സിപിഎം ഫാസിസത്തിന് തിരിച്ചടി

Monday 30 November 2015 10:49 pm IST

ഡിസംബര്‍ ഒന്നിനാണ് ഭാരതീയ ജനതായുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ ഒരു സംഘം മാര്‍ക്‌സിസ്റ്റുകള്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. അധ്യാപകനായിരുന്ന അദ്ദേഹം ക്ലാസ്സില്‍  പഠിപ്പിച്ചു കൊണ്ടിരിക്കെ, സിപിഎം നരാധമന്മാര്‍ കുഞ്ഞുങ്ങളുടെ മുന്നിലിട്ടായിരുന്നു അരുംകൊല ചെയ്തത്. ജയകൃഷ്ണന്‍മാസ്റ്ററുടെ ശരീരത്തില്‍ നിന്ന് രക്തം കുഞ്ഞുങ്ങളുടെ മുഖത്തേക്ക് ചിതറിത്തെറിച്ചപ്പോള്‍ അവര്‍ അലമുറയിട്ട് കരഞ്ഞു. കുഞ്ഞുങ്ങളുടെ ഭീതിതമായ മുഖമോ, അലര്‍ച്ചയും കരച്ചിലും കേട്ട് ഓടിക്കൂടിയവരുടെ ദയനീയ വിലാപങ്ങളോ അക്രമികളുടെ മനസ്സലിയിച്ചില്ല. മാര്‍ക്‌സിസ്റ്റ് കൊലക്കത്തി ജയകൃഷ്ണന്‍ മാസ്റ്ററുടെ ശരീരത്തില്‍ പലതവണ ആഴ്ന്നിറങ്ങി അദ്ദേഹത്തിന്റെ ജീവനെടുത്തു. കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് ഫാസിസത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരെ ധീരമായ ചെറുത്തു നില്പ്പ് നടത്തുകയും യുവാക്കളെയും പൊതുസമൂഹത്തെയും സംഘടിപ്പിച്ചുകൊണ്ട് സിപിഎമ്മിന്റെ ദുഷ്‌ചെയ്തികളെ തുറന്നുകാണിക്കുകയും ചെയ്തതാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍ ചെയ്ത തെറ്റ്. സിപിഎം അക്രമത്തിനെതിരെ നിരന്തരം ജനാധിപത്യ ശൈലിയില്‍ പ്രതികരിച്ച ജയകൃഷ്ണന്‍ മാസ്റ്റര്‍ അതിനാല്‍ തന്നെ അവരുടെ കണ്ണിലെ കരടായി. തങ്ങളെ എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്ന മാര്‍ക്‌സിസ്റ്റ് സിദ്ധാന്തമാണ് ജയകൃഷ്ണന്‍ മാസ്റ്ററുടെ കാര്യത്തിലും അവര്‍ നടപ്പാക്കിയത്. മാര്‍ക്‌സിസ്റ്റ്കാര്‍ക്ക് സ്വാധീനമുള്ള മേഖലകളിലെല്ലാം രാഷ്ട്രീയ പ്രതിയോഗികളെ കൊലചെയ്ത് ഇല്ലാതാക്കുക എന്ന നയമാണ് കാലങ്ങളായി അവര്‍ പിന്തുടരുന്നത്.  അക്രമത്തിന്റെയും കൊലപാതകത്തിന്റെയും മാര്‍ഗ്ഗത്തില്‍ നിന്ന് പിന്തിരിയാത്ത സിപിഎം, പരിഷ്‌കൃത-ജനാധിപത്യ സമൂഹത്തിന് ചേര്‍ന്ന പാര്‍ട്ടിയല്ല. ലോകമെങ്ങും കമ്മ്യൂണിസത്തെ തള്ളിപ്പറയുകയും ജനങ്ങള്‍ തെരുവിലിറങ്ങി നേതാക്കളെ വിചാരണക്ക് വിധേയമാക്കുകയും ചെയ്തത് സമൂഹത്തിന്റെ സൈ്വരമായ നിലനില്പിനും ജനാധിപത്യസംവിധാനത്തിനും ഭീഷണിയായ പ്രസ്ഥാനമായതിനാലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി അടക്കിഭരിച്ചിരുന്ന രാജ്യങ്ങളിലെല്ലാം ആ പ്രസ്ഥാനവും അവരുടെ ആശയങ്ങളും നിരാകരിക്കപ്പെട്ടു. പവിത്രമായി സൂക്ഷിച്ചിരുന്ന, 'ആരാധിച്ചിരുന്ന' സ്മാരകങ്ങള്‍ പോലും ജനമുന്നേറ്റത്തില്‍ ഇടിച്ചുനിരത്തപ്പെട്ടു. ഇപ്പോള്‍ കേരളവും ബംഗാളും ത്രിപുരയും ആ വഴിക്കാണ് ചിന്തിക്കുന്നത്. കേരളത്തില്‍ സിപിഎമ്മിന്റെ അടിത്തറ ഇളകിയിരിക്കുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് അതു തെളിയിച്ചിരിക്കുന്നു. സാങ്കേതികമായി ചിലയിടങ്ങളില്‍ അവര്‍ക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞെങ്കിലും വോട്ടുവിഹിതത്തില്‍ വന്‍ കുറവാണ് സിപിഎമ്മിനുണ്ടായിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് നടന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു പരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ട് നഷ്ടപ്പെട്ടു. ബിജെപിയുടെ വോട്ട് വന്‍തോതില്‍ വര്‍ദ്ധിക്കുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പോടെ ബിജെപി കേരളത്തിലെ വന്‍ രാഷ്ട്രീയ ശക്തിയായി മാറി. 483 വാര്‍ഡ് മെമ്പര്‍മാരില്‍ നിന്ന്  1321 ആയി ഉയര്‍ന്നു. ആറ് മുന്‍സിപ്പാലിറ്റികളില്‍ പ്രധാനപ്രതിപക്ഷമായി മാറിയ ബിജെപി പല സ്ഥലങ്ങളിലും നിര്‍ണ്ണായക ശക്തിയായി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പിന്തള്ളി 35 സീറ്റുമായി ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. പാലക്കാട് നഗരസഭാ ഭരണം പിടിച്ചെടുത്തു. 13 ഗ്രാമ പഞ്ചായത്തുകള്‍ ബിജെപി ഭരണത്തിലായി. ഈ മുന്നേറ്റങ്ങള്‍ക്ക് പ്രേരണാ ശക്തിയാണ് സ്വര്‍ഗ്ഗീയ ജയകൃഷ്ണന്‍മാസ്റ്ററുടെ ബലിദാനം. വിശാലമായ ഭാരതഭൂമിയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്ന കമ്യൂണിസവും മാര്‍ക്‌സിസവുമെല്ലാം പുറന്തള്ളലിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. സിപിഎം കൊടികുത്തിവാണ ബംഗാളില്‍ അവര്‍ നാമാവശേഷമായി. സിപിഎം എന്ന പേരുപറയാന്‍ പോലും ബംഗാളികള്‍ ഇഷ്ടപ്പെടുന്നില്ല. കാലങ്ങളോളം ബാംഗാള്‍ ഭരിച്ച സിപിഎം അവിടുത്ത ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് മാത്രമാണ് നയിച്ചത്. ബംഗാളില്‍ നിന്നുള്ള വിശപ്പിന്റെ കഥകള്‍ നരവധിയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബംഗാളി യുവാക്കള്‍ കുടുംബം പുലര്‍ത്താനായി കൂലിവേല ചെയ്യാന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ഇടതുപ്രസ്ഥാനങ്ങളെ നിരാകരിച്ച ബംഗാള്‍ ജനത ഇപ്പോള്‍ ഭാരതീയ ജനാതാപാര്‍ട്ടിയിലേക്ക് ഒഴുകുകയാണ്. ഇന്നിന്റെ ജീവിതവും ഭാവിയുടെ പ്രതീക്ഷയുമായി അവര്‍ ബിജെപിയെയാണ് ആശ്രയിക്കുന്നത്. കേരളത്തിലും സ്ഥിതി മറിച്ചല്ല. