സ്മാര്‍ട്ട് സിറ്റി: കൊച്ചിക്ക് സഹായവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍

Monday 30 November 2015 9:31 pm IST

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ആദ്യ 20ല്‍ ഉള്‍പ്പെടാന്‍ കൊച്ചിക്ക് സഹായവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. സാങ്കേതിക സഹായമുള്‍പ്പടെയുളളവയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുക. സഹായം നല്കുന്നത് സംബന്ധിച്ച ധാരണപത്രം ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഭരത് ജോഷിയും കൊച്ചി മേയര്‍ സൗമിനി ജയിനുമായി കൈമാറി. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ തദ്ദേശഭരണ സെക്രട്ടറിയും മിഷന്‍ ഡയറക്ടറുമായ എ. പി. എം. മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം തുടങ്ങിയവരും പങ്കെടുത്തു. ലോകപ്രശസ്ത കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഡബഌയു അറ്റ്കിന്‍സ് ആണ് സ്മാര്‍ട്ട്‌സിറ്റിക്കാവശ്യമായ സാങ്കേതിക സഹായം നല്കുന്നത്. 1.5 കോടി രൂപ ചെലവു വരുന്ന സേവനം സൗജന്യമായാണ് ഇവര്‍ നല്കുക. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നായി 200 കോടി രൂപ വീതം ലഭിക്കുന്ന പദ്ധതിക്കു പുറമെ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങളിലും അറ്റ്കിന്‍സ് കൊച്ചിയെ സഹായിക്കും. പ്രതിവര്‍ഷം കേരളം സന്ദര്‍ശിക്കുന്നത് 1.5 ലക്ഷം ബ്രിട്ടീഷ് വിനോദസഞ്ചാരികളാണെന്ന് ഭരത് ജോഷി ചൂണ്ടിക്കാട്ടി. കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാകുന്ന 1.8 കോടി രൂപയ്ക്കു പുറമെ 50 ലക്ഷം രൂപയുടെ അധിക സഹായവും നല്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് സിറ്റിക്കുളള കൊച്ചിയുടെ പദ്ധതിക്കുളള അന്തിമരൂപം രണ്ടു ദിവസത്തിനകം തയാറാകുമെന്ന് എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. ഡിസംബര്‍ 15 നകം പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്കു സമര്‍പ്പിക്കണം. ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ പ്രഖ്യാപനമുണ്ടാകും. ചടങ്ങില്‍ അറ്റ്കിന്‍സ് ഇന്റര്‍നാഷണല്‍ സിറ്റീസ് ഡയറക്ടര്‍ റോജര്‍ സാവേജ്, മുഖ്യ സാമ്പത്തിക വിദഗ്ധ വാസിലിക്ലി ക്രാവ, ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ സീനിയര്‍ ഉപദേഷ്ടാവ് വിദ്യ സൗന്ദര്‍രാജന്‍, വ്യാപാരനിക്ഷേപകാര്യ വിദഗ്ധ അഷിത അഗ്‌നിഹോത്രി, മിഷന്‍ നോഡല്‍ ഓഫീസര്‍ ആര്‍.ഗിരിജ, ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ എസ്.സുഹാസ്, കൊച്ചി നഗരസഭ സെക്രട്ടറി വി. ആര്‍. രാജു, അഡീഷണല്‍ സെക്രട്ടറി എ. എസ്. അനൂജ, അസി. കളക്ടര്‍ ഏയ്ഞ്ചല്‍ ഭാട്ടി തുടങ്ങിയവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.