ഭാരതപ്പുഴയില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

Sunday 29 November 2015 10:56 pm IST

ചെറുതുരുത്തി: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ കറ്റുവട്ടൂര്‍ കാളകല്ല് കടവില്‍ മുങ്ങി മരിച്ചു. ദേശമംഗലം വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥികളായ ദേശമംഗലം സ്വദേശികളായ വട്ടപറമ്പില്‍ അനിത ഗൗതമന്‍ മകന്‍ ആകാശ് (13), കങ്കാട്ടില്‍ ഫാത്തിമകുട്ടി ഉസ്മാന്‍ മകന്‍ മുഹമ്മദ് നിയാസ് (14), കിഴക്കേതില്‍ വീട്ടില്‍ സുബൈദ അബൂബക്കര്‍മകന്‍ മെഹബൂബ് (14) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ട്യൂഷന്‍ കഴിഞ്ഞ് 3 മണിയോടെ അദ്ധ്യാപകനോടൊപ്പം ഭാരതപ്പുഴ സന്ദര്‍ശിക്കാന്‍ ഇറങ്ങിയതായിരുന്നു. സംഘത്തില്‍ എട്ടോളം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ സംഘത്തില്‍ നിന്നും വഴിമാറി സഞ്ചരിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ ആഴമേറിയ ഭാഗത്തേക്ക് വെള്ളത്തിലൂടെ നീങ്ങുന്നതിനിടെയാണ് കാല്‍വഴുതി അപകടത്തില്‍പ്പെട്ടത്. അധ്യാപകനും വിദ്യാര്‍ത്ഥികളും ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തുകയായിരുന്നു. വെള്ളത്തില്‍ നിന്ന് കയറ്റിയ ആകാശിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും വഴിമദ്ധ്യേ മരിച്ചു. തുടര്‍ന്ന് ഏറെ നേരത്തെ തിരച്ചിലില്‍ കററുവട്ടൂര്‍ ശിവക്ഷേത്രത്തിനും മഹാദേവക്ഷേത്രത്തിനും സമീപത്തുനിന്നും മെഹബൂബ്, മുഹമ്മദ് നിയാസ് എന്നിവരുടെ മൃതദേഹങ്ങളും കണ്ടെത്തി. ചെറുതുരുത്തി എസ്‌ഐ ബി.രാജഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഷൊര്‍ണൂരില്‍ നിന്നെത്തിയ അഗ്നിശമനസേനമേധാവി എം.മധു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരുടേയും ഏറെനേരത്തെ പ്രയത്‌നത്തിന് ശേഷമാണ് കുട്ടികളെ കണ്ടെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.