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നുള്‍പ്പടെ ആയിരക്കണക്കിന് സിപിഎം പ്രവര്‍ത്തകര്‍ യാതൊരു മോഹങ്ങളും ഇല്ലാതെ നിരുപാധികം ബിജെപിയിലേക്ക് ചേരുന്നു. കേരളമാകെ ചുവപ്പു വലിച്ചു മാറ്റി കാവി പുതയ്ക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളം ദര്‍ശിച്ചതും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നതും അതാണ്. ആവേശത്തോടെയാണ് കണ്ണൂരിലെയും മറ്റ് മേഖലകളിലെയും സിപിഎമ്മുകാരായിരുന്നവര്‍ ബിജെപിയുടെ കുങ്കുമ ഹരിത പതാകകള്‍ ഏറ്റുവാങ്ങിയത്. കൂടുതല്‍ പേര്‍ സിപിഎമ്മില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍നിന്നും ബിജെപിയിലേക്കെത്താന്‍ കാത്തുനില്‍ക്കുന്നു. അവരൊന്നും നേതാക്കളാകാനല്ല ആഗ്രഹിക്കുന്നത് എന്നതാണ് പ്രത്യേകത. അവര്‍ക്കെല്ലാം അണികളായാല്‍ മതി. ജനാധിപത്യത്തിന്റെയും സത്യസന്ധതയുടെയും ആത്മാര്‍ത്ഥതയുടെയും ശുദ്ധവായു ശ്വസിക്കണമെന്നതുമാത്രമാണ് അവരുടെ ആഗ്രഹം. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിച്ചിരുന്ന രാജ്യങ്ങളില്‍ അവര്‍ക്ക് സംഭവിച്ച അപചയം കേരളത്തിലും ആവര്‍ത്തിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ലോകമെങ്ങും നിരാകരിച്ച കമ്യൂണിസ്റ്റ് ആശയത്തെ കേരളത്തിലും പാര്‍ട്ടി തന്നെ നിരാകരിച്ചു തുടങ്ങുന്നു. വിഭാഗീയതയും ആഡംബര ഭ്രമവുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖമുദ്ര. അത്തരം നേതാക്കള്‍ക്കു പിന്നില്‍ അണിനിരക്കാനും അവരെ അനുസരിക്കാനും സിപിഎം അണികള്‍ക്കാകില്ല. തിന്മയുടെ രക്തച്ചുവപ്പില്‍ നിന്ന് നന്മയുടെയും ത്യാഗത്തിന്റെയും കാവിയിലേക്കുള്ള അര്‍ത്ഥപൂര്‍ണ്ണമായ മാറ്റത്തിലാണ് ഇന്ന് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍. കണ്ണൂരിലെ ക്ലാസ്മുറിയില്‍ സിപിഎമ്മുകാരുടെ കൊലക്കത്തിക്കിരയായി ജയകൃഷ്ണന്‍മാസ്റ്റര്‍ നടത്തിയ ബലിദാനം വീരമാണ്. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ പ്രസ്ഥാനത്തിനുവേണ്ടിയായിരുന്നു. ജയകൃഷ്ണന്‍ മാസ്റ്റര്‍ ഉയര്‍ത്തിയ മുദ്രാവാക്യവും ജീവിതത്തില്‍ സ്വീകരിച്ച ആദര്‍ശവും ഏറ്റുവാങ്ങുവാന്‍ സിപിഎമ്മില്‍ നിന്നടക്കം നൂറുകണക്കിന് പ്രവര്‍ത്തകരാണ് ബിജെപിയിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്രത്തില്‍ നരേന്ദ്രമോദി നയിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും ബിജെപി ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ജനനന്മ ലക്ഷ്യം വച്ചുള്ള പദ്ധതികളിലുമെല്ലാം ആകൃഷ്ടരായാണ് ഇവര്‍ ബിജെപിയില്‍ എത്തുന്നത്. ഇവിടെ സാധാരണക്കാരന് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കാനുള്ള പദ്ധതികളാണ് ആവശ്യം. കേന്ദ്രത്തില്‍ ഭരണത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ പദ്ധതികള്‍ അതിനനുസൃതമായുള്ളതാണ്.  