ടിപ്പുവിനെ ആദരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ :പഴശ്ശിയെ മറന്ന് സംസ്ഥാന സര്‍ക്കാര്‍

Sunday 29 November 2015 11:11 pm IST

കോഴിക്കോട്: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷിക്കുമ്പോള്‍ പഴശ്ശിരാജാവിനെ മറന്ന് കേരളസര്‍ക്കാര്‍. പഴശ്ശിരാജാവിന്റെ 211-ാം ബലിദാനദിനമാണിന്ന്. 1805 നവംബര്‍ 30 നാണ് ബ്രിട്ടീഷുകാര്‍ക്കും വൈദേശിക ആധിപത്യങ്ങള്‍ക്കുമെതിരെ പോരാടിയ വീര പഴശ്ശി രാജാവ് മാനന്തവാടി മാവിലാംതോടിന് സമീപം വീരമൃത്യു വരിച്ചത്. എന്നാല്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ പഴശ്ശിരാജാവിന്റെ ബലിദാനദിനം സൗകര്യപൂര്‍വ്വം വിസ്മരിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിന് മുമ്പ് പഴശ്ശിരാജാവ് ടിപ്പുവിന്റെ അക്രമത്തിനെതിരെ ശക്തമായി ചെറുത്തുനിന്നിരുന്നു. മൈസൂര്‍ സൈന്യത്തിനെതിരെയുള്ള പോരാട്ടമാണ് പഴശ്ശിയെ കര്‍മ്മധീരനായ യോദ്ധാവാക്കി മാറ്റിയതെന്ന് പഴശ്ശി സമരങ്ങളുടെ ഗ്രന്ഥകാരന്‍ കെ.കെ.എന്‍ കുറുപ്പ് തന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. മൈസൂര്‍ ആധിപത്യത്തെ ശിഥിലമാക്കാനുള്ള പോരാട്ടമായിരുന്നു പഴശ്ശിരാജ നടത്തിയിരുന്നത്. ബ്രിട്ടീഷുകാരും ടിപ്പുവും ചേര്‍ന്ന് ഉണ്ടാക്കിയ 1784 ലെ ഉടമ്പടിയ്‌ക്കെതിരെ കര്‍ഷകരെ അണിനിരത്തിയായിരുന്നു പഴശ്ശി പോരാടിയിരുന്നത്. മലബാറിനെ ബ്രിട്ടീഷുകാരില്‍ നിന്നും ടിപ്പുവില്‍ നിന്നും രക്ഷിക്കാനുള്ള പോരാട്ടം നടത്തിയ പഴശ്ശിരാജാവിനെ മുസ്ലിം ന്യൂനപക്ഷ വര്‍ഗ്ഗീയ ശക്തികളുടെ എതിര്‍പ്പ ഭയന്ന് കോണ്‍ഗ്രസ്സ്‌സര്‍ക്കാര്‍ മനഃപൂര്‍വ്വം വിസ്മരിക്കുകയാണ്. അദ്ദേഹത്തിന്റെ ബലിദാനദിനത്തിന് ഒരുചടങ്ങ് പോലും സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കര്‍ണ്ണാടകയില്‍ മുസ്ലിം ന്യൂനപക്ഷ വോട്ട്ബാങ്കിനുവേണ്ടി അക്രമണകാരിയായ ടിപ്പുവിന്റെ ജന്മദിനം ആചരിക്കാന്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെതായിരുന്നു തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.