അപകടക്കെണിയൊരുക്കി അമനകര വളവ്

Monday 30 November 2015 10:53 pm IST

രാമപുരം : അപകടക്കെണിയൊരുക്കി അമനകര വളവ്; നാട്ടുകാര്‍ ഭീതിയില്‍. പാലാ-കൂത്താട്ടുകുളം റോഡില്‍ അമനകര ആനിച്ചുവട്ടിലാണ് അപകടമൊരുക്കി കാത്തിരിക്കുന്ന വളവ്. കാഴ്ചയില്‍ വലിയ വളവ് അല്ലെങ്കിലും എതിരെ വരുന്ന വാഹനം കാണാന്‍ കഴിയാത്തതും സമീപത്ത് സംരക്ഷണ ഭിത്തിയല്ലാത്ത താഴ്ച്ചയുള്ളതും അപകട സാധ്യത കൂട്ടുന്നു. വളവിനോട് ചേര്‍ന്ന് 20 അടിയോളം താഴ്ച്ചയിലുള്ള കൃഷിയിടമാണുള്ളത്. കഴിഞ്ഞ മാസം അരിയുമായെത്തിയ ചരക്ക് ലോറി ഇരുപത് അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടിരുന്നു. മണ്ഡലകാലം ആരംഭിച്ചതോടെ അയ്യപ്പഭക്തരുടെ പ്രധാന യാത്രാ മാര്‍ഗമാണ് കൂത്താട്ടകുളം-പാലാ റോഡ്. മാസങ്ങള്‍ക്ക് മുന്‍പ് വാഹനാപകട സാധ്യത മുന്നില്‍കണ്ട് സംരക്ഷണഭിത്തി നിര്‍മ്മിക്കാനുള്ള ആരംഭപദ്ധതികള്‍ തുടങ്ങിയിരുന്നുവെങ്കിലും തുടക്കത്തിലെതന്നെ സ്തംഭിക്കുകയായിരുന്നു. മകരവിളക്ക് ആകുമ്പോഴേക്കും പാലാ-കൂത്താട്ടുകുളം റോഡിലുണ്ടാകുന്ന വാഹനത്തിരക്ക് വളരെയധികമാണ്. വളവില്‍ എതിരെ വരുന്ന വാഹനങ്ങള്‍ കാണാനായി കോണ്‍കേവ് മിററുകള്‍ സ്ഥാപിക്കാനോ വളവില്‍ ശ്രദ്ധ തിരിച്ചുവിടുന്ന വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനോ അധികൃതര്‍ തയ്യാറായിട്ടില്ല. വന്‍ അപകട സാധ്യത സൃഷ്ടിക്കുന്ന ഇവിടെ സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിക്കാനും വളവില്‍ അനിവാര്യമായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാനും അടിയന്തിര നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.