കോട്ടയം: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കു പകരം തുണി സഞ്ചി നല്കുന്ന ശുചിത്വ മൈത്രി പദ്ധതിയിലേയ്ക്ക് 10,000 തുണി സഞ്ചികള്‍ ജോസ്കോ ജുവലേഴ്സ് സ്പോണ്സര് ചെയ്തു. ജോസ്കോ ഷോറൂം മാനേജര്‍ ജെ. കെ. ജയന് ജില്ലാ കളക്ടര്‍ യു.വി. ജോസിന് തുണിസഞ്ചികള്‍ കൈമാറി. ശീമാട്ടി, പുളിമൂട് വ്യാപാര സ്ഥാപനങ്ങളും ആര്‍ദ്രത ചാരിറ്റബില്‍ സൊസൈറ്റിയും സെന്‍ട്രല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ എന്നീ ബാങ്കുകളും തുണി സഞ്ചി സ്പോണ്സര് ചെയ്തിട്ടുണ്ട്. കൂടുതല്‍ വ്യാപാരികള്‍ മുന്നോട്ടു വരണമെന്നും പദ്ധതി വിജയിപ്പിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. സ്കൂളുകള്‍ വഴി ഒരു വിദ്യാര്‍ത്ഥി ഒരു തുണി സഞ്ചി വീതം സ്പോണ്സര് ചെയ്യുന്ന പദ്ധതിയും ഉടന്‍ ആരംഭിക്കും. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എഡിഎം മോന്‍സി പി. അലക്സാണ്ടര്‍, എഡിസി-ശുചിത്വ മിഷന് പി. എസ് ഷിനോ, ശുചിത്വ മിഷന് അസി കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് തോമസ്, ജോസ്കോ പിആര്‍ഒ അച്ചന് കുഞ്ഞ്, രാജു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: