സമത്വമുന്നേറ്റ യാത്ര നാളെ കോട്ടയത്ത്

Saturday 28 November 2015 10:52 pm IST

കോട്ടയം: ഭൂരിപക്ഷ ഹിന്ദുസമുദായങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റയാത്ര നാളെ കോട്ടയത്ത് എത്തും. യാത്രയ്ക്ക് വന്‍ വരവേല്‍പ്പാണ് ഒരുക്കിയിട്ടുള്ളത്. ഉച്ചയ്ക്ക് 3 മണിയോടെ ഇടുക്കി ജില്ലയില്‍ നിന്നും യാത്ര കോട്ടയം നാഗമ്പടം മുനിസിപ്പല്‍ മൈതാനത്ത് സജ്ജമാക്കിയ സ്വീകരണവേദിയില്‍ എത്തിച്ചേരും. കോട്ടയത്തെ സ്വീകരണത്തില്‍ കോട്ടയം, ചങ്ങനാശേരി, മീനച്ചില്‍, ഹൈറേഞ്ച്, പീരുമേട്, എരുമേലി എന്നീ എസ്എന്‍ഡിപി യൂണിയനുകളും, കെപിഎംഎസ്, കേരളസാംബവര്‍ സൊസൈറ്റി, യോഗക്ഷേമസഭ, മലബാര്‍ നായര്‍ സമാജം, കേരള ധീവരസഭ, പാണര്‍ മഹാസഭ, വിശ്വകര്‍മ്മസഭ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരും പങ്കെടുക്കും. ഇരുപത്തയ്യായിരം പേര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂണിയനുകളിലെ ശാഖകളെയും, പോഷകസംഘടനകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മേഖലായോഗങ്ങളും, കുടുംബസംഗമങ്ങളും നടന്നുകഴിഞ്ഞു. ഇന്ന് യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ബൈക്ക് റാലിയും പ്രചാരണ സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ രണ്ടാമത്തെ സ്വീകരണപോയിന്റ് വൈക്കമാണ്. വൈക്കം സ്വീകരണത്തില്‍ വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി യൂണിയനുകളില്‍ നിന്നും പതിനയ്യായിരം പേര്‍ പങ്കെടുക്കും. ജാഥാ ക്യാപ്റ്റന്‍ വെള്ളാപ്പള്ളി നടേശനെ കുര്യന്‍ ഉതുപ്പ് റോഡില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യോഗസ്ഥലത്തേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ.ജി.തങ്കപ്പന്‍ അദ്ധ്യക്ഷത വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ, കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. കെപിഎംഎസ് ജനറല്‍ സെക്രട്ടറി ടി.വി.ബാബു, കെഎസ്എസ് പ്രസിഡന്റ് ജയപ്രകാശ്, മലബാര്‍ നായര്‍ സമാജം പ്രസിഡന്റ് മഞ്ചേരി ഭാസ്‌ക്കരപിള്ള, യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, സ്വാഗതസംഘം ചെയര്‍മാന്‍ ബിനേഷ് പ്ലാത്താനം തുടങ്ങിയവര്‍ സംസാരിക്കും. വെള്ളാപ്പള്ളി നടേശന്‍ സ്വീകരണത്തിന് നന്ദി പറയും. സ്വാഗതസംഘം ജില്ലാ കണ്‍വീനര്‍ ആര്‍.രാജീവ് സ്വാഗതവും യോഗം കൗണ്‍സിലര്‍ ഗിരീഷ് കോനാട്ട് നന്ദിയും പറയും. ഡിസംബര്‍ 5ന് സമത്വമുന്നേറ്റ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം ശംഖുമുഖത്ത് ചേരുന്ന രാഷ്ട്രീയ പ്രഖ്യാപന മഹാസമ്മേളനത്തില്‍ കോട്ടയം ജില്ലയില്‍ നിന്നും നാല്‍പ്പതിനായിരം പേര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ എസ്എന്‍ഡിപി യോഗം ജില്ലാ പ്രസിഡന്റ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ എ.ജി.തങ്കപ്പന്‍, ജില്ലാ കണ്‍വീനര്‍ ആര്‍.രാജീവ്, യോഗം കൗണ്‍സിലര്‍ ഗിരീഷ് കോനാട്ട്, സ്വാഗതസംഘം ചെയര്‍മാന്‍ ബിനീഷ് പ്ലാത്താനം എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.