കുമരകം ടൂറിസ്റ്റ് മേഖലയില്‍ കഞ്ചാവ് മാഫിയ സജീവം

Sunday 29 November 2015 10:33 pm IST

സ്വന്തം ലേഖകന്‍ കുമരകം: കുമരകത്ത് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. വിദ്യാര്‍ത്ഥികളെയും ടൂറിസ്റ്റുകളെയുമാണ് ലക്ഷ്യമിടുന്നത്. കുമരകത്തെ വിതരണക്കാരില്‍ ഒരു കണ്ണിയായിരുന്ന തമിഴ്‌നാട്ടില്‍ പഠിക്കുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ മാസങ്ങള്‍ക്ക് മുന്‍പ് ഷാഡോ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന്‌ശേഷം കുറച്ചുകാലം മേഖലയില്‍ കഞ്ചാവിന്റെ ലഭ്യത കുറഞ്ഞിരുന്നു. കുമരകത്തെ ബിവറേജസ് ഗവണ്‍മെന്റിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയത് കഞ്ചാവ് മാഫിയയ്ക്ക് ഈ മേഖലയില്‍ കൂടുതല്‍ സജീവമാകാന്‍ പ്രേരണയേകി. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു. ടൂറിസം മേഖലകള്‍ കേന്ദ്രീകരിച്ചു വിപണനം നടക്കുന്ന കഞ്ചാവ് കേരളത്തിലെത്തുന്നത് കമ്പത്ത് നിന്നാണ്. ഹൈദ്രാബാദില്‍ നിന്നും കമ്പത്ത് സ്റ്റോക്ക് ചെയ്യുന്ന കഞ്ചാവ് ചെക്ക്‌പോസ്റ്റിലൂടെ സ്ത്രീകളെയും കുട്ടികളെയും വരെ ഉപയോഗിച്ച് കേരളത്തിലേക്ക് കടത്തിയിരുന്നു. കുമളി ചെക്ക്‌പോസ്റ്റില്‍ പോലീസും എക്‌സൈസും പരിശോധന കര്‍ക്കശമാക്കിയതോടെ കമ്പത്ത് നിന്നും ഒന്നരമണിക്കൂര്‍ മലചവിട്ടിയാല്‍ എത്തുന്ന കുമളി അണക്കരയിലെ ചെല്ലാര്‍ കോവില്‍ ഭാഗത്ത് എത്തപ്പെടാം. അവിടെ ചെക്ക്‌പോസ്‌റ്റോ ചെക്കിംഗോ ഇല്ലാത്തതിനാല്‍ ധാരാളം കഞ്ചാവ് ഇതുവഴി കേരളത്തിലേക്കൊഴുകുന്നു. കമ്പത്ത് കിലോക്ക് അയ്യായിരം രൂപയ്ക്ക് ലഭിക്കുന്ന കഞ്ചാവ് ചെറുപൊതികളിലാക്കി മാഫിയയിലെ ചെറുകണ്ണിയായ ചില്ലറവില്‍പ്പനക്കാരന്‍ ഉപഭോക്താക്കള്‍ക്ക് പൊതിയൊന്നിന് അഞ്ഞൂറ് രൂപ നിരക്കിലാണ് വില്‍ക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പൊതിവാങ്ങുന്നത് പലര്‍കൂടി വിഹിതമിട്ടാണ്. ടൂറിസ്റ്റുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൃത്യമായി എത്തിച്ച് കൊടുക്കാന്‍ പ്രത്യേകസംഘം തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പലവിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികളെത്തന്നെ പ്രലോഭനത്തിലും കഞ്ചാവിലും വീഴ്ത്തി വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വിതരണക്കാരായി മാറ്റാനും മാഫിയാസംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും താഴെത്തട്ടിലുള്ള വില്‍പ്പനക്കാരാണ് പോലീസിന്റെ പിടിയില്‍പ്പെടുന്നുള്ളൂ. വമ്പന്‍ സ്രാവുകളെ അറസ്റ്റു ചെയ്യാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. വന്‍ സാമൂഹിക വിപത്തായി മാറിയിരിക്കുന്ന കഞ്ചാവിന്റെ ഉറവിടവും അതിന്റെ ഉല്‍പ്പാദകരെയും കണ്ടെത്താന്‍ കഴിയാത്തത് ഇതിന്റെ പിന്നിലെ മാഫിയാസംഘത്തിന്റെ ഒത്താശകര്‍ ചില സമുന്നതരായ രാഷ്ട്രീയ നേതാക്കളും ഉന്നത പോലീസ് എക്‌സൈസ് വകുപ്പ് മേലാളന്മാരുമാണെന്നാണ് വകുപ്പുകളിലെ തന്നെ അങ്ങാടിപ്പാട്ടായ അരമന രഹസ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.