ഹിന്ദുക്കളുടെ മനസ്സ് സമത്വമുന്നേറ്റ യാത്രയ്‌ക്കൊപ്പമെന്ന് ശശികല ടീച്ചര്‍

Saturday 28 November 2015 11:27 pm IST

നെയ്യാറ്റിന്‍കര: വെള്ളാപ്പള്ളി നടേശന്‍ സംസാരിക്കുന്നത് പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടിയാണ്. അതുകൊണ്ടാണ് കേരളത്തിലെ ഹിന്ദുക്കളുടെ മനസ്സ് സമത്വമുന്നേറ്റ യാത്രയ്‌ക്കൊപ്പം സഞ്ചരിക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. ചെങ്കല്‍ അഭേദാശ്രമത്തില്‍ നടന്ന ഹിന്ദു ഐക്യവേദി ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് കേരളത്തിനാവശ്യം. അതിന്റെ ലക്ഷണങ്ങളാണ് കണ്ടു തുടങ്ങിയിട്ടുള്ളത്. ഈ ആശയമാണ് വെള്ളാപ്പള്ളി നടേശനും ഉയര്‍ത്തുന്നത്. കേരളം ഇന്ന് ഹിന്ദുഐക്യത്തിന്റെ പിന്നാലെയാണ്. ഹിന്ദുക്കളെ എതിര്‍ക്കുകയും പുച്ഛിക്കുകയും ചെയ്ത വലത്-ഇടത് കക്ഷികള്‍ ഇപ്പോള്‍ ഹിന്ദുക്കളുടെ കാര്യത്തില്‍ വേവലാതിപ്പെടുകയാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു. ശില്പശാല ചെങ്കല്‍ ശിവശക്തി ക്ഷേത്രം മഠാധിപതി മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.ടി. ഭാസ്‌കരന്‍ അധ്യക്ഷനായി. അശോക് സിംഗാളിനെ കെ.പി. ഹരിദാസ് അനുസ്മരിച്ചു. സമീപനവും കാഴ്ചപ്പാടും എന്ന വിഷയത്തില്‍ ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് എം. രാധാകൃഷ്ണനും, കമ്മ്യൂണിസത്തിന്റെ ഹിന്ദു വിരുദ്ധ സമീപനങ്ങള്‍ എന്ന വിഷയത്തില്‍ ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണനും, ഹിന്ദു ശാക്തീകരണത്തെ കുറിച്ച് ഇ.എസ്. ബിജുവും ക്ലാസ് എടുത്തു. എം.കെ. കുഞ്ഞോല്‍, കെ.വി. ശിവന്‍, പ്രശാന്ത്, പി.ആര്‍ ശിവരാജന്‍, വി. പത്മനാഭന്‍, പി.കെ. ബാഹുലേയന്‍, എന്‍.കെ. രത്‌നകുമാര്‍, ബി. ബാബു, വി. സുശികുമാര്‍, പി.ജി. ശശികല, ബിന്ദു മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.