ശ്രീകുമാർ കാത്തിരിക്കുന്നു; വൈക്കോലിൽ തീർത്ത മോദിയുടെ ചിത്രവുമായി

Wednesday 2 December 2015 3:38 pm IST

ശ്രീകുമാര്‍,                                   വൈക്കോലില്‍ തയ്യാറാക്കിയ മോദിയുടെ ചിത്രം

തൃശൂർ: ഡിസംബർ 15ന് തൃശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സമ്മാനിക്കാനുള്ള അദ്ദേഹത്തിന്റെ വൈക്കോൽ ചിത്രം തയ്യാറാക്കി കാത്തിരിക്കുകയാണ് ശ്രീകുമാർ ആമ്പല്ലൂർ. വൈക്കോൽ ചിത്രം പ്രധാനമന്ത്രിയായ നാൾ മുതലുള്ള ആഗ്രഹം തൃശൂരിൽ പൂവണിയുമെന്നുള്ള പ്രതീക്ഷയിലാണ് ശ്രീകുമാർ.

ഒരു വർഷത്തിനകം മോദിയുടെ അഞ്ച് ചിത്രങ്ങളാണ് ശ്രീകുമാർ തയ്യാറാക്കിയിരിക്കുന്നത്. അതിലൊന്നാണ് പ്രധാനമന്ത്രിക്ക് സമ്മാനിക്കുവാൻ ഉദ്ദേശിക്കുന്നത്.
രണ്ടര അടി വലുപ്പമുള്ള ബ്ലാക്ക്‌ബോർഡിൽ ഫെവിക്കോൾ ഉപയോഗിച്ച് വൈക്കോലിന്റെ നിറഭേദങ്ങൾ ചേർത്തൊട്ടിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിജെപിയുടെ അളഗപ്പനഗർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും അപ്പോളൊ ടയേഴ്‌സിലെ ജീവനക്കാരനും ഗാനരചയിതാവുമാണ് ശ്രീകുമാർ.

ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷിന്റെ നിർദ്ദേശപ്രകാരമാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, മുൻ രാഷ്ട്രപതി എപിജെ അബ്ദുൾകലാം, ഗാനഗന്ധർവ്വൻ യേശുദാസ്, മാതാ അമൃതാനന്ദമയി തുടങ്ങി പ്രമുഖർക്ക് ശ്രീകുമാർ തന്റെ സൃഷ്ടികൾ നേരിട്ട് സമ്മാനിച്ചിട്ടുണ്ട്.

തൃശൂർ ആർട്ട് മ്യൂസിയത്തിൽ 15 വർഷമായി പ്രദർശിപ്പിച്ചുവരുന്ന 10 അടി വലുപ്പത്തിലുള്ള ക്രിസ്തുവിന്റെ തിരു അത്താഴം എന്ന വൈക്കോൽ ചിത്രം ശ്രീകുമാറിന്റേതാണ്. ഈർക്കിൽ കൊണ്ട് നിരവധി ശില്പങ്ങൾ തീർത്തിട്ടുള്ള ശ്രീകുമാർ രാജ്യത്തെ വിവിധ നഗരങ്ങളിൽ കലാപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.