ടികളുടെ എണ്ണം കുറയ്ക്കണം. നഗരത്തില്‍ കടന്നുവരുന്ന മോട്ടോര്‍ വാഹനങ്ങളുടെ മലിനീകരണ ബഹിര്‍ഗമന വാതക ടെസ്റ്റിംഗ്‌ നിര്‍ബന്ധമാക്കണം. ഇടയ്ക്കിടെ വഴിയില്‍ വച്ച്‌ പുക ടെസ്റ്റ്‌ ചെയ്യാനുള്ള സംവിധാനങ്ങള്‍ ഉണ്ടാവുകയും അനുവദനീയമായ അളവില്‍ കൂടുതല്‍ മലിനീകരണ വാതകങ്ങളുടെ തോത്‌ കണ്ടാല്‍ 10000 രൂപവരെ പിഴ ഈടാക്കണം. നഗരത്തില്‍ സൈക്കിള്‍ പാത്ത്‌ നിര്‍മിക്കുകയും സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുകയും വേണം. കൊച്ചി നഗരത്തിലെ പൊതുസ്ഥലങ്ങളിലെ മരങ്ങളുടെ എണ്ണം ജനസംഖ്യാ ആനുപാതികമായി കുറവായതിനാല്‍ നഗരത്തെ ഹരിതവല്‍ക്കരിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. മംഗള വനത്തോടു ചേര്‍ന്ന്‌ ഒരു വന്‍മരങ്ങളുടെ ആര്‍ബൊറേറ്റം കൂടിയേ തീരൂ. വായുമലിനീകരണം മൂലം പ്രാണവായു ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള അവസരങ്ങളില്‍ നഗരവാസികള്‍ക്ക്‌ പ്രാണവായു നല്‍കുവാന്‍ ആര്‍ബൊറേറ്റം പര്യാപ്തമായിരിക്കും. നഗരത്തിനകത്തെ നിലവിലുള്ള മരങ്ങളെ സംരക്ഷിക്കുവാനുള്ള ചുമതല വനംവകുപ്പിനെ ഏല്‍പ്പിക്കണം. നഗരാതിര്‍ത്തിയില്‍ ടീ ആക്ട്‌ നടപ്പാക്കണം. നഗരത്തില്‍ പഴയകെട്ടിടങ്ങള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന പൊടി മലിനീകരണം കഴിവതും ഒഴിവാക്കുകയും മലിനീകരണത്തിന്‌ സെസ്സ്‌ ഏര്‍പ്പെടുത്തുകയും ചെയ്യണം. നഗരത്തിനകത്ത്‌ പ്ലാസ്റ്റിക്‌ തുടങ്ങിയതടക്കമുള്ള പാഴ്‌വസ്തുക്കള്‍ കത്തിക്കുന്നത്‌ നിയമംമൂലം നിരോധിക്കണം. നഗരത്തിനകത്ത്‌ തുറന്ന ലോറികളില്‍ സിമന്റ്‌, മാലിന്യം, മണ്ണ്‌, കരിങ്കല്ല്‌, മെറ്റല്‍, മണല്‍ എന്നിവകൊണ്ടുപോകുന്നത്‌ നിരോധിച്ചിട്ടുണ്ടെങ്കിലും നടപടികളില്ലാത്തതിനാല്‍ ഇത്തരം ചരക്കുനീക്കങ്ങള്‍ നിര്‍ബാധം തുടരുകയാണ്‌. ഇത്‌ തടയണം. നിയമലംഘനത്തിനെതിരെ കനത്ത പിഴ ഈടാക്കുകയും വേണം. നഗരത്തിനകത്തെ മരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ എടുത്തുമാറ്റണം. ഇത്തരം ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യമാണ്‌. പ്രധാന തെരുവുകളില്‍ മരം വച്ചുപിടിപ്പിക്കുവാനുള്ള ചുമതല കച്ചവടക്കാരെ ഏല്‍പ്പിക്കുക. കച്ചവടസ്ഥാനങ്ങളുടെ മുന്നില്‍ വളരുന്ന മരങ്ങള്‍ ഉണക്കിക്കളയുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക. നഗരത്തിനകത്തും പ്രാന്തപ്രദേശങ്ങളിലുമുള്ള വ്യവസായശാലകളില്‍നിന്ന്‌ ഉണ്ടായേക്കാവുന്ന വായുമലിനീകരണത്തിനെതിരെ സത്വര നടപടി വേണം. വാതക ചോര്‍ച്ച തടയുന്നതിനും പൊടിപടലങ്ങള്‍ ലഘൂകരിക്കുന്നതിനും ചിമ്മിണികളുടെ ഉയരം കൂട്ടുന്നതിനും നടപടിവേണം. നഗരത്തില്‍ ഇതുവരെ നടന്ന ശാസ്ത്രീയ പഠനങ്ങളില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന വായു മലിനീകരണനിയന്ത്രണ ഉപാധികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കിയില്ലെങ്കില്‍ കൊച്ചി നഗരം പുകമഞ്ഞിന്റെ പിടിയില്‍നിന്നും രക്ഷനേടില്ല. പുകമഞ്ഞ്‌ ആരോഗ്യം നഷ്ടപ്പെടുത്തുന്നുണ്ടെന്ന തിരിച്ചറിവ്‌ രാഷ്ട്രീയ നേതൃത്വം മുഖവിലക്കെടുത്താല്‍ മാത്രമേ നഗരവാസികള്‍ക്ക്‌ ആരോഗ്യകരമായ പ്രാണവായു ലഭിക്കുകയുള്ളൂ. ഡോ.സി.എം.ജോയി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.