കൊച്ചി: യുഎന്‍ @ 70 ട്രോഫിക്കു വേണ്ടിയുള്ള സംസ്ഥാന ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരങ്ങള്‍ നാലിന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടക്കും. വിജയികള്‍ക്കുള്ള പ്രത്യേക ട്രോഫികള്‍ കൊച്ചി രാജ്യാന്തര സ്റ്റേഡിയം ഹാളില്‍ നടന്ന ചടങ്ങില്‍ എറണാകുളം ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം പ്രകാശനം ചെയ്തു. കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍, ഇറാം ഗ്രൂപ്പ് പ്രതിനിധി ബിജോയ് ദാസ്, ഫെഡറല്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ.ഐ. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഐക്യരാഷ്ട്ര സഭയുടെ 70ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചാണ് യുഎന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സഹായത്തോടെ സകൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെഎഫ്എ മത്സരം സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്ന് ചാമ്പ്യന്മാരായ സ്കൂളുകളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കുന്നത്. 29ന് തുടങ്ങിയ നോക്കൗട്ട് മത്സരങ്ങളുടെ സെമിഫൈനലുകള്‍ മൂന്നിന് വൈകിട്ട്. നാലിന് വൈകിട്ട് നാലു മണിക്ക് ഫൈനല്‍. ഫൈനലിന് ഇംഗ്ലണ്ട് മുന്‍ ഫുട്ബോള്‍ ടീം ഗോള്‍കീപ്പറും യുഎന്‍ 70 കപ്പ് ബ്രാന്‍ഡ് അംബാസിഡറുമായ പീറ്റര്‍ ഷില്‍ട്ടണ്‍ എത്തും.
ട്രോഫിക്ക് പുറമേ ഒന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയും പ്രധാന സ്പോണ്‍സര്‍മാരായ ഇറാം ഗ്രൂപ്പ് സമ്മാനിക്കും.
2017 അണ്ടര്‍-17 ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് കേരളത്തില്‍ നിന്നുള്ള താരങ്ങളെ കണ്ടെത്താന്‍ സെലക്ഷന് ട്രയലും നാലിന് നടക്കും. നിലവില്‍ 35 പേരാണ് അന്തിമ പട്ടികയിലുള്ളത്. ഇന്ത്യന്‍ ടീം കോച്ച് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരിക്കും സെലക്ഷന് ട്രയല്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: