കഎസ്ടിപി: തലശ്ശേരി-മട്ടന്നൂര്‍ റോഡ് പ്രവൃത്തി ജനവരിയില്‍ ആരംഭിക്കും

Saturday 28 November 2015 10:57 pm IST

മട്ടന്നൂര്‍: കെഎസ്ടിപി പദ്ധതിയില്‍ തലശ്ശേരി മുതല്‍ മട്ടന്നൂര്‍ വരെയുള്ള 30 കിലോമീറ്റര്‍ വരുന്ന ഒന്നാം റീച്ചിന്റെ പ്രവൃത്തി ജനവരിയില്‍ തുടങ്ങുമെന്നും രണ്ടാം റീച്ചിന്റെ പ്രവൃത്തി ഫിബ്രവരിയോടെ തുടങ്ങാനാവുമെന്നും അധികൃതര്‍ ജില്ലാ വികസനസമിതി യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചതായി യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. അഡ്വ. സണ്ണി ജോസഫ് എംഎല്‍എയാണ് ഇക്കാര്യം ഉന്നയിച്ചത്. പുതിയ മൊയ്തു പാലത്തിന്റെ പ്രവൃത്തി ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധം പുരോഗമിക്കുകയാണ്. മമ്പറം പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കലിന് നടപടി സ്വീകരിക്കണമെന്ന് കെ.കെ.നാരായണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മേലൂര്‍-പാറപ്രം പാലം 5 വര്‍ഷം മുമ്പ് പണി പൂര്‍ത്തിയായിട്ടും അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുത്തിട്ടില്ല. ഇക്കാര്യത്തിലും അടിയന്തിര നടപടി വേണമെന്ന് അദ്ദേഹം പറഞ്ഞു. തലശ്ശേരി-അഞ്ചരക്കണ്ടി റോഡ് ഉള്‍പ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണി എത്രയും വേഗം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൂളക്കടവ് പാലത്തിന്റെ ബോറിങ് പ്രവൃത്തി പൂര്‍ത്തിയായതായും റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ രൂപരേഖ തയ്യാറാക്കാനാകുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് ജില്ലാ വികസനസമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ പി ബാലകിരണ്‍ നിര്‍ദേശിച്ചു. ഫിബ്രവരി 28നകം ഭരണാനുമതിയും സാങ്കേതികാനുമതിയും ടെണ്ടര്‍ നടപടികളും എല്ലാം പൂര്‍ത്തിയാക്കണം. എങ്കിലേ ഈ സാമ്പത്തികവര്‍ഷത്തെ പ്രവൃത്തികള്‍ നടപ്പിലാക്കാനാകൂ. നേരത്തെയുള്ള പ്രവൃത്തികളില്‍ ഇനിയും പൂര്‍ത്തിയാകാത്തവയുടെ കാര്യത്തില്‍ അടിയന്തിര ശ്രദ്ധ നല്‍കി നടപടികള്‍ കൈക്കൊള്ളണം. വരള്‍ച്ചാ ദുരിതാശ്വാസം, എംഎല്‍എ/എംപി പ്രാദേശിക വികസനനിധി എന്നിവയിലുള്ള റോഡ് പ്രവൃത്തികള്‍ നീണ്ടുപോകുന്നത് ഒഴിവാക്കണം. അതിന്റെ പേരില്‍ ഫണ്ട് നഷ്ടമാകുന്ന സ്ഥിതി ഉണ്ടായിക്കൂടെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു. ആനശല്യം തടയുന്നത് സംബന്ധിച്ച് ജില്ലയിലെ വനമേഖലയിലെ ഗ്രാമപഞ്ചായത്തുകളുടെ യോഗം വിളിക്കാന്‍ ഡിഎഫ്ഒയോട് യോഗം നിര്‍ദേശിച്ചു. വൈദ്യുതിവേലി നിര്‍മിക്കുന്നതും പരിപാലിക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇത്. വടക്കേക്കളത്തെ ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള സര്‍വേ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലിലെ 14000 കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ വിവിധ തഹസില്‍ദാര്‍മാര്‍ക്ക് വീതിച്ചു നല്‍കി സര്‍ക്കാര്‍ ഉത്തരവായതായും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ വിവിധ വകുപ്പുകളുടെ നവംബര്‍ വരെയുള്ള പദ്ധതി ഫണ്ട് വിനിയോഗം 73.89 ശതമാനമാണെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ എം എ ഷീല അറിയിച്ചു. പദ്ധതി തുക വിനിയോഗം വേഗത്തിലാക്കാന്‍ എല്ലാ വകുപ്പ് മേധാവികള്‍ക്കും യോഗം നിര്‍ദേശം നല്‍കി. യോഗത്തില്‍ അസി. കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം ഒ.മുഹമ്മദ് അസ്ലം, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) വി.പി.മുരളീധരന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.