വീട്ടമ്മയെ തട്ടിയെടുത്ത് പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ പാസ്റ്റര്‍ പിടിയില്‍

Saturday 28 November 2015 11:16 pm IST

പത്തനംതിട്ട: പ്രാര്‍ത്ഥനയ്‌ക്കെത്തിയ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മൂന്നുവര്‍ഷമായി ഒളിവിലായിരുന്ന പാസ്റ്ററെ പോലീസ് പിടികൂടി. കല്ലൂപ്പാറ ചെങ്ങരൂര്‍ കാഞ്ഞിരത്തുങ്കല്‍ വീട്ടില്‍ സൈമണ്‍ ജോണി(50)നെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ പോലീസ് പൊന്‍കുന്നത്തുനിന്നും അറസ്റ്റ് ചെയ്തതത്. ചങ്ങനാശ്ശേരി-പൊന്‍കുന്നം റൂട്ടില്‍ കൊടുങ്ങൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇയാളെ കോഴഞ്ചേരി സിഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് പിടികൂടിയത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ. ഏഴാംക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഐപിസി പാസ്റ്ററായ സൈമണ്‍ 2012 ലാണ് പായിപ്പാട്ട് നിന്നും വീട്ടമ്മയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയത്. പ്രാര്‍ത്ഥനയ്ക്കായി വീട്ടമ്മയുടെ വീട്ടില്‍ ചെല്ലുമായിരുന്ന ഇയാള്‍ അവരെ പ്രലോഭിപ്പിച്ച് ഇവിടെ നിന്നും കടത്തിക്കൊണ്ടുവന്ന് പുല്ലാട്ട് വാടക വീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെവെച്ച് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ പീഡിപ്പിക്കുകയും ഇവരുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. മൂന്നുമാസത്തോളം ഒളിവില്‍ താമസിപ്പിച്ച വീട്ടമ്മയെ തൃക്കൊടിത്താനം പോലീസില്‍ ഇവരുടെ ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ചങ്ങനാശ്ശേരിയില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിന് ശേഷവും ഒരുമാസത്തോളം വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പതിമൂവായിരം രൂപയോളം തട്ടിയെടുക്കുകയും ചെയ്തതായും ഇതുസംബന്ധിച്ച് പത്തനംതിട്ട സിജെഎം കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നെന്നും പോലീസ് പറയുന്നു. തുടര്‍ന്ന് പാസ്റ്റര്‍ സൈമണ്‍ ഒളിവില്‍ പോകുകയായിരുന്നു. കോഴഞ്ചേരി സിഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം ആറന്മുള എസ്.ഐ ബോബിവര്‍ഗീസ്, എസ്.ഐ രാജശേഖരന്‍, എഎസ്‌ഐ ജലാലുദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊടുങ്ങൂരിലെത്തി. ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മഫ്തിയിലുണ്ടായിരുന്ന പോലീസ് പിന്നാലെയെത്തിയപ്പോള്‍ പാസ്റ്റര്‍ പൊന്‍കുന്നം പോലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് അവിടെ നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസെത്തുമ്പോള്‍ കൊടുങ്ങൂരിലെ വാടക വീട്ടില്‍ പാസ്റ്റര്‍ ഭാര്യയ്‌ക്കൊപ്പം കഴിയുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ഇന്നലെ ഇയാളെ പത്തനംതിട്ട സിജെഎം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.