ഭാരതത്തെ ക്ഷേമരാഷ്ട്രത്തിലേക്ക് നയിക്കുന്ന നരേന്ദ്രമോദിക്ക് ശക്തമായ പിന്തുണയാണ് എല്ലാമേഖലകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് സിപിഎമ്മിന്റെ അക്രമത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരായ ചെറുത്തു നില്പ് വിജയം കാണുന്നതിന്റെ ഉദാഹരണമാണ്. ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകത്തിനുത്തരവാദികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുന്നതിന് കഴിയാതിരുന്നത് നമ്മുടെ നിയമ സംവിധാനങ്ങള്‍ക്കുണ്ടായ പോരായ്മയായും ജനാധിപത്യ കേരളത്തിന്റെ ആത്മാവിനേറ്റ മുറിവായും ഇന്നും അവശേഷിക്കുന്നു. കേരളം മാറിമാറി ഭരിച്ച ഇടതു-വലതു സര്‍ക്കാരുകള്‍ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ജയകൃഷ്ണന്‍മാസ്റ്ററുടെ കുടുംബത്തിനും അദ്ദേഹത്തെ സ്‌നേഹിക്കുന്ന ആയിരക്കണക്കിന് ജനാധിപത്യ വിശ്വാസികള്‍ക്കും നീതി ലഭിച്ചില്ലെന്നതാണ് ഏറെ ദുഃഖകരം. യുവമോര്‍ച്ച കേരളത്തില്‍ ഐതിഹാസികമായ സമരപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് മുന്നേറുന്നത്. യുവാക്കളെ മുഴുവന്‍ ദാരിദ്ര്യത്തിലേക്കും നിരാശയിലേക്കും തള്ളിവിട്ടുകൊണ്ട് കേരളത്തില്‍ നിയമന നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ ശക്തമായി രംഗത്തു വന്നത് യുവമോര്‍ച്ചയാണ്. റാങ്ക് പട്ടികയില്‍ പേരുള്ള ഉദ്യോഗാര്‍ത്ഥികളെ സംഘടിപ്പിച്ച് സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യുവമോര്‍ച്ച നേതൃത്വം നല്‍കി. ഓണക്കാലത്തെ മദ്യവില്പന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സാമൂഹ്യ ഇടപെടല്‍ യുവജന സമര ചരിത്രത്തിലെ സുവര്‍ണ്ണാധ്യായമാണ്. അനാശാസ്യ കേന്ദ്രങ്ങള്‍ക്കും യുവജനങ്ങളെ വഴിതെറ്റിക്കുന്നവര്‍ക്കുമെതിരെ യുവമോര്‍ച്ചയുടെ പോരാട്ടങ്ങള്‍ കേരളത്തിന്റെ ഞെട്ടിപ്പിക്കുന്ന സാംസ്‌കാരിക ജീര്‍ണ്ണതയെ പുറത്തു കൊണ്ടുവന്നു. പെണ്‍കുട്ടികളെ വശീകരിച്ച് ലൈംഗിക വ്യാപാരം നടത്തുന്ന അനാശാസ്യ കേന്ദ്രങ്ങള്‍ക്കെതിരെ യുവമോര്‍ച്ച നടത്തിയ പ്രക്ഷോഭങ്ങള്‍ സാമൂഹ്യ ശ്രദ്ധയാകര്‍ഷിച്ചതാണ്. ചുംബന സമരത്തിന്റെ മറവില്‍ നടന്ന പെണ്‍വാണിഭം തുറന്നുകാട്ടിയതും യുവമോര്‍ച്ചയാണ്. