വാഴയൂര്‍ പഞ്ചായത്തില്‍ വ്യാപക സിപിഎം അക്രമം; വീട്ടമ്മയുള്‍പ്പെടെ പതിമൂന്ന് പേര്‍ക്ക് പരിക്ക്‌

Monday 30 November 2015 10:52 am IST

രാമനാട്ടുകര: വാഴയൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക സിപിഎം അക്രമം. അക്രമത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ 13 പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ജനില്‍, രാമനാട്ടുകര നഗര്‍ സംഘചാലക് അപ്പുക്കുട്ടന്‍, നഗര്‍ ധര്‍ മ്മജാഗരണ്‍ പ്രമുഖ് പി.എം. ഉണ്ണി എന്ന ചോയികുട്ടി എന്നിവരടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ബിജെപി പഞ്ചായത്ത് കാര്യാലയമായ മാരാര്‍ജി മന്ദിരം, പുതുക്കോട് രാമദേശം ബസ് സ്റ്റോപ്പ് എന്നിവ സിപിഎമ്മുകാര്‍ തകര്‍ത്തു. പി.എം. ഉണ്ണിയുടെ വീടും സിപിഎമ്മുകാര്‍ തകര്‍ത്തു. അക്രമത്തില്‍ ഉണ്ണിയുടെ ഭാര്യ ഗിരിജ, മകന്‍ ഉജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ സ്ഥാപിച്ച ബോര്‍ഡുകളും സ്തൂപങ്ങളും സിപിഎമ്മുകാര്‍ നശിപ്പിച്ചിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് വാഴയൂര്‍ പഞ്ചായത്തിലും ബേപ്പൂര്‍ മണ്ഡലത്തിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അക്രമത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ജനില്‍, രാമനാട്ടുകര നഗര്‍ സംഘചാലക് അപ്പുക്കുട്ടന്‍, ബൈജു, കേശവപുരി തെക്കേതൊടിയില്‍ വൈശാഖ് (24), പി.എം. ഉണ്ണി (55), താമരത്ത് പ്രമോദ് (40), താമരത്ത് വിജയന്‍ (53), കോടിയാടന്‍ ജിജു (30), പള്ളിയാളില്‍ ഷൈജു (36), ഷാരോണ്‍ താമരത്ത് (24), തെക്കേതൊടിയില്‍ അബിജിത്ത് (24), പി.എം. ഉണ്ണിയുടെ ഭാര്യ ഗിരിജ, മകന്‍ ഉജിത്ത് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കോട് അങ്ങാടിയില്‍ നിന്ന് മൊബൈല്‍ റീചാര്‍ജ്ജ് ചെയ്ത് മടങ്ങുകയായിരുന്ന യുവാക്കളെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചാണ് സിപിഎം അക്രമത്തിന് തുടക്കമിട്ടത്. സിപിഎം ഓഫീസിന് മുന്‍വശത്ത് വെച്ചാണ് അക്രമം നടത്തിയത്. ഈ സംഭവമറിഞ്ഞ് വരികയായിരുന്നവരെയും സിപിഎമ്മുകാര്‍ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി അക്രമിച്ചു. രാമദേശം ബസ്‌സ്റ്റോപ്പ് അടിച്ചുതകര്‍ക്കുകയും ചെയ്തു. ഈ സമയം പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പോലീസ് ഇവരെ തടയാന്‍ തയ്യാറായില്ല. സ്ഥലത്തുണ്ടായിരുന്ന പോലീസിന് നേരെയും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയും സിപിഎമ്മുകാര്‍ കല്ലെറിഞ്ഞു. എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് കല്ലേറില്‍ പരുക്കേറ്റിട്ടുണ്ട്. മാരകായുധങ്ങളുമായെത്തിയ സിപിഎമ്മുകാര്‍ കാരാട് അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന ബിജെപി പഞ്ചായത്ത് കാര്യാലയമായ മാരാര്‍ജി മന്ദിരവും അക്രമിച്ചു. മന്ദിരത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാതില്‍ പൊളിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. മന്ദിരത്തിന് മുന്നിലെ കൊടിമരം നശിപ്പിക്കുമ്പോഴാണ് പോലീസ് സ്ഥലത്തെത്തിയത്. അക്രമികളെ പോലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. പാറമ്മല്‍ പുതുക്കോട്, അഴിഞ്ഞിലം കാരാട് എന്നിവിടങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ സ്ഥാപിച്ച ബോര്‍ഡുകളും, കൊടിമരങ്ങളും സിപിഎമ്മുകാര്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് വാഴയൂര്‍ പഞ്ചായത്തിലും ബേപ്പൂര്‍ മണ്ഡലത്തിലും ബിജെപി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപി വാഴയൂര്‍ പഞ്ചായത്ത് കമ്മിറ്റിയും കൊണ്ടോട്ടി മണ്ഡലം കമ്മി റ്റിയും അക്രമത്തില്‍ പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ബിജെപി കോഴിക്കോട് ജില്ലാപ്രസിഡന്റ് പി. രഘുനാഥ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു, ആര്‍എസ്എസ് പ്രാന്തീയ ഘോഷ് പ്രമുഖ് പി. ഹരീഷ്‌കുമാര്‍, കോഴിക്കോട് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് വി. അനില്‍ കുമാര്‍, ജില്ലാ സഹകാര്യവാഹുമാരായ രൂപേഷ്, ബൈജു എന്നിവര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.