താരക ബ്രഹ്മം

Sunday 29 November 2015 6:38 pm IST

ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ കുടികൊള്ളുന്നത് താരക ബ്രഹ്മമായ ശ്രീധര്‍മശാസ്താവാണ്. തരണം ചെയ്യുന്നവന്‍ എന്നാണ് ഇതിനര്‍ത്ഥം. മനുഷ്യനെ സംസാരസാഗരത്തില്‍നിന്നും തരണം ചെയ്ത് സര്‍വദുരിതങ്ങള്‍ക്കും അപ്പുറത്തുള്ള മോക്ഷത്തിലേക്ക് നയിക്കുന്നതിനെ ധര്‍മശാസ്താവ് അനുഗ്രഹിക്കുന്നു. മഹാവിഷ്ണുവിന്റെയും ശിവന്റെയും സമന്വയത്തില്‍നിന്നാണ് താരകബ്രഹ്മമായ ധര്‍മശാസ്താവ് ഉടലെടുത്തത്. സംരക്ഷണത്തിന്റെയും സമന്വയത്തിന്റെയും പ്രതീകമാണ് ശ്രീധര്‍മശാസ്താവ്. മനുഷ്യന്റെ ആത്മീയ സ്വാതന്ത്ര്യത്തിനുള്ള മാര്‍ഗത്തെയും ധര്‍മത്തിന്റെ സര്‍വ സാന്നിധ്യത്തെയു താരകബ്രഹ്മം പ്രതിനിധാനം ചെയ്യുന്നു.ബോധമണ്ഡലത്തെ അതിന്റെ പരിമിതികളില്‍നിന്നും മോചിപ്പിച്ച് പരമചൈതന്യത്തില്‍ ലയിപ്പിക്കുക എന്നതാണ് മനുഷ്യന്റെ ആത്മീയസാധനയുടെ ലക്ഷ്യം. ഉള്ളിലുള്ള ദിവ്യശക്തിയെ ഉണര്‍ത്തുകയും ബുദ്ധിയെ പ്രകാശിപ്പിക്കുകയുമാണ് സാധകന്റെ പ്രയത്‌നം. യുഗങ്ങളില്‍ ഏറ്റവും ദുരിതപൂര്‍ണമായ കലിയുഗത്തില്‍ സര്‍വദുഃഖങ്ങളില്‍നിന്നും ഭക്തരെ മോചിപ്പിച്ച് ആത്മീയാനുഭൂതിയിലേക്കും ശാശ്വതമുക്തിയിലേക്കും നയിക്കുന്ന ശക്തിയാണ് താരകബ്രഹ്മമായ ധര്‍മശാസ്താവ്. സാധാരണ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ ഇരിക്കുന്നത്, നില്‍ക്കുന്നത്, കിടക്കുന്നത് എന്നിങ്ങനെ മൂന്ന് രൂപത്തിലാണ്. നില്‍ക്കുന്ന രൂപത്തിലാണ് മിക്ക വിഗ്രഹങ്ങളും. അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അനന്തന്റെ മേല്‍ ശയിക്കുന്ന രീതിയിലാണ് ഭഗവാന്റെ രൂപം. ശബരിമല ശ്രീധര്‍മശാസ്താവിന്റെ വിഗ്രഹം ഇരിക്കുന്ന രൂപത്തിലാണെങ്കിലും മറ്റെവിടെയും കാണാത്ത വിധത്തിലാണ്. പത്മാസനം, സിദ്ധാസനം, വജ്രാസനം, ഗോമുഖാസനം എന്നീ രീതികളിലാണ് സാധാരണയായി ഇരിക്കുന്ന വിഗ്രഹങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. എന്നാല്‍ മറ്റു ക്ഷേത്രങ്ങളിലെ ദേവസങ്കല്‍പ്പത്തിന്റെ ഇരുപ്പിന്റെ രീതിയിലല്ല ശബരിമലയില്‍. അര്‍ദ്ധാസന രൂപം, യോഗപാദാസനം, യോഗരൂഢസിദ്ധാസനം എന്നീ രീതികളില്‍ പറയാവുന്ന ഇരുപ്പാണ് ഇവിടെ ശ്രീധര്‍മശാസ്താവിന്റേത്. സാധാരണ ദേവവിഗ്രഹങ്ങള്‍ ജാഗ്രതാവസ്ഥയിലാണുള്ളത്. എന്നാല്‍ ശബരിമലയില്‍ താപസ്സഭാവത്തിലാണ്. സാധാരണ ദേവവിഗ്രങ്ങള്‍ സിംഹാസനത്തിലിരിക്കുമ്പോള്‍ ഇവിടെ പീഠത്തിലാണ്. വിഗ്രഹങ്ങള്‍ ഇടത്തൊ വലത്തൊ കാല്‍മടക്കി വച്ചാല്‍ ലൗകികഭാവത്തെ പ്രതിനിധീകരിക്കുന്നു. പുരുഷരൂപത്തിലുള്ള ദേവന്‍ ഇടതുതുട മടക്കിവെച്ചതായി കണ്ടാല്‍ അത് തന്റെ പത്‌നീഭാവത്തിലുള്ള ദേവിയെക്കൂടി സഹവസിപ്പിക്കാനാവും. ഇടതുവശം ഭാര്യയുടെ സ്ഥാനമാണ്. പാര്‍വതീ ദേവി ഭഗവാന്റെ ഇടതുതുടയിലാണ് സാന്നിദ്ധ്യം ചെയ്യുന്നത്. വലതുതുട മകനൊ മകള്‍ക്കൊ ഉള്ളതാണ്. നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലാണ് ശബരിമലയിലെ ശ്രീധര്‍മശാസ്താവിന്റെ പ്രതിഷ്ഠ. നൈഷ്ഠിക ബ്രഹ്മചാരിയും താപസനുമായ ശ്രീധര്‍മ ശാസ്താവ് ലൗകികപരമായ യാതൊരു ബന്ധവും ഇല്ലെന്ന് കാണിക്കുവാനാണ് ഇരിക്കുന്ന അവസ്ഥയ്ക്ക് ഭംഗം വരാതെ തന്നെ കാലുകള്‍ അല്‍പ്പം ഉയര്‍ത്തി ഇരുമുട്ടിനെയും അരക്കെട്ടിനെയും ചേര്‍ത്തുകൊണ്ട് കാലുകളെ യോഗപട്ടത്താല്‍ ബന്ധിപ്പിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.