ഫോണുകള്‍ നിശ്ചലം; ഗ്രാമീണര്‍ ദുരിതത്തില്‍

Tuesday 1 December 2015 1:08 pm IST

പത്തനാപുരം: മലയോര മേഖലയിലുളള ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചുകളിലെ ഭൂരിഭാഗം ഫോണുകളും നിശ്ചലമായതോടെ ഗ്രാമവാസികള്‍ ബുദ്ധിമുട്ടിലായി. കുറെ ദിവസങ്ങളായി പെയ്യുന്ന വേനല്‍മഴയിലും കാറ്റിലുമാണ് മേഖലയില്‍ ടെലിഫോണുകള്‍ തകരാറിലായത്. മേഖലയിലെ വിവിധ എക്‌സ്‌ചേഞ്ചുകളിലായി അഞ്ഞൂറിലധികം ഫോണുകളാണ് തകരാറായി കിടക്കുന്നത്. ഗ്രാമീണ മേഖലയിലെ ടെലിഫോണ്‍ എക്‌സേഞ്ചുകളുടെ പരിധിയിലെ ഫോണുകള്‍ തകരാറിലായതോടെ ഗ്രാമവാസികള്‍ ബുദ്ധിമുട്ടിലാണ്. എലിക്കാട്ടൂര്‍, പുന്നല എക്‌സേഞ്ചുകളിലേത് കൂടാതെ മലയോര മേഖലയിലെ മാങ്കോട്, പെരുന്തോയില്‍, ചെമ്പനരുവി, അച്ചന്‍കോവില്‍ തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലെ എക്‌സ്‌സേഞ്ചുകളിലെ ഫോണുകളും തകരാറിലാണ്. മാസങ്ങളായി തകരാറിലായ ഫോണുകള്‍ ശരിയാക്കുവാന്‍ പോലും നടപടികളില്ലാതിരിക്കെയാണ് നൂറ് കണക്കിന് ഫോണുകള്‍ വീണ്ടും കേടായത്. യാത്രാസൗകര്യം പരിമിതമായ പുന്നല, മാങ്കോട്, പെരുന്തോയില്‍, ചെമ്പനരുവി, അച്ചന്‍കോവില്‍ തുടങ്ങിയ മലയോര മേഖളകളില്‍ ലാന്റ് ഫോണുകളാണ് ആശ്രയമായിട്ടുള്ളത്. തകരാറുകള്‍ പരിഹരിക്കാത്തത് ചില സ്വകാര്യ മൊബൈല്‍ സര്‍വീസുകാരെ സഹായിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ക്ക് മലയോരത്ത് ഭൂരിഭാഗം ഇടങ്ങളിലും റേഞ്ചില്ല. മലയോരമേഖലയില്‍ കൂടുതല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എക്‌സ്‌ചേഞ്ചുകളില്‍ ജീവനക്കാര്‍ കുറവായതാണ് തകരാറിലായ ഫോണുകള്‍ റെഡിയാക്കുന്നതിന് കാലതാമസമെന്നാണ് അധികൃതര്‍ പറയുന്നത്. ഗ്രാമീണമലയോര മേഖലകളിലെ ഫോണുകളുടെ തകരാറുകള്‍ പരിഹരിക്കുന്നതിനായി അടിയന്തിരമായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.