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ യുവമോര്‍ച്ച നടത്തിയ പ്രക്ഷോഭങ്ങള്‍ മറക്കാവുന്നതല്ല. അഴിമതിക്കാരനായ മന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭങ്ങള്‍ മാണിയുടെ രാജിയിലെത്തി. മന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച സമരമുഖത്താണ്. അഴിമതിക്കെതിരായ യുവാക്കളുടെ സമരമുന്നണിയാണിപ്പോള്‍ യുവമോര്‍ച്ച. സമരപാതയില്‍ ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ടെന്ന  തിരിച്ചറിവും യുവമോര്‍ച്ചയ്ക്കുണ്ട്. അഴിമതിക്കും സാമൂഹ്യതിന്മകള്‍ക്കുമെതിരെയുള്ള പോരാട്ടവഴിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് കരുത്തായി ജയകൃഷ്ണന്‍മാസ്റ്ററുടെ ബലിദാനം പകര്‍ന്നു നല്‍കുന്ന ഊര്‍ജ്ജമുണ്ട്. കോടിക്കണക്ക് ബാല്യങ്ങള്‍ ഭക്ഷണത്തിനായി കേഴുകയും ബാലവേലയ്ക്ക് വിധേയരാകുകയും ചെയ്യുന്ന ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ആദിവാസി സമൂഹം നിരന്തരം അവഗണനയ്ക്കും ചൂഷണത്തിനു വിധേയമാകുന്നു. തൊഴിലില്ലാത്തവരുടെ എണ്ണം ഓരോദിവസവും കൂടിക്കൂടി വരുന്നു. അഴിമതി വര്‍ദ്ധിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഉറങ്ങിക്കിടക്കാന്‍ ഒട്ടും സമയമില്ല. സദാ ഉണര്‍ന്നിരുന്ന് അഴിമതിരഹിത, വികസനവളര്‍ച്ചയുള്ള ഭാരതത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ യുവാക്കള്‍ തയ്യാറാകണം. ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനത്തിന്റെ പതിനാറാം വര്‍ഷത്തില്‍ നമുക്ക് ഒത്തൊരുമിച്ചെടുക്കേണ്ട പ്രതിജ്ഞയുമതാകണം. നരേന്ദ്രമോദി ഭരണത്തില്‍ അസഹിഷ്ണുത ആരോപിക്കുന്ന സിപിഎം കേരളത്തില്‍ മറ്റാരെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അനുവദിക്കില്ലെന്ന അസഹിഷ്ണുത നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ വലിയ ഇരയാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍. രാഷ്ട്രീയപ്രവര്‍ത്തനം മറ്റുള്ളവരെ അംഗീകരിച്ചുകൊണ്ടും ബഹുമാനിച്ചുകൊണ്ടും ജനാധിപത്യ ശൈലിയില്‍ ഉള്ളതാകണം. അതിനെതിരായുള്ള ശക്തികള്‍ക്ക് കാലത്തിന്റെ ചവറ്റുകുട്ടയിലാണ് സ്ഥാനം. സിപിഎമ്മിന്റെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരായുള്ള ജനാധിപത്യ ശക്തികളുടെ ദൃഢീകരണമാണ് ജയകൃഷ്ണന്‍ മാസ്റ്ററുടെ ആത്മാവിനോട് നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ നീതീകരണം. കേരളത്തില്‍ അത് സാധ്യമായിക്കൊണ്ടിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.